- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ആൾമാറാട്ടത്തിൽ ഡിഗ്രി പരീക്ഷാ വിവാദം; തൊടുപുഴക്കാരൻ കോളേജ് അദ്ധ്യാപകന്റെ മകളെ സ്വന്തമാക്കിയ ഒളിച്ചോട്ടം; എസ് എഫ് ഐയിലേയും ഡിവൈഎഫ് ഐയിലേയും പഴയ വില്ലൻ മകൾക്കും ചതിയനായി; 'ജയചന്ദ്രൻ അപ്പൂപ്പന്റെ' കഥ
തിരുവനന്തപുരം: ''കഴിഞ്ഞ ഏപ്രിൽ മാസം മുതൽ കുഞ്ഞിന് വേണ്ടിയുള്ള അന്വേഷണത്തിലാണ്. പൊലീസിൽ നിന്ന് ഇതുവരെ പോസിറ്റിവായി പ്രതികരണം ലഭിച്ചിട്ടില്ല. അച്ഛനോട് വിധേയത്വമുള്ള രീതിയിലാണ് അവരുടെ സംസാരം. ശിശുക്ഷേമ വകുപ്പിനും ബന്ധപ്പെട്ട എല്ലായിടത്തും പരാതി നൽകിയിട്ടുണ്ട്. കുഞ്ഞിനെ തിരികെ ലഭിക്കുമെന്നാണ് വിശ്വാസം. കുഞ്ഞിനെ ദത്ത് പോയെന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്.' സ്വന്തം അച്ഛന്റെ ക്രൂരതയെകുറിച്ച് അനുപമ എസ് ചന്ദ്രൻ ഒരു മാസം മുമ്പ് പറഞ്ഞതാണ്. എന്നാൽ ഇന്ന് അനുപമയുടെ പോരാട്ടം വിജയിച്ചു. അവർ സ്വന്തം കുഞ്ഞിനെ വീണ്ടും കണ്ടു. അതും സ്വന്തം അച്ഛനെ തോൽപ്പിച്ച്. അങ്ങനെ വിദ്യാർത്ഥി-യുവജന നേതാവായിരുന്നപ്പോഴത്തെ പരാജയം പോലെ ജയചന്ദ്രൻ എന്ന മുത്തച്ഛനും മലയാളിക്ക് അപമാനമാകുകയാണ്.
ചോരക്കുഞ്ഞിനെ നിയമപരമായി അമ്മയിൽ നിന്ന് അകറ്റിയ അപാര ബുദ്ധിയാണ് പേരൂർക്കട ലോക്കൽ കമ്മിറ്റി അംഗം ജയചന്ദ്രന്റേത്. തെളിവുകൾ കൃത്രിമമായി സൃഷ്ടിച്ചുകൊണ്ടുള്ള ക്രൂരത. കമ്യൂണിസ്റ്റുകാരനായ ജയചന്ദ്രൻ നടത്തിയ ദുരഭിമാന പോരാട്ടത്തെയാണ് കോരിചൊരിയുന്ന മഴയത്തിരുന്ന അനുപമ ചോദിക്കുന്നത്. ഫെയ്സ് ബുക്കിൽ ജയചന്ദ്രൻ സദാശിവൻ എന്നൊരു പ്രൊഫൈലുണ്ട്. കമ്മ്യൂണിസ്റ്റ് വളർച്ചയ്ക്ക് ഏറെ സംഭാവനകൾ നൽകിയ വിപ്ലവ നേതാവിന്റെ മകൻ. സിപിഎമ്മിന്റെ സംസ്ഥാന സമിതിയിൽ വരെ എത്തിയ സിഐടിയു നേതാവായിരുന്നു പേരൂർക്കട സദാശിവൻ. വി എസ് അച്യുതാനന്ദന്റെ അതിവിശ്വസ്തൻ. ഈ കമ്മ്യൂണിസ്റ്റ് സിംഹത്തിന്റെ മകനാണ് ജയചന്ദ്രൻ.
