- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെൺകുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ 'മലാല'; ഫുട്ബോൾ പെരുമയ്ക്ക 'പെലെ'; ജയചന്ദ്രനെ മാനക്കേടിൽ നിന്ന് രക്ഷിക്കാൻ 'സിദ്ധാർത്ഥിനെ' തേടിയെത്തിയവരെ കാട്ടിയത് എഡിസൺ പെലെയുടെ ഡിഎൻഎയും; നേതാവിന്റേതു കൊലച്ചതി; ഷിജുഖാനും സംശയ നിഴലിലേക്ക്
തിരുവനന്തപുരം: പേരൂർക്കടയിലെ ദത്തിൽ നടന്നതെല്ലാം കള്ളക്കളിയെന്ന് സൂചന. അനുപമയും അജിത്തും പരാതിയുമായി എത്തിയപ്പോൾ ദത്ത് നൽകിയത് അവരുടെ കുട്ടിയെ അല്ലെന്ന് പോലും വരുത്താൻ ശ്രമിച്ചു. മലാലയും പെലെയും പിന്നെ സിദ്ധാർത്ഥും.. ഈ മൂന്ന് കുട്ടികളെ വച്ചായിരുന്നു ഈ കള്ളക്കളികളെല്ലാം. ഇതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനമാണ് നടക്കുന്നത്. സംഭവത്തിന്റെ രത്‌നചുരുക്കവുമായി സോഷ്യൽ മീഡിയയിൽ കുറിപ്പും വൈറലാണ്.
'എഡ്‌സൺ പെലെ' എന്നു പേരിട്ടത് ഓക്ടോബർ 23ന് രാത്രിയിൽ ലഭിച്ച മറ്റൊരു കുട്ടിക്ക്.! അനുപമയുടെ കുഞ്ഞിന് സിദ്ധാർത്ഥ് എന്നു പേരിട്ട്, എല്ലാ നടപടികളും കുട്ടിയുടെ കാര്യവും രഹസ്യമായി വയ്ക്കുന്നു. അനുപമയുടെയും അജിത്തിന്റെയും പരാതി നിലനിൽക്കെത്തന്നെ സിദ്ധാർത്ഥിന്റെ എല്ലാ വിവരങ്ങളും അറിയുന്ന ഷിജുഖാനും സമിതിയും കുട്ടിയെ ആന്ധ്ര സ്വദേശികൾക്ക് ദത്ത് നൽകി. ഡിഎൻഎ പരിശോധന ആവശ്യപ്പെട്ടപ്പോൾ 'എഡ്‌സൺ പെലെയുടെ' റിസൽറ്റ് കാണിച്ച് കബളിപ്പിച്ചു മടക്കിയയക്കുന്നു-ഇതാണ് ആരോപണം.
അനുപമയേയും അജിത്തിനെയും നേരിട്ടറിയുന്ന അവരുടെ നേതാവ് കൂടിയാണ് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റംഗമായ ഷിജുഖാൻ. ബാലസംഘത്തിന്റെയും എസ് എഫ് ഐയുടേയും യുടെയും സംസ്ഥാന പ്രസിഡന്റായിരുന്നു. സത്യത്തിൽ ഇവനൊക്കെയുള്ള നാട്ടിൽ ജീവിക്കാൻ പേടി തോന്നുന്നില്ലേ? ഇങ്ങനെയാണ് ആ കുറിപ്പ് അവസാനിപ്പിക്കുന്നത്. വിഷയത്തിൽ വട്ടിയൂർക്കാവ് എംഎൽഎ പ്രശാന്തിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് വീണാ ജോർജ് കുറിപ്പിട്ടിരുന്നു. ഇതിന് താഴെയാണ് നിതിൻ കിഷോറിട്ട ഈ പോസ്റ്റും ചർച്ചയാക്കുന്നത്.
സോഷ്യൽ മീഡിയയിൽ വൈറലാകുന്ന കുറിപ്പ് ചുവടെ
2020 ഒക്ടോബർ 22 രാത്രി 12.30- ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി Dr.ഷിജുഖാന്റെ നിർദ്ദേശപ്രകാരം അനുപമയുടെ മാതാപിതാക്കളിൽ നിന്നും,കുഞ്ഞിനെ അമ്മത്തൊട്ടിലിന്റെ മുന്നിൽനിന്നും,ജീവനക്കാർ ഏറ്റുവാങ്ങുന്നു. രാത്രി 12.45- തൈക്കാട് ആശുപത്രിയിലെത്തിച്ച കുഞ്ഞ് 'പെൺകുട്ടി'യാണ് എന്ന് വ്യാജമായി രേഖപ്പെടുത്തുന്നു.(ഷിജുഖാന്റെ നിർദ്ദേശപ്രകാരമാണ് തിരിമറിയെന്ന് പരാതി)
ഓക്ടോബർ 23- പെൺകുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുക എന്ന സന്ദേശം ഉയർത്തിപ്പിടിക്കാൻ സമിതിക്ക് കൈമാറിക്കിട്ടിയ 'പെൺകുഞ്ഞിന്' മലാല എന്നു പേരിട്ടതായി ഷിജുഖാന്റെ പത്രക്കുറിപ്പ്.
