തിരുവനന്തപുരം: ദത്ത് നൽകൽ വിവാദത്തിൽ കുറ്റാരോപിതരായ ശിശുക്ഷേമ സമിതിയെ കുഞ്ഞിനെ തിരിച്ചുകൊണ്ടുവരാൻ ഏൽപിച്ചതിൽ ഉത്കണ്ഠയുണ്ടെന്ന് കേസിൽ പരാതിക്കാരിയായ അനുപമ എസ് ചന്ദ്രൻ. മതിയായ സംരക്ഷണം നൽകി കുഞ്ഞിനെ തിരിച്ചുകൊണ്ടുവരണം.

പൊലീസും ചൈൽഡ് വെൽഫയർ കമ്മിറ്റിയും ശിശുക്ഷേമ സമിതിയും തന്നോട് നീതികേട് കാണിച്ചെന്നും അനുപമ പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ബാലാവകാശ കമ്മീഷനും വനിതാ ശിശുവികസന ഡയറക്ടർക്കും പരാതി നൽകാനുള്ള തീരുമാനത്തിലാണ് അനുപമ.

കുഞ്ഞിനെ കേരളത്തിലേക്കു തിരികെ കൊണ്ടുവരാൻ ശിശുക്ഷേമ സമിതി ഉത്തരവിട്ടതിൽ ഒരുപാട് സന്തോഷമുണ്ട്. കുഞ്ഞിനെ കിട്ടാൻ ഏറെനാളായി കാത്തിരിക്കുകയാണ്. ഈ മാസമോ അടുത്ത മാസമോ കുഞ്ഞിനെ കിട്ടുമെന്നാണ് പ്രതീക്ഷ. ദത്ത് നടപടിക്രമങ്ങളിലെ വീഴ്ചകൾക്കെതിരായ നിയമപോരാട്ടം തുടരുമെന്നും ശിശുക്ഷേമ സമിതിയിൽനിന്ന് ഉത്തരവ് കൈപ്പറ്റിയ ശേഷം അനുപമ പറഞ്ഞു.

തന്റെ ആവശ്യങ്ങളിൽ ഒന്ന് മാത്രമാണ് അംഗീകരിച്ചതെന്നും സമരം തുടരുമെന്നും അവർ വ്യക്തമാക്കി. അഞ്ച് ദിവസത്തിനകം കുഞ്ഞിനെ കേരളത്തിലെത്തിച്ച് ഡിഎൻഎ പരിശോധന നടത്തുമെന്നാണ് അറിയുന്നത്. പരിശോധന നടത്തും വരെ കുഞ്ഞിന്റെ ഉത്തരവാദിത്തം ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസർക്കാണ്. സർക്കാരിന്റെ കീഴിലുള്ള സ്ഥലത്ത് കുഞ്ഞിനെ പാർപ്പിക്കുമെന്നാണ് അറിയുന്നതെന്നും അനുപമ വ്യക്തമാക്കി.

അനുപമയുടെ പരാതി: ഞാൻ അനുപമ എസ് ചന്ദ്രൻ. കുഞ്ഞിനെ അന്വേഷിച്ചു സമരം ചെയ്യുന്ന അമ്മയാണ്. വിവിധ ശിശു സംരക്ഷണ സ്ഥാപനങ്ങൾ, പൊലീസ് അടക്കം എന്നോട് നീതികേടാണ് കാണിച്ചത്. ഇന്നലെ ചൈൽഡ് വെൽഫയർ കമ്മറ്റി(CWC) എന്റെ കുഞ്ഞിനെ തിരിച്ചു കൊണ്ട് വരാൻ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ കുറ്റാരോപിതരായ ശിശുക്ഷേമ സമിതിയെയാണ് ഈ ഉത്തരവാദിത്വം ഏല്പിച്ചിട്ടുള്ളത്. ഇതിൽ എനിക്ക് അതിയായ ഉത്കണ്ഠ ഉണ്ട്. എന്നാൽ കുഞ്ഞിന്റെ സുരക്ഷ പരിഗണിച്ച് മതിയായ സംരക്ഷണം നൽകി ശിശു സൗഹാർദമായ രീതിയിൽ എന്റെ കുഞ്ഞിനെ തിരിച്ചു കൊണ്ടു വരാൻ സാഹചര്യം ഒരുക്കണമെന്ന് അപേക്ഷിക്കുന്നു.