എൺപതുകളുടെ തുടക്കത്തിൽ തലസ്ഥാനത്തെ എസ്എഫ്ഐയുടെ പ്രധാനി. മന്ത്രി വി ശിവൻകുട്ടിയുടെ സമകാലികൻ. എംഎൽഎയും മന്ത്രിയും ആകുമെന്ന് ഏവരും വിധിയെഴുതിയ ജയചന്ദ്രന് യൂണിവേഴ്സിറ്റി കോളേജിലെ പഠനത്തിനിടെ തന്നെ അടിതെറ്റി. അങ്ങനെയാണ് 2021ലും സിപിഎമ്മിലെ ലോക്കൽ കമ്മറ്റി അംഗമായി ഒതുങ്ങേണ്ടി വന്നത്. എങ്കിലും പേരൂർക്കടയിലെ പാർട്ടിയെ നയിക്കുന്നത് ജയചന്ദ്രൻ തന്നെയാണെന്നതാണ് വസ്തുത. അതുകൊണ്ടാണ് ചോരക്കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ പരാതിയിൽ പൊലീസ് തുടക്കത്തിൽ കേസെടുക്കാതെ ഒളിച്ചു കളിച്ചതും. മറുനാടൻ അടക്കം നിരന്തരം വാർത്തകൾ നൽകിയതോടെ അനുപമയ്ക്ക് നീതി കിട്ടി. ഒപ്പം അജിത്തിനും.
യൂണിവേഴ്സിറ്റി കോളേജിലെ പഠനത്തിനിടെയാണ് ജയചന്ദ്രൻ ആദ്യമായി വാർത്തകളിൽ നിറഞ്ഞത്. പേരൂർക്കട സദാശിവന്റെ മകൻ എന്ന ബാനറിൽ പഠനത്തിന് എത്തിയ ജയചന്ദ്രൻ അക്കാലത്ത് യൂണിവേഴ്സിറ്റിയിലെ എസ്എഫ്ഐയുടെ മുഖമായിരുന്നു. വി ശിവൻകുട്ടിയോളം തലയെടുപ്പുള്ള നേതാവ്. മുമ്പ് ആറ്റിങ്ങലിൽ എംഎൽഎയായിരുന്ന ബി സത്യനായിരുന്നു അന്നത്തെ മറ്റൊരു പ്രധാന എസ്എഫ്ഐ മുഖം. ഇവരിൽ കുടുംബ പശ്ചാത്തലം ജയചന്ദ്രന് അനുകൂലമായിരുന്നു. അന്ന് തിരുവനന്തപുരത്തെ സിപിഎമ്മിലെ അവസാന വാക്ക് കാട്ടായിക്കോണം ശ്രീധരനായിരുന്നു. പേരൂർക്കടയുടെ മകനോട് കാട്ടായിക്കോണത്തിന് വല്ലാത്ത താൽപ്പര്യവും ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ കുടുംബ പശ്ചാത്തലത്തിൽ കെട്ടിയിറക്കിയ നേതാവിന് മുമ്പോട്ട് രാഷ്ട്രീയ കുതിപ്പുണ്ടാകുമെന്ന് ഏവരും കരുതി. പക്ഷേ അപ്രതീക്ഷിത ട്വിസ്റ്റ് ആ രാഷ്ട്രീയകഥയിൽ എത്തി. അങ്ങനെ ജയചന്ദ്രൻ എസ്എഫ്ഐയിൽ നിന്ന് പുറത്തായി എന്നതാണ് വസ്തുത.
ആൾമാറാട്ടത്തിന് പിന്നിൽ ചതിയോ?
മകളുടെ ചോരക്കുഞ്ഞിനെ ബലപ്രയോഗത്തിലൂടെ തട്ടിയെടുത്തുവെന്നതാണ് ജയചന്ദ്രൻ ഇപ്പോൾ നേരിടുന്ന കേസ്. എന്നാൽ എൺപതുകളിൽ അൾമാറാട്ട കുറ്റമാണ് ജയചന്ദ്രനെ കുടുക്കിയത്. യൂണിവേഴ്സിറ്റി പരീക്ഷ മറ്റൊരാളെ കൊണ്ട് ജയചന്ദ്രൻ എഴുതിച്ചുവെന്നതായിരുന്നു ആരോപണം. യൂണിവേഴ്സിറ്റിയുടെ ഡീബാർ നേരിടേണ്ടി വന്നു ജയചന്ദ്രൻ. എന്നാൽ ഈ കേസിൽ താൻ നിരപരാധിയാണെന്നാണ് ജയചന്ദ്രൻ അന്ന് പറഞ്ഞിരുന്നത്. പാർട്ടി വിഭാഗീയതയുടെ ഇരയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. പക്ഷേ ഈ കേസ് യൂണിവേഴ്സിറ്റിയുടെ പരീക്ഷാ മനാദണ്ഡങ്ങളെ പോലും മാറ്റി മറിച്ചു. ആൾമാറാട്ടത്തിനുള്ള സാധ്യതകൾ അടയ്ക്കാനുള്ള ആദ്യ സ്റ്റെപ്പ് ഈ കേസുണ്ടാക്കി.