എന്നാൽ,തൈക്കാട് ആശുപത്രിയിലെ ചില ജീവനക്കാർ സത്യം പുറത്തുവിട്ടതോടെ,അബദ്ധം പറ്റിയതാണെന്ന് പറഞ്ഞ് കുട്ടിക്ക് 'എഡ്‌സൺ പെലെ' എന്നു പേരിട്ടതായി അടുത്ത ദിവസം തിരുത്തിയ പത്രക്കുറിപ്പിറക്കുന്നു.
അടുത്ത ട്വിസ്റ്റ്- 'എഡ്‌സൺ പെലെ' എന്നു പേരിട്ടത് ഓക്ടോബർ 23ന് രാത്രിയിൽ ലഭിച്ച മറ്റൊരു കുട്ടിക്ക്.! അനുപമയുടെ കുഞ്ഞിന് സിദ്ധാർത്ഥ് എന്നു പേരിട്ട്, എല്ലാ നടപടികളും കുട്ടിയുടെ കാര്യവും രഹസ്യമായി വയ്ക്കുന്നു. അനുപമയുടെയും അജിത്തിന്റെയും പരാതി നിലനിൽക്കെത്തന്നെ സിദ്ധാർത്ഥിന്റെ എല്ലാ വിവരങ്ങളും അറിയുന്ന ഷിജുഖാനും സമിതിയും കുട്ടിയെ ആന്ധ്ര സ്വദേശികൾക്ക് ദത്ത് നൽകി. DNA പരിശോധന ആവശ്യപ്പെട്ടപ്പോൾ 'എഡ്‌സൺ പെലെയുടെ' റിസൽറ്റ് കാണിച്ച് കബളിപ്പിച്ചു മടക്കിയയക്കുന്നു. അനുപമയേയും അജിത്തിനെയും നേരിട്ടറിയുന്ന അവരുടെ നേതാവ് കൂടിയാണ് DYFl സംസ്ഥാന സെക്രട്ടറിയേറ്റംഗമായ ഷിജുഖാൻ. ബാലസംഘത്തിന്റെയും SFIയുടെയും സംസ്ഥാന പ്രസിഡന്റായിരുന്നു. സത്യത്തിൽ ഇവനൊക്കെയുള്ള നാട്ടിൽ ജീവിക്കാൻ പേടി തോന്നുന്നില്ലേ?
ഈ വിഷയത്തിലെ മറ്റൊരു പോസ്റ്റ് ഇങ്ങനെ
ലീഗലി ഡിവോഴ്‌സ് ചെയ്യാത്ത, എന്നാൽ സെപ്പറേറ്റഡ് ആയ ഒരു യുവാവുമായി ഒരു യുവതി പ്രണയത്തിലാകുന്നു.ഇരുവരും ഒരേ രാഷ്ട്രീയ പാർട്ടിയുടെ പ്രവർത്തകർ. യുവാവ് ദലിത് സമുദായാംഗം. യുവതി മുന്നാക്ക ജാതിയിൽപെട്ട ആൾ. എത്ര പുരോഗമനം പറയുമെങ്കിലും കേരളത്തിലെ സാഹചര്യത്തിൽ ആ പ്രണയത്തിന് യുവതിയുടെ കുടുംബം എതിര് നിൽക്കുക സ്വാഭാവികം.യുവതി ഗർഭിണിയായി.ഭീഷണി,സമ്മർദം എന്നിവ വിലപ്പോവാതായതോടെ, മലപ്പുറത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ പരിശോധനക്കെന്ന വ്യാജേന അബോർഷന് വിധേയമാക്കാൻ ശ്രമിക്കുന്നു.വിഫലമാകുന്നു. സഹോദരിയുടെ വിവാഹം നടക്കേണ്ടതിനാൽ പുറം ലോകത്ത് നിന്ന് മറച്ചു വെക്കുന്നു. പൂട്ടിയിടുന്നു.
