- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഞാൻ നൊന്തുപെറ്റ കുഞ്ഞിനെ തിരികെ ലഭിക്കണം'; അനുപമ നിരാഹാര സമരത്തിലേക്ക്; നാളെ രാവിലെ പത്തുമുതൽ വൈകീട്ട് അഞ്ചുവരെ സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാരം ഇരിക്കും; കുട്ടിയെ നഷ്ടമായി മാസങ്ങൾ പിന്നിട്ടിട്ടും ഒരു വിവരവും ലഭിക്കാത്തതിനാണ് സമരത്തിലേക്ക് പോകുന്നതെന്ന് അനുപമ
തിരുവനന്തപുരം: ദുരഭിമാനത്തിന്റെ പുറത്ത് പിതാവ് തന്നിൽ നിന്നും അടർത്തിമാറ്റി ദത്തു നൽകിയ കുഞ്ഞിനെ വിട്ടുകിട്ടാൻ വേണ്ടി പേരൂർക്കടയിലെ അനുപമ നിരാഹാര സമരത്തിലേക്ക്. താൻ അറിയാതെ അനധികൃതമായി പിതാവ് ജയചന്ദ്രൻ കൈമാറിയ കുഞ്ഞിനെ വിട്ടുകിട്ടണം എന്നാമ് അനുപമയുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ചു നിരാഹാര സമരത്തിന് ഒരുങ്ങുന്ന അനുപമ നാളെ സെക്രട്ടറിയേറ്റ് പടിക്കലെത്തും.
നാളെ രാവിലെ പത്തുമുതൽ വൈകീട്ട് അഞ്ചുവരെ സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാര സമരം നടത്താനാണ് അനുപമ തീരുമാനിച്ചത്. വനിതാ കമ്മീഷൻ ആസ്ഥാനത്തിന് മുന്നിലും പ്രതിഷേധിക്കുമെന്നും അനുപമ വ്യക്തമാക്കി. കുട്ടിയെ നഷ്ടമായി മാസങ്ങൾ പിന്നിട്ടിട്ടും ഒരു വിവരവും ലഭിക്കാത്തതിനെ തുടർന്നാണ് പ്രതിഷേധ സമരത്തിലേക്ക് പോകുന്നതെന്നും അവർ പറഞ്ഞു.
അതിനിടെ, കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിലും തട്ടിപ്പ് നടന്നതായുള്ള തെളിവുകൾ പുറത്തുവന്നു. അച്ഛന്റെ പേര് നൽകിയിരിക്കുന്ന സ്ഥാനത്ത് നൽകിയത് യഥാർഥ പേരല്ല. മാതാപിതാക്കളുടെ മേൽവിലാസവും തെറ്റായാണ് നൽകിയിരുന്നത്. അമ്മയിൽ നിന്ന് കുഞ്ഞിനെ വേർപ്പെടുത്താൻ തികച്ചും ആസൂത്രിതമായി ശ്രമം നടന്നുവെന്ന് വ്യക്തമാക്കുന്നതാണ് ജനന സർട്ടിഫിക്കറ്റിലെ തിരിമറി. കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അനുപമ കുഞ്ഞിന് ജന്മം നൽകിയത്. അവിടെ നൽകിയ വിലാസമനുസരിച്ചാണ് കാട്ടാക്കട ഗ്രാമപഞ്ചായത്ത് ജനനസർട്ടിഫിക്കറ്റ് തയ്യാറാക്കിയത്.
കുട്ടിയുടെ പിതാവിന്റെ സ്ഥാനത്ത് നൽകിയിരിക്കുന്നത് ജയകുമാർ എന്നാണ്. അമ്മയുടെ സ്ഥാനത്ത് പേര് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.
അതോടൊപ്പം മാതാപിതാക്കളുടെ മേൽവിലാസമായി രേഖപ്പെടുത്തിയത് തിരുവനന്തപുരത്തെ മറ്റൊരിടത്തെ മേൽവിലാസമാണ്. അജിത്തിന്റെയും അനുപമയുടെയും സ്ഥിരമായ മേൽവിലാസം പേരൂർക്കടയാണ്. കുഞ്ഞിന്റെ മേൽവിലാസം മറച്ചുവെക്കുന്നതിനായാണ് ആശുപത്രിയിൽ തെറ്റായ മേൽവിലാസം നൽകിയത്.
