- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയെന്ന കേസ്: അറസ്റ്റ് ഒഴിവാക്കാൻ നീക്കം; അനുപമയുടെ മാതാപിതാക്കൾ അടക്കം ആറുപേർ മുൻകൂർ ജാമ്യം തേടി കോടതിയിൽ; ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കും
തിരുവനന്തപുരം: തിരുവനന്തപുരത്ത് അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയെന്ന കേസിൽ ആരോപണ വിധേയരായ ആറു പേർ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. കുഞ്ഞിനെ കാണാനില്ലെന്ന പരാതി നൽകിയ അനുപമയുടെ മാതാപിതാക്കൾ അടക്കമുള്ള ആറ് പ്രതികളാണ് തിരുവനന്തപുരം ജില്ലാ കോടതിയിൽ അപേക്ഷ നൽകിയത്.
അപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി വ്യാഴാഴ്ച പരിഗണിക്കും. അനുപമയുടെ അച്ഛൻ ജയചന്ദ്രൻ, അമ്മ സ്മിത ജെയിംസ്, ബന്ധുവും കോർപറേഷൻ മുൻ കൗൺസിലറുമായ അനിൽകുമാർ, ജയചന്ദ്രനെ സഹായിച്ച രമേശൻ എന്നിവർ ഉൾപ്പെടെ 6 പേരാണ് ജാമ്യാപേക്ഷ നൽകിയത്.
കേസിൽ പൊലീസിന്റെ നിലപാടറിയിക്കാൻ കോടതി നിർദ്ദേശം നൽകി. കുഞ്ഞിനെ മാറ്റിയെന്ന പരാതിയിൽ ആദ്യം കേസെടുക്കാൻ തയ്യാറാകാതിരുന്ന പൊലീസ് സംഭവം വിവാദമായതോടെ അന്വേഷണം ആരംഭിച്ചത്.
കുട്ടി ജനിച്ച കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലെ ജനന രജിസ്റ്റർ പൊലീസ് കസ്റ്റഡിയിലെടുത്തു. ആശുപത്രിയിൽ നിന്നും കണ്ടെടുത്ത കുഞ്ഞിന്റെ ജനന രജിസ്റ്ററിൽ നിന്നും തന്നെ കുഞ്ഞിനെ മാറ്റാനുള്ള നീക്കത്തിന്റെ തെളിവ് ലഭിച്ചിട്ടുണ്ട്. രജിസ്റ്ററിൽ കുഞ്ഞിന്റെ അച്ഛന്റെ പേര് മണക്കാട് സ്വദേശി ജയകുമാറെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇങ്ങനൊരാളില്ലെന്ന് പൊലീസ് അറിയിച്ചു.
കാട്ടാക്കട പഞ്ചായത്തിൽ നിന്നും കുട്ടിയുടെ വിവരം പൊലീസ് ശേഖരിച്ചു. വിവാദത്തിൽ ഉൾപ്പെട്ട എല്ലാവരിൽ നിന്നും പൊലീസ് മൊഴിയെടുക്കും. പൊലീസ് അന്വേഷണത്തോടൊപ്പം സാമൂഹ്യക്ഷേമ വകുപ്പിന്റെ അന്വേഷണവും നടക്കുകയാണ്. ദത്തെടുക്കലിലുണ്ടായ വീഴ്ചകൾ റിപ്പോർട്ടിലുണ്ടാകും.
ദത്ത് നടപടികൾ അന്തിമമായി പൂർത്തിയാകാത്തതിനാൽ കുഞ്ഞിന്റെ അമ്മ ജീവിച്ചിരിക്കുന്നുണ്ടെന്ന കാര്യം ഇതിനകം സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചുകഴിഞ്ഞു. കുഞ്ഞിനെ വിട്ടുകിട്ടണമെന്ന അനുപമയുടെ ആവശ്യവും സർക്കാർ അന്വേഷണവും അറിയിച്ചിട്ടുണ്ട്. കോടതിയുടെ അന്തിമ തീർപ്പാണ് ഇനി പ്രധാനം. കേന്ദ്ര വനിതാ ശിശുക്ഷേമ വികസന മന്ത്രാലയത്തിന് കീഴിലെ നോഡൽ ഏജൻസി കാര വഴിയാൻണ് കുഞ്ഞിനെ ഓഗസ്റ്റ് ഏഴിന് ദത്ത് നൽകിയത്.
അതിനിടെ, കുഞ്ഞിനെ അനധികൃതമായി ദത്തുനൽകിയ കേസിൽ അന്വേഷണത്തിൽ വീഴ്ചയുണ്ടായില്ലെന്ന പൊലീസ് റിപ്പോർട്ട് തെറ്റെന്ന് അനുപമ മാധ്യമങ്ങളോട് പറഞ്ഞു. ഇപ്പോഴത്തെ പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്നും അനുപമ പ്രതികരിച്ചു.
കുഞ്ഞിനെ കാണാനില്ല എന്ന് രീതിയിൽ ഏപ്രിലിൽ അനുപമ പരാതി നൽകിയില്ലെന്നാണ് പൊലീസ് പറയുന്നത് . എന്നാൽ, ഏപ്രിൽ 19നാണ് കുഞ്ഞിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ആദ്യ പരാതി നൽകിയത്. ഈ പരാതിയിൽ ഒരു തവണ തന്റെ മൊഴി എടുത്തിരുന്നു. പിന്നീട് യാതൊരു പുരോഗതിയും ഉണ്ടായില്ല. അച്ഛൻ ജയചന്ദ്രനോട് സ്റ്റേഷനിലേക്ക് വരാൻ ആവശ്യപ്പെട്ടെങ്കിലും തയാറായില്ലെന്നാണ് പൊലീസ് പറഞ്ഞത്.
മുൻ ഡിജിപിയായിരുന്ന ലോക്നാഥ് ബെഹ്റക്ക് പരാതി നൽകിയിരുന്നു. താനും ഡിവൈഎസ്പിയും അജിത്തും കൂടിയാണ് ബെഹ്റയെ കണ്ടത്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്ത് മുന്നോട്ടു പോകാനാണ് ഡിജിപി പറഞ്ഞത്. ഈ നിർദ്ദേശം ഡിവൈഎസ്പിക്കും നൽകി. ഇതിന് ശേഷം എഫ്ഐആർ രജിസ്റ്റർ ചെയ്യുകയോ അന്വേഷണം നടത്തുകയോ പൊലീസ് ചെയ്തിട്ടില്ല.
തുടർന്നാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. ഈ പരാതി ലോക്കൽ സ്റ്റേഷനിലേക്ക് കൈമാറുന്നെന്ന് അറിഞ്ഞതിനെ തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ വിളിച്ച് പുരോഗതി അന്വേഷിച്ചു. പൊലീസിന്റെ അന്വേഷണത്തിൽ വിശ്വാസമില്ലെന്നും മറ്റ് മാർഗത്തിലൂടെ അന്വേഷണത്തിന് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ബന്ധപ്പെട്ടവരെ വിവരം അറിയിക്കാമെന്നാണ് ഇതിന് മറുപടി ലഭിച്ചത്.
മറുനാടന് മലയാളി ബ്യൂറോ