ഏറെ നാളത്തെ അനിശ്ചിതത്വത്തിനൊടുവിലാണ് അനുപമയുടെ കുഞ്ഞിനെ തിരിച്ചെത്തിക്കാനുള്ള ഒരുക്കം. അഞ്ച് ദിവസത്തിനകം തിരിച്ചെത്തിച്ച് എത്രയും പെട്ടെന്ന് ഡിഎൻഎ പരിശോധന നടത്തണമെന്ന ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ ഉത്തരവ് അനുപമയ്ക്ക് കൈമാറിയിരുന്നു.

അഞ്ച് ദിവസത്തിനകം കുഞ്ഞിനെ ഹാജരാക്കാനാണ് ശിശുക്ഷേമ സമിതിക്ക് നൽകിയ ഉത്തരവ്. കുഞ്ഞിനെ തിരുവനന്തപുരത്ത് എത്തിക്കാൻ ഡിവൈഎസ്‌പി തലത്തിലുള്ള ഉദ്യോഗസ്ഥൻ അനുഗമിക്കണം. കുഞ്ഞിനെ നാട്ടിലെത്തിച്ചയുടൻ ഡിഎൻഎ പരിശോധന നടത്തണം. ഇതിനായി കുഞ്ഞിന്റെയും അനുപമയുടെയും അജിത്തിന്റെയും സാമ്പിളുകൾ എടുക്കണം. ഡിഎൻഎ പരിശോധന തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്‌നോളജിയിൽ നടത്തണം.

പരിശോധനാ ഫലം ചൈൽഡ് വെൽഫയർ കമ്മിറ്റിയെ അറിയിക്കണം. ഡിഎൻഎ പരിശോധന ഫലം വരും വരെ തിരുവനന്തപുരം ജില്ലാ ശിശു സംരക്ഷണ ഓഫീസറുടെ സംരക്ഷണയിലായിരിക്കണമെന്നും അനുപമയ്ക്ക് കിട്ടിയ ഉത്തരവിൽ പറയുന്നു. ഉത്തരവ് വരുമ്പോൾ അനുപമ ശിശുക്ഷേമ സമിതിക്ക് മുന്നിൽ സമരം തുടരുകയായിരുന്നു. കുഞ്ഞിനെ നാട്ടിലെത്തിക്കാനുള്ള തീരുമാനമായെങ്കിലും സമരം നിർത്തുന്നില്ല. ശിശുക്ഷേസമിതി ജനറൽ സെക്രട്ടറി ഷിജുഖാനെയും ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർപേഴ്‌സൺ അഡ്വ. എൻ സുനന്ദയെയും മാറ്റി നിർത്തുംവരെ സമരം തുടരാനാണ് അനുപമയുടെ തീരുമാനം..

ഒക്ടോബർ 14 ന് മാധ്യമങ്ങളിൽ വാർത്ത വന്നതോടെയാണ് കുഞ്ഞിനെ അമ്മ അറിയാതെ ദത്ത് നൽകിയ സംഭവം പുറത്തെത്തിയത്. പൊലീസിന്റെയും ചെൽഡ് വെൽഫയർ കമ്മിറ്റിയുടെയും ശിശുക്ഷേമ സമിതിയുടെയും വീഴ്ചകൾ ഒന്നൊന്നായി തെളിവ് സഹിതംതുടർവാർത്തകൾ വന്നതോടെയാണ് സർക്കാർ വിഷയത്തിൽ ഇടപെട്ടത്.

ദത്ത് നടപടികൾ നിർത്തിവെക്കാനായിരുന്നു സർക്കാരിന്റെ ആദ്യ ഇടപെടൽ. അനുപമയുടെ പരാതിയെ ഗൗനിക്കാതിരുന്ന ചൈൽഡ് വെൽഫയർ കമ്മിറ്റി തന്നെ ഒടുവിൽ കുഞ്ഞിനെ അഞ്ച് ദിവസത്തിനകം നാട്ടിലെത്തിക്കാനുള്ള ഉത്തരവും പുറത്തിറക്കുന്നു. കുഞ്ഞിനായി ഒരമ്മ നടത്തുന്ന സമാനതകളില്ലാത്ത സമരം വിജയിക്കുന്നു എന്നതിന്റെ സൂചന കൂടിയാണ് ഉത്തരവ്.

അനുപമക്ക് കുഞ്ഞിനെ തിരികെ ലഭിക്കുന്നതിൽ സന്തോഷമെന്ന് സിപിഐ നേതാവ് ആനി രാജ പ്രതികരിച്ചു. ഒരു സ്ഥാപനം എടുത്ത നടപടിയിൽ തെറ്റുണ്ടെങ്കിൽ അത് തിരുത്തുന്നത് നല്ലതാണ്. ഇത്തരം വീഴ്ചകൾ ഇനിയും സംഭവിക്കാൻ പാടില്ലെന്നും ആനി രാജ പ്രതികരിച്ചു.