അനുപമയിൽ നിന്ന് കുഞ്ഞിനെ വേർപ്പെടുത്താൻ നേരത്തെ തന്നെ സമ്മതപത്രം നിർബന്ധിച്ച് ഒപ്പിടിപ്പിച്ച് വാങ്ങിച്ചിരുന്നു. അതിന് ശേഷം കുഞ്ഞിനെ ശിശുക്ഷേമസമിതിയിൽ നൽകി. അവിടെ നിന്ന് ദത്ത് നൽകിയെന്നാണ് പറയുന്നത്. അജിത്തുമായി പ്രണയത്തിലായത് മുതൽ വീട്ടുകാർക്ക് എതിർപ്പായിരുന്നുവെന്നും ഗർഭിണിയായപ്പോൾ മുതൽ കുട്ടിയെ നശിപ്പിക്കാൻ വീട്ടുകാർ ശ്രമിച്ചിരുന്നുവെന്നും അനുപമ വെളിപ്പെടുത്തിയിരുന്നു.
പിന്നീട് പ്രസവ ശേഷം സഹോദരിയുടെ വിവാഹത്തിന് ശേഷം കുട്ടിയെ നൽകാം എന്ന് വിശ്വസിപ്പിച്ചാണ് അനുപമയുടെ അടുത്ത് നിന്ന് മാറ്റിയത്. ചേച്ചിയുടെ വിവാഹത്തിന് ശേഷം തന്നേയും കുട്ടിയേയും അജിത്തിനൊപ്പം വിടാമെന്നും വീട്ടുകാർ സമ്മതിച്ചിരുന്നുവെന്നും അനുപമ പറഞ്ഞിരുന്നു.എന്നാൽ കുട്ടിയെ എന്നെന്നേക്കുമായി തങ്ങളിൽ നിന്ന് അകറ്റാനുള്ള ശ്രമമാണ് നടന്നതെന്ന് ജനന സർട്ടിഫിക്കേറ്റിലെ ക്രമക്കേട് പുറത്ത് വന്നതോടെ തെളിഞ്ഞെന്നും അനുപമയും അജിത്തും ആരോപിച്ചിരുന്നു.
അതേസമയം മാതാപിതാക്കൾക്ക് അനുകൂലമായി ഇപ്പോൾ രംഗത്ത് വന്ന സിപിഎം നിലപാടിൽ വിശ്വാസമില്ലെന്നാണ് ഇരുവരും പറയുന്നത്.
പരാതി പറയാൻ വിളിച്ച അനുപമയോട് 'മോളേ' എന്ന് വിളിച്ചാണ് താൻ സംസാരിച്ചതെന്നും അവർ പാർട്ടിക്കെതിരെ വന്ന സാഹചര്യം അറിയില്ലെന്നുമായിരുന്നു ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ മാധ്യമങ്ങളോട് പറഞ്ഞത്. പാർട്ടി കുട്ടിയുടെ അമ്മയ്ക്കൊപ്പമാണെന്നും അവർക്ക് നീതി ലഭിക്കണമെന്നാണ് പാർട്ടി നിലപാടെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ ജില്ലാ സെക്രട്ടറിയുടെ വാക്കുകളെ പൂർണമായും തള്ളിയാണ് ഇപ്പോൾ കുട്ടിയുടെ അച്ഛനും അമ്മയും രംഗത്തെത്തിയിരിക്കുന്നത്.
ഈ വിഷയത്തിൽ ആദ്യമായി പാർട്ടി തലത്തിൽ പരാതി നൽകുന്നത് ജില്ലാ സെക്രട്ടറിക്കായിരുന്നു. എന്നാൽ തങ്ങൾ വിളിക്കുന്നതിന് മുമ്പെ ആ വിഷയം അറിയാം എന്ന നിലയ്ക്കാണ് അദ്ദേഹം സംസാരിച്ചത്. തന്റെ കുട്ടിയെ കണ്ടുപിടിക്കുന്നതല്ല പാർട്ടിയുടെ ജോലി എന്നാണ് അദ്ദേഹം അന്ന് ഞങ്ങളോട് പറഞ്ഞത്. വളരെ ക്രൂരമായാണ് സ്വന്തം മകളുടെ പ്രായം മാത്രമുള്ള അനുപമയോട് ആനാവൂർ സംസാരിച്ചതെന്നും ഭർത്താവ് അജിത്ത് മറുനാടനോട് പറഞ്ഞു. 'മോളേ' എന്ന് വിളിച്ചാണ് സംസാരിച്ചത് എന്നൊക്കെ അദ്ദേഹം പറയുന്നത് നുണയാണ്. കുട്ടിയുടെ അമ്മയ്ക്കൊപ്പമാണ് പാർട്ടി എന്ന് ഇപ്പോൾ അദ്ദേഹം പറയുന്നതിൽ സന്തോഷമുണ്ട്. എന്നാൽ പാർട്ടി ഒരിക്കലും ഞങ്ങൾക്കൊപ്പം നിന്നിട്ടില്ല. ഞങ്ങൾ പരാതി പറഞ്ഞപ്പോൾ തന്നെ ആനാവൂർ നടപടി എടുത്തിരുന്നെങ്കിൽ കുട്ടിയെ ഞങ്ങൾക്ക് നഷ്ടപ്പെടുമായിരുന്നില്ലെന്നും അജിത്ത് പറയുന്നു.
