- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീണാ ജോർജ്ജും ഷിജുഖാനും കുടുംബ കോടതിയെ കബളിപ്പിച്ചു; ആ ദത്ത് ലൈസൻസ് കൊല്ലം സെന്ററിലേതെന്ന് ആരോപണം; ബാലവകാശ കമ്മിഷന് നൽകിയത് ഓർഫനേജ് രജിസ്രേഷൻ; കോടതി ഉത്തരവിലെ ലൈസൻസ് മന്ത്രിയും ശിശുക്ഷേമ സമിതിയും പുറത്ത് വിടണമെന്ന് ആവശ്യം; ദത്ത് ലൈസൻസ് വിവാദം കത്തുന്നു
തിരുവനന്തപുരം: പേരൂർക്കടയിൽ അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ ശിശുക്ഷേമസമിതി വീണ്ടും പ്രതിക്കൂട്ടിൽ. കുട്ടിയെ ദത്ത് നൽകുമ്പോൾ ശിശുക്ഷേമസമിതിക്ക് ദത്ത് ലൈസൻസ് ഇല്ലാതിരുന്നു എന്നതിന്റെ രേഖകൾ പുറത്ത് വിട്ട് അനുപമ. കുടുംബകോടതിയെ ശിശുക്ഷേമസമിതി തെറ്റിദ്ധരിപ്പിച്ചെന്ന് വ്യക്തമാക്കുന്ന രേഖകളാണ് പുറത്തായിരിക്കുന്നത്.
കുട്ടിയെ ആന്ധ്രപ്രദേശ് ദമ്പതികൾക്ക് ദത്ത് നൽകൽ നടപടികൾക്കായി തിരുവനന്തപുരം കുടുംബകോടതിയിൽ സംസ്ഥാനശിശുക്ഷേമസമിതി സത്യവാങ്മൂലം നൽകുമ്പോൾ സമിതിയുടെ തിരുവനന്തപുരം ദത്തെടുക്കൽ കേന്ദ്രത്തിന് ദത്ത് നൽകൽ ലൈസൻസ് ഇല്ലായിരുന്നുവെന്ന് അനുപമ ആരോപിച്ചു. കുഞ്ഞിനെ തനിക്ക് കൈമാറിക്കൊണ്ടുള്ള നവംബർ 24 ലെ കുടുംബകോടതിയുടെ ഉത്തരവിൽ 2019 മാർച്ച് 12-ാം തീയതി മുതൽ 2024 മാർച്ച് 11-ാം തീയതി വരെ സംസ്ഥാന ശിശുക്ഷേമ സമിതിക്ക് ലൈസൻസ് ഉണ്ടെന്ന് ബോധ്യപ്പെട്ടതിനാൽ തർക്കം അവസാനിക്കുന്നു എന്നാണ് കോടതി പറഞ്ഞിട്ടുള്ളത്. സമിതിയുടെ കീഴിൽ കൊല്ലത്ത് പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ ലൈസൻസ് കാണിച്ച് ശിശുക്ഷേമ സമിതി അധികാരികൾ കോടതിയെ കബളിപ്പിച്ചതാണെന്നും അനുപമ പറഞ്ഞു.
ബാലവകാശ കമ്മിഷനിൽ ശിശുക്ഷേമ സമിതി നൽകിയത് ഓർഫനേജ് രജിസ്‌ട്രേഷൻ മാത്രമാണ്. കൃത്രിമ ലൈസൻസ് കോടതിയെ കാണിച്ച് ജില്ലാ ഗവൺമെന്റ് പ്ലീഡർ തിരികെ വാങ്ങിയെന്നാണ് അനുമാനിക്കാൻ. താൻ കുടുംബ കോടതിയേ സമിതിയും വകുപ്പും നൽകിയിട്ടുള്ള മുഴുവൻ രേഖകളും ലഭ്യമാക്കുന്നതിന് അപേക്ഷ നൽകി ദിവസങ്ങൾ പിന്നിട്ടിട്ടും തരാൻ കഴിയില്ല എന്ന നിലപാട് ആണ്. ഇതിൽ വലിയ ദുരൂഹത നിലനിൽക്കുന്നതായും അനുപമ പത്രസമ്മേളനത്തിൽ ആരോപിച്ചു.
