കൊച്ചി: പ്രേമം എന്ന ഒറ്റചിത്രം കൊണ്ട് തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അനുപമ പരമേശ്വരന്. പ്രേമത്തിലെ മേരിയെ മറക്കാൻ ആർക്കും കഴിയില്ല. എന്നാൽ ഇപ്പോൾ തെലുങ്കിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന അനുപമയെ മലയാള ചിത്രങ്ങളിൽ ഇപ്പോൾ കാണാനുമില്ല. തന്റെ പ്രേമ അനുഭവങ്ങളെപ്പെറ്റി തുറന്ന് പറയുകയാണ് നടി. ഒരാൺകുട്ടിയോട് അമിത സൗഹൃദമായാൽ അവരത് പ്രേമമായി കരുതുമെന്നും പിന്നീട് പെൺകുട്ടികൾക്ക് തേപ്പുകാരി എന്നൊരു പേരും വീഴുമെന്നും നടി പറയുന്നു. ഒപ്പം തന്റെ ജീവിതത്തിലും തേച്ച അനുഭവങ്ങൾ ഉണ്ടെന്നും അനുപമ പ്രതികരിക്കുന്നു.

തെന്നിന്ത്യയിലെ മിന്നുംതാരം അനുപമ പരമേശ്വരൻ മലയാളികൾക്ക് മേരിയാണ്. അൽഫോൻസ് പുത്രന്റെ ഹിറ്റ് ചിത്രം പ്രേമത്തിലെ മേരിയായായിരുന്നു താരത്തിന്റെ രംഗപ്രവേശം. പിന്നീട് തെലുങ്ക് സിനിമയിലേക്ക് കൂടുമാറിയ അനുപമ താൻ സിനിമയിലേക്ക് എത്തിയത് അവിചാരിതമായാണെന്ന് പറയുന്നു. കുറെപ്പേർ സിനിമയിൽ വരാനായി കഷ്ടപ്പെടുന്നുണ്ട്. പക്ഷേ ചിലർക്ക് അത്രയൊന്നും മിനക്കെടേണ്ടി വരില്ല. താനൊരിക്കലും സിനിമയിലെത്തുമെന്ന് വിചാരിച്ചിരുന്നില്ലെന്നാണ് അനുപമ പറയുന്നത്. അപ്രതീക്ഷിതമായി സംഭവിച്ച ഒരു അദ്ഭുതമാണ് തന്നെ സിനിമയിലെത്തിച്ചതെന്ന് ഒരു മാസികയ്ക്കു നൽകിയ അഭിമുഖത്തിൽ അനുപമ പറയുന്നു.

എന്റെ ജീവിതത്തെ മാറ്റിത്തീർത്തത് അൽഫോൻസാണ്. ഒരുപാട് പെൺകുട്ടികൾക്കിടയിൽനിന്ന് എന്നെ സിനിമയ്ക്ക് പറ്റിയ ഒരാളായി അദ്ദേഹത്തിന് തോന്നി. ആ ഒരു നിമിഷമാവും ദൈവം എന്നിലേക്ക് ഭാഗ്യം ചൊരിഞ്ഞത്. സ്വന്തം വീട്ടിലെ കുട്ടിയെന്നൊരു പരിഗണന തരുന്നുവെന്നും അനുപമ പറയുന്നു. പ്രണയത്തെ കുറിച്ചും തേപ്പിനെ കുറിച്ചുമെല്ലാം നടി മനസുതുറക്കുന്നുണ്ട് അതിങ്ങനെ, പ്രേമത്തിലെ മേരി ജോർജിനെ തേച്ചുപോയതാണ്. അതുപോലെ ജീവിതത്തിലും തേച്ച അനുഭവങ്ങളുമുണ്ട്. കുറെ പിള്ളേർ നമ്മുടെ പിന്നാലെ നടക്കും. പക്ഷേ എല്ലാവരോടും കേറി യെസ് പറയാനാവില്ല. അപ്പോ അവരുടെ ഭാഷയിൽ നമ്മൾ തേച്ചു എന്ന് കഥയുണ്ടാക്കും. ഒരാൺകുട്ടിയോട് അമിത സൗഹൃദമായാൽ അവരത് പ്രേമമായി കരുതും. നമുക്ക് തേപ്പുകാരി എന്നൊരു പേരും വീഴുമെന്നും അനുപമ പറയുന്നു.