അക്കാലത്ത് ഹാൾടിക്കറ്റിൽ പരീക്ഷാർത്ഥിയുടെ ഫോട്ടോ ഉണ്ടാകുമായിരുന്നില്ല. ഈ പഴുതുപയോഗിച്ച് മറ്റൊരാൾ പരീക്ഷ എഴുതിയെന്നാണ് ആരോപണം. ഇതോടെ കൂടുതൽ കരുതൽ എടുക്കാൻ സർവ്വകലാശാലകൾ തയ്യാറായി. അങ്ങനെ ജയചന്ദ്രൻ കേസിന് ശേഷം ഹാൾടിക്കറ്റിൽ വിദ്യാർത്ഥികളുടെ ഫോട്ടോയും എത്തി. ഫോട്ടോ ഒത്തു നോക്കി പരീക്ഷ എഴുതിക്കുന്ന സംവിധാനത്തിലേക്ക് സർവ്വകലാശാലകൾ മാറി. അങ്ങനെ ജയചന്ദ്രൻ കേസ് വലിയ ചർച്ചയായി. പരീക്ഷ എഴുത്തിലെ പുതിയ കള്ളത്തരങ്ങൾ പിന്നീടും കേരളീയ സമൂഹത്തിൽ പലതരത്തിൽ ചർച്ചകളും മാറ്റങ്ങളും കൊണ്ടു വന്നു. പക്ഷേ അതിന്റെ തുടക്കം ജയചന്ദ്രനിൽ നിന്നായിരുന്നു.
എന്നാൽ ഈ കേസിൽ ജയചന്ദ്രനെ കുടുക്കിയതാണെന്ന വാദവും ശക്തമാണ്. പ്രധാന വിദ്യാർത്ഥി നേതാവ് തന്നോട് പക തീർത്തുവെന്ന് ജയചന്ദ്രൻ കൂട്ടുകാരിൽ ചിലരോട് പറഞ്ഞിരുന്നു. പേരൂർക്കട സദാശിവൻ എന്ന അച്ഛന്റെ ലേബലിൽ ജയചന്ദ്രൻ ഉയരങ്ങൾ കീഴടക്കും എന്ന ഭയമാണത്രേ ഇതിന് കാരണം. അങ്ങനെ പരീക്ഷാ ആൾമാറാട്ട കേസിൽ എസ്എഫ്ഐയിൽ ജയചന്ദ്രനെ തകർക്കുകയായിരുന്നു എന്ന കഥയും പ്രചരിച്ചിരുന്നു. ഇതിലെ ശരിപക്ഷം ഏതായാലും ഈ കേസോടെ പാർട്ടിയിൽ അധികാര കേന്ദ്രങ്ങളിൽ എത്താനുള്ള ജയചന്ദ്രന്റെ ശ്രമം തകർന്നുവെന്നതാണ് വസ്തുത.
അമ്പലമുക്കിനെ വിറപ്പിച്ച പ്രണയം
വിവാഹിതനായ ദളിത് ക്രൈസ്തവനുമായുള്ള മകളുടെ പ്രണയം അംഗീകരിക്കാൻ കഴിയാത്ത അച്ഛനാണ് 2021ൽ ജയചന്ദ്രൻ. എന്നാൽ ഏതാണ്ട് 25 കൊല്ലം മുമ്പുള്ള ജയചന്ദ്രന് പറയാനുള്ളത് പ്രണയത്തിന് വേണ്ടി വീറോടെ പൊരുതിയ കഥയാണ്. തൊടുപുഴയിൽ നിന്ന് പേരൂർക്കടയിൽ എത്തിയ കോളേജ് അദ്ധ്യാപകന്റെ കുടുംബം. ഒരു മകളും രണ്ട് ആൺകുട്ടികളും. എല്ലാവരും പഠനത്തിൽ മിടുക്കർ. തലസ്ഥാനത്തെ കോളേജിലെ അദ്ധ്യാപകനായിരുന്നു അച്ഛൻ. ഈ കുടുംബത്തിലെ കുട്ടിയെയാണ് പ്രണയത്തിൽ ജയചന്ദ്രൻ ജീവിത പങ്കാളിയാക്കിയത്.
