- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനുഭവങ്ങളുടെ വെളിച്ചത്തിൽ ഡിഎൻഎ പരിശോധനയിൽ അവസാന നിമിഷവും അട്ടിമറി സംശയിച്ചു അനുപമ; ഇന്നു വൈകിട്ടോ നാളെയോ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കു പരിശോധനാ റിപ്പോർട്ടു കൈമാറും; കുഞ്ഞിനെ ദത്തു നൽകിയ കേസ് അതിനിർണായക ഘട്ടത്തിൽ
തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്തു നൽകിയ കേസ് അതിനിർണായക ഘട്ടത്തിൽ. ഡിഎൻഎ പരിശോധനാ ഫലം ഇന്നോ നാളെയെ പുറത്തുവരുന്നതോടെ കേസിലെ കാര്യങ്ങൾ കൂടുതൽ വ്യക്തമാകും. മാതാപിതാക്കളെന്ന് അവകാശവാദമുന്നയിച്ച അനുപമ എസ്.ചന്ദ്രൻ, അജിത് കുമാർ എന്നിവരുടെ ഡിഎൻഎ പരിശോധനയ്ക്കായി സാംപിൾ ശേഖരിച്ചു. പരിശോധനാ ഫലം ഇന്നു വൈകിട്ടോ നാളെയോ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കു കൈമാറും. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയിലാണു പരിശോധന നടത്തുന്നത്.
അതേസമയം തന്റെ അനുഭവങ്ങളുടെ വെളിച്ചത്തിൽ ഇനിയും അട്ടിമറികൾ ഉണ്ടാകുമെന്ന ഭയപ്പാടിലാണ് അനുപമ. അതുകൊണ്ട് തന്നെയാണ് അവർ ഡിഎൻഎ സാമ്പിൾ ശേഖരിക്കുന്നതിൽ സംശയം രേഖപ്പെടുത്തി രംഗത്തുവന്നതും. അതേസമയം, തന്റെയും കുഞ്ഞിന്റെയും സാംപിളുകൾ വെവ്വേറെ എടുത്തതിലും കുറ്റാരോപിതരെത്തന്നെ കുഞ്ഞിന്റെ പരിപാലന മേൽനോട്ടം ഏൽപിച്ചതിലും തിരിമറി സംശയിക്കുന്നതായി അനുപമ ആരോപിച്ചു. ഇതു നിഷേധിച്ച മന്ത്രി വീണാ ജോർജ്, സുതാര്യത ഉറപ്പാക്കാൻ ഡിഎൻഎ സാംപിൾ എടുക്കുന്ന ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടെന്നു വ്യക്തമാക്കി.
ആന്ധ്രയിൽ നിന്നു ഞായറാഴ്ച രാത്രിയോടെ തലസ്ഥാനത്തെത്തിച്ച കുഞ്ഞിന്റെ ഡിഎൻഎ സാംപിളാണ് ആദ്യമെടുത്തത്. കുഞ്ഞിനെ ഏൽപിച്ചിരിക്കുന്ന കുന്നുകുഴിയിലെ നിർമല ശിശുഭവനിലെത്തിയാണു ചൈൽഡ് വെൽഫെയർ കമ്മിറ്റി അധികൃതരുടെ സാന്നിധ്യത്തിൽ രാജീവ്ഗാന്ധി സെന്റർ ഉദ്യോഗസ്ഥർ സാംപിളെടുത്തത്. സെന്ററിൽ എത്താൽ അനുപമയോടും അജിത്തിനോടും തുടർന്നു ഫോണിൽ അറിയിച്ചു. ഇവർ ഉച്ചയ്ക്കു ശേഷം അവിടെ ചെന്നു സാംപിൾ നൽകി.
വനിതശിശുവികസന വകുപ്പ് കുടുംബക്കോടതിയിൽ ആവശ്യപ്പെട്ടതു പ്രകാരമാണു ഡിഎൻഎ പരിശോധന. രാജീവ്ഗാന്ധി സെന്ററിൽ നിന്നു കൈമാറുന്ന പരിശോധനാ ഫലം സിഡബ്ല്യുസി കോടതിക്കു കൈമാറും. 30 നാണ് കോടതി കേസ് പരിഗണിക്കുന്നത്. വനിതശിശുവികസന ഡയറക്ടർ നടത്തുന്ന അന്വേഷണത്തിന്റെ അന്തിമ റിപ്പോർട്ടും അതിനു മുൻപു കോടതിക്കു കൈമാറും.
അതിനിടെ ശിശുക്ഷേമ സമിതിക്കെതിരെയുള്ള പ്രചാരണം അവാസ്തവമെന്ന് ജനറൽ സെക്രട്ടറി ജെഎസ് ഷിജുഖാൻ വിശദീകരിച്ചു രംഗത്തുവന്നു. പൊതുജന മധ്യത്തിൽ അപമാനിക്കാനാണ് ശ്രമം നടക്കുന്നതെന്ന് ആരോപിച്ച അദ്ദേഹം ശിശുക്ഷേമ സമിതിയെ തകർക്കാനുള്ള കുപ്രചരണം തള്ളിക്കളയണമെന്നും ആവശ്യപ്പെട്ടു.
സംസ്ഥാന സർക്കാർ 2017 ഡിസംബർ 20 ന് അനുവദിച്ച രജിസ്‌ട്രേഷന് 2022 ഡിസംബർ വരെ കാലാവധിയുണ്ട്. ജുവനൈൽ ജസ്റ്റിസ് ആക്ട് 2015 സെക്ഷൻ 41 പ്രകാരമാണ് സമിതി പ്രവർത്തിക്കുന്നത്. സി ഡബ്ല്യു സി ഉത്തരവ് പ്രകാരമാണ് അനാഥരും ഉപേക്ഷിക്കപ്പെട്ടവരുമായ കുഞ്ഞുങ്ങളെ സമിതി പരിപാലിക്കുന്നത്. ദേശീയ അന്തർദേശീയ തലത്തിൽ അംഗീകരിക്കപ്പെട്ട കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിച്ചാണ് സമിതി പ്രവർത്തിക്കുന്നത്. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളിലൂടെ സമിതിയെ തള്ളിക്കളയാനാണ് ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ലൈസൻസുമായി ബന്ധപ്പെട്ട വിശദീകരണമാണ് ഷിജൂഖാൻ നൽകിയത്. ദത്ത് വിവാദത്തിൽ അനുപമയോ പങ്കാളിയോ ഉന്നയിച്ച ആരോപണങ്ങളിൽ ഷിജൂഖാൻ മറുപടി പറഞ്ഞിട്ടില്ല. ഇവരെ കുറിച്ച് വാർത്താക്കുറിപ്പിൽ ഒരിടത്തും പരാമർശിച്ചിട്ടില്ല. മറിച്ച് ശിശുക്ഷേമ സമിതിയുടെ പ്രവർത്തനം സുതാര്യമാണെന്ന് അവകാശപ്പെടുന്നതാണ് വിശദീകരണ കുറിപ്പ്.
മറുനാടന് മലയാളി ബ്യൂറോ