ആരുമറിയാതെ,യുവതിയുടെ പ്രസവം ഒരു സ്വകാര്യ ആശുപത്രിയിൽ നടത്തുന്നു. പിതാവിന്റെ പേരിന് പകരം മറ്റാരുടെയോ പേര് നൽകുന്നു. സഹോദരിയുടെ വിവാഹം കഴിയുന്നത് വരെ കുഞ്ഞിനെ അമ്മയിൽ നിന്ന് മാറ്റി നിർത്തുന്ന എന്ന വ്യാജേന കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് കൈമാറുന്നു.അമ്മ വീട്ടിൽ തടങ്കലിലായിരുന്ന യുവതി രക്ഷപ്പെട്ട് തന്റെ പങ്കാളിയുടെ അടുക്കലെത്തുന്നു.ഇതിനിടെ ഡിവോഴ്‌സ് ചെയ്ത യുവാവും യുവതിയും ഒരുമിച്ച് ജീവിക്കുന്നു. 2020 ഒക്ടോബറിൽ പ്രസവിച്ച യുവതി മാർച്ചിലാണ് പുറം ലോകം കാണുന്നത്.അപ്പോൾ തന്നെ പാർട്ടി തലത്തിൽ പരാതി പറയുന്നു.ഫലം കാണാതായതോടെ,ഏപ്രിലിൽ പൊലീസിലും ശിശുക്ഷേമ സമിതിയിലും, സിഡബ്ല്യുസിയിലുമെല്ലാം പരാതി പറയുന്നു.എഫ്‌ഐആർ പോലും രജിസ്റ്റഡർ ചെയ്യാതെ പൊലീസ് കയ്യൊഴിയുന്നു.ശിശുക്ഷേമ സമിതിയും സിഡബ്യ്യുസിയും കൈമലർത്തുന്നു.
ഇരുവരും മാധ്യമങ്ങളിലൂടെ വിഷയം ഉന്നയിക്കുന്നു.കഴിഞ്ഞ ഒക്ടോബർ 19ന് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നു. കുഞ്ഞിനെ ജുഡീഷ്യൽ പ്രോസസിലൂടെ ശിശുക്ഷേമ സമിതിക്ക് കൈമാറിയെന്ന് യുവതിയുടെ പിതാവ് പറയുന്നു. കുഞ്ഞിനെ കാണാതായ ദിവസം ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിൽ ഒരു കുഞ്ഞിനെ ലഭിച്ചിരുന്നതായി ശിശുക്ഷേമ സമിതി പറയുന്നു. ശിശുക്ഷേമ സമിതിയുടെ ആവശ്യപ്രകാരം കുഞ്ഞിനെ അഡോപ്ഷന് കൈമാറിയെന്ന് സിഡബ്യുസി പറയുന്നു.
മാസങ്ങളായി കുഞ്ഞിനെ തേടി ശിശു ക്ഷേമ സമിതിയിലും സിഡബ്‌ള്യുസിയിലും കയിറങ്ങിയിട്ടും പരാതിപരിഗണിക്കാൻ പോലും തയ്യാറായിട്ടില്ലെന്ന് യുവതിയും യുവാവും പറയുന്നു.കുഞ്ഞ് ഈ രണ്ട് സർക്കാർ ഏജൻസികളുടെ കൈവശമുള്ളപ്പോൾ തന്നെയാണ് തങ്ങൾ കുഞ്ഞിനെ തേടി അവിടെയെത്തിയതെന്നാണ് അവർ പറയുന്നത്. ശിശുക്ഷേമ സമിതിയുടെ ഭാരവാഹികളെല്ലാം രാഷ്ട്രിയ നോമിനികളാണ്.രാഷ്ട്രീയ നിയമനം നിയമപരമായി തന്നെ പാടില്ലാത്ത ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ പക്ഷേ ഇപ്രാവശ്യം ഭരണകക്ഷിയുടെ ലോക്കൽ നേതാക്കളാണ് മുഴുവൻ.ഇവിടെ പ്രതിസ്ഥാനത്തുള്ള യുവതിയുടെ അച്ഛൻ ഭരണകക്ഷിയുടെ ഏരിയ കമ്മിറ്റിയംഗമാണ്.കുഞ്ഞിന്റെ മാതാപിതാക്കളും ആ പാർട്ടിയുടെ പ്രവർത്തകരാണ്.കുഞ്ഞിന്റെ അച്ഛനെ ഈ വിഷയങ്ങളെ തുടർന്ന് പാർട്ടി പുറത്താക്കിയിട്ടുണ്ട്.
കുട്ടികളുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കേണ്ട ഏജൻസികൾ മാഫിയാ സംഘങ്ങളേ പോലെ പെരുമാറിയിട്ടും,നഗ്‌നമായ മനുഷ്യാവകാശ ലംഘനവും ക്രിമിനൽ കുറ്റവും നടന്നിട്ടും ഒരു ഞെട്ടൽ പോലും സമൂഹത്തിലുണ്ടാവുന്നില്ല. പ്രതിപക്ഷംപോലും വിഷയം ഉന്നയിക്കുന്നില്ല.
ഫാഷിസം വരുന്നത് ഇങ്ങനെയൊക്കെയാണ്.
മറുനാടന് മലയാളി ബ്യൂറോ