പേരൂർക്കട അമ്പലമുക്കിലുള്ളവർക്കെല്ലാം ഈ പ്രണയത്തെ കുറിച്ച് അറിയാം. ജയചന്ദ്രന്റെ ഭാര്യയുടെ അച്ഛൻ ഈയിടെ മരിച്ചു. അമ്മ തൊടുപുഴയിലുണ്ട്. അങ്ങനെ ക്രൈസ്തവ യുവതിയെ വിപ്ലവ വഴയിൽ ജീവിത സഖിയാക്കിയ ജയചന്ദ്രനാണ് മകളുടെ പ്രണയത്തിൽ ദുരഭിമാനം കണ്ടത്. മകന്റെ പ്രണയത്തെ അന്ന് പേരൂർക്കട സദാശിവൻ എതിർത്തിരുന്നില്ല. അവരുടെ ഇഷ്ടമാണ് എന്റെ ഇഷ്ടമെന്ന നിലപാടാണ് സ്വീകരിച്ചത്. പക്ഷേ പെരിങ്ങമല ഇക്ബാൽ കോളേജിലെ അദ്ധ്യാപകനായ സ്മിതയുടെ അച്ഛന് ജയചന്ദ്രനെ അങ്ങനെ ഉൾക്കൊള്ളാനായിരുന്നില്ല. ജോലിയും കൂലിയും ഇല്ലാത്ത മകൻ തന്റെ മകളെ എങ്ങനെ നോക്കുമെന്ന് അദ്ദേഹം ആശങ്കപ്പെട്ടിരുന്നു.
സ്മിതയേയും കൊണ്ട് ഒളിച്ചോടുകയായിരുന്നു ജയചന്ദ്രൻ. അത് പാർട്ടിക്ക് പക്ഷേ പിടിച്ചില്ല. ഡിവൈഎഫ്ഐ ജയചന്ദ്രനെതിരെ നടപടി എടുത്തു. ഒളിച്ചോട്ടം പാർട്ടി സഖാവിന് ചേർന്നതല്ലെന്ന് വിധിയെഴുതുകയും ചെയ്തു. പേരൂർക്കട സദാശിവന്റെ രാഷ്ട്രീയ പിൻഗാമിയായി മകൻ എത്തില്ലെന്ന് ഉറപ്പായപ്പോൾ ജയചന്ദ്രന്റെ അമ്മയും രാഷ്ട്രീയത്തിൽ സജീവമായിരുന്നു. തിരുവനന്തപുരം മേയറായി പോലും അവരെ പരിഗണിച്ചിരുന്നു. എന്നാൽ അവസാന നിമിഷം അന്നത്തെ പാർട്ടിയിലെ വിമതർ പേരൂർക്കടയുടെ മോഹത്തെ വെട്ടി.
2010ലാണ് പേരൂർക്കട സദാശിവൻ മരിച്ചത്. അതിന് ശേഷം പേരൂർക്കടയിലെ പാർട്ടി ജയചന്ദ്രന്റേതായി. പ്രാദേശികമായി സിപിഎം തീരുമാനമെല്ലാം ലോക്കൽ കമ്മറ്റി അംഗമായ ജയചന്ദ്രൻ തന്നെ എടുത്തു. ഇളയ മകളെ രാഷ്ട്രീയത്തിൽ വളർത്തണമെന്നതായിരുന്നു ആഗ്രഹം. ഇതിനിടെയാണ് പ്രണയവും നൂലാമാലകളും എത്തുന്നത്. മൂത്തമകളുടെ വിവാഹം നല്ലരീതിയിൽ നടത്തുകയെന്നതായിരുന്നു ജയചന്ദ്രന്റെ മനസ്സിലെ ലക്ഷ്യം. അതുകൊണ്ട് തന്നെ രണ്ടാം മകളുടെ ചോരക്കുഞ്ഞിനോട് ക്രൂരത കാട്ടി. ഇതിനെ പാർട്ടിയും മൗനമായി പിന്തുണച്ചു.
കുഞ്ഞിനെ തട്ടിയെടുക്കൽ കേസ് ഇങ്ങനെ
ഈ വർഷം ഏപ്രിൽ 19 നാണ് കുഞ്ഞിനെ അച്ഛനും അമ്മയും എടുത്തുകൊണ്ടുപോയെന്ന് കാണിച്ച് അനുപമ പേരൂർക്കട പൊലീസിൽ പരാതി നൽകിയത്. പക്ഷേ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ പൊലീസ് തയ്യാറായില്ല. കുഞ്ഞിനെ സംരക്ഷിക്കാമെന്ന് പറഞ്ഞ് എടുത്തുകൊണ്ടുപോയിട്ടും ഇതുവരെയും തിരിച്ച് നൽകിയില്ലെന്ന വാർത്ത ചർച്ചയായതോടെ ജയചന്ദ്രൻ വിവാദത്തിലായി. അനുപമയുടെ സമ്മതത്തോടെ കുട്ടിയെ ശിശുക്ഷേമ സമിതിയിൽ ഏൽപിച്ചുവെന്നാണ് അനുപമയുടെ അച്ഛൻ പറഞ്ഞത്.
