തിരുവനന്തപുരം: ശിശുദിനത്തിൽ സ്വന്തം കുട്ടിയെ തേടി അമ്മയുടെ മഴയത്തു നിൽപ്പ്. കണ്ണു തുറക്കാതെ അധികാരികളും. കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ചുള്ള ഓർമപ്പെടുത്തലാണ് ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിനം. ഈ ദിവസവും തന്റെ കുഞ്ഞിനെ തിരികെ കിട്ടാൻ തൈക്കാട് ശിശുക്ഷേമ സമിതി ഓഫിസിനു മുന്നിൽ സമരത്തിലാണ് അനുപമ എസ്.ചന്ദ്രൻ.

ഈ അമ്മയുടെ കണ്ണീർ കേരളത്തിലെ പ്രതിപക്ഷവും കാണുന്നില്ല. കെകെ രമയുടെ ഒരു അടിയന്തര പ്രമേയത്തിൽ മാത്രം പ്രതിഷേധത്തെ പ്രതിപക്ഷം ഉയർത്തി. ചോരക്കുഞ്ഞിനെ തട്ടിക്കൊണ്ടു പോയി ഉപേക്ഷിച്ചുവെന്നാണ് ഉയരുന്ന വാദം. എന്നാൽ കുട്ടിയെ അമ്മ തൊട്ടിലിൽ ഉപേക്ഷിച്ചോ എന്നും ആർക്കും വ്യക്തമല്ല. ഈ കുട്ടി അമരാവതിയിലുണ്ടെന്നാണ് ഉയരുന്ന വാദം. ഏറെ വെളിപ്പെടുത്തൽ അനുപമ ചർച്ചയാക്കി. പക്ഷേ ഇതിലേക്കൊന്നും അന്വേഷണം എത്തിയില്ല. ഇതിന് പിന്നിൽ ആശുപത്രി മാഫിയയുമുണ്ട്.

അനുപമയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. കുട്ടിയെ തട്ടിക്കൊണ്ടു പോയ അനുപമയുടെ അച്ഛനാണ് ഒന്നാം പ്രതി. അമ്മയും സഹോദരിയും സഹോദരി ഭർത്താവും വരെയുള്ള പ്രതികൾ. ഇവരെയെല്ലാം ചെറിയ വകുപ്പുകൾ ചുമത്തി കേസെടുത്ത് വെറുതെ വിട്ടു. മാർക്ക് തട്ടിപ്പിൽ എസ് എഫ് ഐ എൺപതുകളിൽ പുറത്താക്കിയ വ്യക്തിയാണ് അനുപമയുടെ അച്ഛൻ ജയചന്ദ്രൻ. സിപിഎം നേതാവായിരുന്ന പേരൂർക്കട സദാശിവന്റെ മകൻ. ഈ പാർട്ടി ബന്ധമാണ് അനുപമയ്ക്ക് വിനയാകുന്നത്.

എട്ടാം മാസത്തിലാണ് അനുപമ ഗർഭിണിയാണെന്ന് വീട്ടുകാർ അറിയുന്നത്. ഉടൻ കൊണ്ടു പോയത് മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ. എട്ടാം മാസമായതു കൊണ്ടു അബോർഷൻ കഴിയില്ലെന്നും കുട്ടിയെ പ്രസവിച്ച് ശേഷം ആശുപത്രി എടുത്തോളാമെന്നും ഡോക്ടർ പറഞ്ഞതായി അനുപമ വെളിപ്പെടുത്തി. അതിന് ശേഷം കായംകുളത്തെ ആശുപത്രിയിൽ ഗർഭത്തിൽ വെച്ച് കുട്ടിയെ കൊല്ലാനോ തട്ടിയെടുക്കാനോ ഉള്ള ഗൂഢാലോചന. പിന്നെ തിരുവനന്തപുരത്തെ പങ്കജ കസ്തൂരി ആശുപത്രിയിൽ രഹസ്യ പ്രസവം. കുട്ടിയുടെ അച്ഛന്റെ പേരു പോലും തെറ്റിച്ചെഴുതിയെന്നതാണ് ശ്രദ്ധേയം.