കുറ്റവാളികളെ സംരക്ഷിക്കാനാണ് അന്ന് പാർട്ടി ശ്രമിച്ചത്. ഈ കുറ്റകൃത്യത്തിൽ പങ്കാളിയായിരിക്കുന്നവരെല്ലാം പാർട്ടിയുമായി ബന്ധമുള്ളവരാണ്. മുൻ ഡിവൈഎഫ്ഐ നേതാവ് ഹരിലാലാണ് അനുപമയുടെ വ്യാജഅനുമതിപത്രം തയ്യാറാക്കുന്നതിന് വേണ്ട നോട്ടറി തയ്യാറാക്കി നൽകിയത്. തന്നെയും കുടുംബത്തെയും പേരൂർക്കടയിൽ ജീവിക്കാൻ അനുവദിക്കില്ലെന്നും പാർട്ടി ഭീഷണിപ്പെടുത്തി. പബ്ലിക്ക് പ്രോസിക്യൂട്ടറായ ഗീനാ കുമാരി തന്നെ കണ്ടെയ്‌ന്മെന്റ് സോണായ ഓഫീസിൽ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയതായും അജിത്ത് പറയുന്നു.
ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് പരാതി നൽകിയപ്പോൾ തങ്ങൾ ഐഡന്റിറ്റി വെളിപ്പെടുത്തിയില്ല എന്ന ചെയർപേഴ്‌സന്റെ പ്രതികരണം തെറ്റാണ്. കോവിഡ് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നതിനാൽ തങ്ങൾ വീഡിയോ കോളിലൂടെയാണ് പരാതി പറഞ്ഞത്. കൃത്യമായി രണ്ടുപേരുടെയും പേരും വിവരങ്ങളും വെളിപ്പെടുത്തിയ ശേഷമാണ് പരാതി അറിയിച്ചത്. എന്നാൽ പിന്നീട് വിളിച്ചപ്പോൾ സിഡബ്ല്യുസിക്ക് ഇതിൽ ഒന്നും ചെയ്യാനാവില്ലെന്നും പൊലീസാണ് ഇക്കാര്യത്തിൽ നടപടി എടുക്കേണ്ടതെന്നും പറഞ്ഞ് അവർ ഒഴിഞ്ഞുമാറുകയായിരുന്നെന്നും അജിത്ത് പറഞ്ഞു.
ജില്ലാ സെക്രട്ടറിയിൽ നിന്നും നീതി ലഭിക്കില്ലെന്ന് ഉറപ്പായതോടെ കോടിയേരി ബാലകൃഷ്ണനും എ വിജയരാഘവനുമൊക്കെ പരാതി നൽകിയിരുന്നതായി അനുപമയും മറുനാടനോട് പറഞ്ഞു. എന്നാൽ ഒരു മറുപടിയും ലഭിച്ചില്ല. പാർട്ടിയിൽ നിന്നും അനുകൂലമായ നിലപാട് ഉണ്ടായത് വൃന്ദാ കാരാട്ടിൽ നിന്നാണ് അവർ ശ്രീമതി ടീച്ചറെ വിളിച്ചുപറയുകയും അതിന്റെ അടിസ്ഥാനത്തിൽ ശ്രീമതി ടീച്ചർ തങ്ങളെ വിളിക്കുകയും ചെയ്തു. ടീച്ചർ പറഞ്ഞതുപ്രകാരം പരാതി എഴുതി കൈയിൽ കൊടുക്കുകയും മെയിലായി അയയ്ക്കുകയും ചെയ്തു. ഈ വിഷയം സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉന്നയിക്കാമെന്ന് പറഞ്ഞ ടീച്ചർ പിന്നീട് ഫോൺ എടുക്കാതെയാകുകയായിരുന്നു. രണ്ട് ദിവസം തുടർച്ചയായി വിളിച്ച ശേഷമാണ് ടീച്ചർ ഫോണെടുത്തത്. വിഷയം സെക്രട്ടറിയേറ്റിൽ ചർച്ച ചെയ്യാൻ കഴിഞ്ഞില്ലെന്നും ഒന്നുമല്ലെങ്കിലും സ്വന്തം അച്ഛനല്ലേ എതിർഭാഗത്ത്, ഞങ്ങളെങ്ങനെ നടപടിയെടുക്കും എന്ന് ഒഴിവുകഴിവ് പറഞ്ഞ് ശ്രീമതി ടീച്ചർ ഒഴിഞ്ഞുമാറുകയായിരുന്നെന്നും അനുപമ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