2020 ഒക്ടോബർ 19 ന് ആണ് അനുപമ ആൺകുഞ്ഞിന് ജന്മം നൽകിയത്. സഹോദരിയുടെ വിവാഹം കഴിഞ്ഞ് കുട്ടിയെ തിരിച്ചേൽപിക്കാം എന്ന് പറഞ്ഞ് അച്ഛനും അമ്മയും കൊണ്ടുപോവുകയായിരുന്നുവെന്നാണ് അനുപമയുടെ പരാതി. ചേച്ചിയുടെ വിവാഹം കഴിഞ്ഞപ്പോഴാണ് ചതി മനസ്സിലായത്. ഇതോടെ ആദ്യം പാർട്ടിയുടെ വാതിൽ മുട്ടി. പിന്നീട് പൊലീസിന്റേയും. ആരും കതകു മാത്രം തുറന്നില്ല. ദുരഭിമാനത്തെ തുടർന്നാണ് രക്ഷിതാക്കൾ കുഞ്ഞിനെ കൊണ്ടുപോയതെന്നാണ് അനുപമയുടെ ആരോപണം. പരാതി അന്വേഷിക്കാതെ പൊലീസും, പരാതി സ്വീകരിക്കാനാവില്ലെന്ന് പറഞ്ഞ് സിഡബ്ല്യൂസിയും നേരത്തെ അനുപമയെ കൈയൊഴിഞ്ഞിരുന്നു.
പ്രസവിച്ച് മൂന്നാം ദിവസം രക്ഷിതാക്കൾ കൊണ്ടുപോയ കുഞ്ഞ് എവിടെയാണെന്ന് അനുപമയെ ആരും അറിയിച്ചില്ല. സഹോദരിയുടെ വിവാഹം കഴിഞ്ഞ് രണ്ട് മാസം കഴിഞ്ഞിട്ടും കുട്ടിയെ കിട്ടില്ലെന്നായപ്പോൾ അനുപമ വീടുവിട്ടിറങ്ങി. കുട്ടിയുടെ അച്ഛനായ അജിത്തിനൊപ്പം താമസം തുടങ്ങി. പിന്നീട് പരാതി കൊടുത്തു. കുഞ്ഞിനെ ഉപേക്ഷിച്ചോ ഇല്ലയോ എന്നന്വേഷിക്കാൻ പോലും പൊലീസ് ഇതുവരെ തയ്യാറായിരുന്നില്ല. എസ്എസ്എൽസി ബുക്കും തിരിച്ചറിയൽ രേഖകളും അടക്കമുള്ള സർട്ടിഫിക്കറ്റുകൾ വിട്ടുകിട്ടണമെന്ന് ഏപ്രിൽ 15 ന് പേരൂർക്കട പൊലീസിൽ കൊടുത്ത പരാതി പോലും അവഗണിച്ചു.
ഡിജിപിയും മുഖ്യമന്ത്രിയും സിപിഎമ്മിന്റെ നേതാക്കളും എല്ലാം കൈവിട്ട അനുപമയുടെ പരാതി, സിഡബ്ലൂസിയും തള്ളിയോടെ മാധ്യമങ്ങൾ ഏറ്റെടുത്തു. ഒരു നിയമപ്രാബല്യവുമില്ലാത്ത രേഖകളുണ്ടാക്കി കുട്ടിയെ ശിശുക്ഷേമ സമിതിക്ക് കൈമാറിയെന്ന് അനുപമയുടെ അച്ഛൻ പരസ്യമായി പറഞ്ഞിട്ടും കേസെടുക്കാത്തതും ഏവരേയും അമ്പരപ്പിച്ചിരുന്നു. ഒടുവിൽ അമ്മ തൊട്ടിലിൽ നിന്നൊരു കുട്ടിയെ കിട്ടിയെന്ന് ശിശുക്ഷേമ സമിതി സമ്മതിച്ചു. ആ കുട്ടിയെ നാട്ടിലേക്ക് എത്തിച്ച് ഡിഎൻഎ പരിശോധന. ആ പരിശോധന തോൽപ്പിച്ചത് ആൾമാറാട്ടത്തിലൂടെ വിദ്യാഭ്യാസ യോഗ്യതയുണ്ടാക്കി സമൂഹത്തെ കബളിപ്പിക്കാൻ ശ്രമിച്ച അച്ഛൻ ജയചന്ദ്രനെയാണ്.
മറുനാടന് മലയാളി ബ്യൂറോ