ഈ മൂന്ന് ആശുപത്രികൾക്കും എതിരെ ആരും ചെറുവിരൽ അനക്കുന്നില്ല. മലപ്പുറത്തെ ആശുപത്രിയ്‌ക്കെതിരായ ആരോപണം വച്ചു നോക്കുമ്പോൾ ചോരക്കുഞ്ഞുങ്ങളെ അനധികൃതമായി വിൽക്കുന്ന മാഫിയ കേരളത്തിൽ സജീവമാണ്. കായകുളത്തെ ആശുപത്രിയും കള്ളക്കളികൾക്ക് കൂട്ടു നിന്നു. പങ്കജകസ്തൂരിയിലും തട്ടിപ്പ് നടന്നു. ഇതിനെല്ലാം കൂട്ടു നിന്നത് തിരുവനന്തപുരത്തെ രണ്ട് സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്യുന്ന ഡോക്ടർ ദമ്പതികളും. ഇവരൊന്നും ഒരു കേസിലും പ്രതികളുമല്ല. വെറുമൊരു കുടുംബ പ്രശ്‌നമായി ഈ കേസിനെ മാറ്റിയെന്നതാണ് വസ്തുത.

തണലായി ഒരു ടാർപോളിൻ വലിച്ചു കെട്ടാൻ പോലും പൊലീസ് അനുമതി നൽകാത്തതിനാൽ പെരുമഴയത്തു മഴക്കോട്ടു ധരിച്ചും മുന്നിൽ നിർത്തിയിട്ട വാഹനത്തിനുള്ളിലിരുന്നുമാണു അനുപമയുടെ പ്രതിഷേധം. തൊട്ടടുത്ത് മുഖ്യമന്ത്രി മുതൽ വിവാദത്തിൽ ആരോപണ വിധേയനായ ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജെ.എസ്.ഷിജുഖാൻ വരെയുള്ളവരുടെ ചിത്രമുള്ള ശിശുദിനാഘോഷ ഫ്‌ളെക്‌സ് ബോർഡുണ്ട്. ശിശുക്ഷേമ സമിതിയിലും ഇന്ന് ആഘോഷമുണ്ട്.

അനുപമയുടെ സമരത്തിനു പിന്തുണയുമായി വലിയ ആൾബലമൊന്നും കൂടെയില്ല. കുഞ്ഞിന്റെ അച്ഛൻ അജിത്ത് കുമാർ ഒപ്പമുണ്ട്. 'എന്റെ ഭാഗത്തു തെറ്റു സംഭവിച്ചിട്ടുണ്ടാകാം. പക്ഷേ, എന്റെ പിഞ്ചുകുഞ്ഞിന് അമ്മയ്‌ക്കൊപ്പം കഴിയാനുള്ള അവകാശത്തെ നിഷേധിക്കുന്നതെന്തിനാണ്?' അനുപമ ചോദിക്കുന്നു. കുഞ്ഞിനെ ജനിച്ച സമയത്തു മാത്രമേ അനുപമ കണ്ടിട്ടുള്ളൂ. വിവാഹിതയാകും മുൻപു പിറന്ന കുഞ്ഞിനെ സംരക്ഷിക്കാമെന്നു പറഞ്ഞു രക്ഷിതാക്കൾ കൊണ്ടുപോവുകയും തന്നെ വീട്ടുതടങ്കലിലാക്കുകയും ചെയ്‌തെന്ന് അനുപമ പറയുന്നു.

സിപിഎം തലത്തിലുള്ള ഇടപെടലിലൂടെ കുഞ്ഞിനെ ചട്ടവിരുദ്ധമായി ദത്തു നൽകിയെന്ന പരാതിയും ഉയരുന്നു. കുഞ്ഞിനെ സർക്കാർ ഏറ്റെടുത്തു തിരികെ തരണമെന്നും തട്ടിപ്പിനു കൂട്ടുനിന്ന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജു ഖാനെയും ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപഴ്‌സൻ സുനന്ദയെയും പുറത്താക്കണമെന്നും ആവശ്യപ്പെട്ടാണു സമരം. വിവാദം ഉയർന്നപ്പോൾ അനുപമയ്‌ക്കൊപ്പമെന്നു സർക്കാരും സിപിഎമ്മും പ്രഖ്യാപിച്ചെങ്കിലും തുടർനടപടികൾ ഇഴയുകയാണ്.