തിരുവനന്തപുരം ദത്തെടുക്കൽ കേന്ദ്രത്തിന് അന്നത്തെ സാമൂഹ്യനീതി സ്‌പെഷ്യൽ സെക്രട്ടറി ബിജുപ്രഭാകർ അനുവദിച്ചു നൽകിയ ഇൻ കൺട്രി അഡോപ്ഷൻ ലൈസൻസിന് 2016 ജൂലൈ ഒന്നുമുതൽ 2021 ജൂൺ മുപ്പത് വരെയാണ് കാലാവധി ഉണ്ടായിരുന്നത്. നിലവിൽ സമിതിക്കുള്ളത് സ്‌പെഷ്യൽ സെക്രട്ടറിയുടെ 2017 മുതൽ അഞ്ച് വർഷം കാലാവധിയുള്ള 19/12/2022 -ൽ അവസാനിക്കുന്ന സ്ഥാപനത്തിന്റെ ഓർഫനേജ് അംഗീകാര സർട്ടിഫിക്കറ്റ് മാത്രമാണ്. ഇത് ഉപയോഗിച്ച് ദത്ത് നൽകാൻ കഴിയില്ല. ഇവയൊന്നും കോടതിയുത്തരവിൽ പറഞ്ഞിട്ടുമില്ല. മറിച്ച് കൊല്ലം ദത്തെടുക്കൽ കേന്ദ്രത്തിന്റെ ലൈസൻസ് കാലാവധിയാണ് പറഞ്ഞിട്ടുള്ളത്. 2016 മുതൽ 2021 വരെ ഒരു ലൈസൻസ് നിലനിൽക്കെ 2019 മുതൽ മറ്റൊരു ലൈസൻസിന് അപേക്ഷ നൽകേണ്ട കാര്യമില്ലെന്നും അവർ ചൂണ്ടിക്കാട്ടി.
ലൈസൻസ് തർക്കം തീർക്കാനായി സർക്കാരും ശിശുക്ഷേമ സമിതിയും ചൈൽഡ് വെൽഫയർ കമ്മിറ്റിയും ചേർന്ന് കോടതിയെ കബളിപ്പിച്ചതായുള്ള ഗുരുതര ആരോപണമാണ് അനുപമ പത്രസമ്മേളനത്തിൽ ഉയർത്തിയത്. കേട്ടുകേൾവിപോലും ഇല്ലാത്ത ഗൂഢാലോചനയാണ് ഇത്. കോടതിയിൽ ഈ രേഖ നൽകിയിരിക്കുന്നത് ജില്ല ഗവ. പ്ലീഡർ അഡ്വ. ഹക്കിമും ശിശുക്ഷേമ സമിതിയുടെ വക്കീലും ചേർന്നാണ്. വകുപ്പ് മന്ത്രി വീണാ ജോർജാണ് 2024 വരെ ലൈസൻസ് ഉണ്ടെന്ന് പൊതു സമൂഹത്തിനെ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ഇത്രയും വലിയ ഗൂഢാലോചനക്ക് കൂട്ടുനിന്ന മന്ത്രിക്ക് ഇനി ഈ സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും അവർ പറഞ്ഞു.
വ്യാജരേഖ നിർമ്മിച്ചു സമർപ്പിച്ച് സർക്കാരിനെയും കോടതിയേയും തെറ്റിദ്ധരിപ്പിച്ച്, ക്രിമിനൽ കുറ്റം ചെയ്തിരിക്കുന്ന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജൂഖാനെ തൽസ്ഥാനത്ത് നിന്ന് മാറ്റി ക്രിമിനൽ കേസ് എടുത്ത് ജയിലിലടയ്ക്കണം. കോടതിയെ കബളിപ്പിക്കാൻ കൂട്ടുനിന്ന ജില്ല ഗവ. പ്ലീഡർക്കെതിരെയും കേസെടുക്കണമെന്നും അനുപമ ആവശ്യപ്പെട്ടു.
സർക്കാർ നിയോഗിച്ച വനിതാശിശുക്ഷേമ ഡയറക്ടർ ടിവി അനുപമയുടെ അന്വേഷണ റിപ്പോർട്ട് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. താൻ പല തവണ രേഖാമൂലം ബന്ധപ്പെട്ട വകുപ്പുകളേയും മന്ത്രിയേയും സമീപിച്ചെങ്കിലും ബോധപൂർവ്വം റിപ്പോർട്ട് തരുന്നില്ല. ഇത് ഷിജുഖാനെയും ചൈൾഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്‌സൺ സുനന്ദയേയും സംരക്ഷിക്കാൻ മന്ത്രി വീണ ജോർജ്ജിന്റെയും സർക്കാരിന്റെയും ബോധപൂർവ്വമുള്ള ശ്രമമാണെന്നും അനുപമ ആരോപിച്ചു.