- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്മയ്ക്ക് കുട്ടിയെ കിട്ടണമെന്ന് പറയുന്ന സർക്കാർ ആറു മാസം നിന്നത് പേരൂർക്കടയിലെ ലോക്കൽ നേതാവിനൊപ്പം; എല്ലാ സംവിധാനങ്ങളും ചലിച്ചത് ജയചന്ദ്രന്റെ ഇഷ്ടത്തിന്; പിണറായി സർക്കാർ നിലപാട് മാറ്റിയത് നിയമസഭാ പേടിയിൽ; അനുപമയ്ക്ക് നീതിയൊരുക്കാൻ ഒടുവിൽ മന്ത്രി എത്തിയതിന് പിന്നിൽ
തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിന്റെ ദത്തെടുപ്പ് നടപടികൾ നിർത്തിവെക്കണമെന്ന ആവശ്യപ്പെട്ടുള്ള സർക്കാർ ഹർജിക്ക് പിന്നിൽ നിയമസഭാ പേടി. തിരുവനന്തപുരം കുടുംബ കോടതിയാണ് ഹർജി പരിഗണിക്കുക. കുഞ്ഞിന്റെ സംരക്ഷണത്തിന്റെ പൂർണ അവകാശം കിട്ടണമെന്നാവശ്യപ്പെട്ട് ദത്തെടുത്ത ദമ്പതികൾ കോടതിയെ സമീപിച്ചിരുന്നു. ഇതിൽ ഇന്ന് അന്തിമ വിധി പറയാനിരിക്കെയാണ് സർക്കാർ തടസ്സ ഹർജി നൽകിയത്. നിയമസഭാ സമ്മേളനത്തിൽ ഈ വിഷയം ഉയർന്നാലുള്ള പ്രതിസന്ധി കണക്കിലെടുത്താണ് ഈ തീരുമാനം.
നിയമസഭയിൽ അനുപമ കേസാകും ഇക്കുറി വലിയ വാദപ്രദിവാദങ്ങൾക്ക് കളമൊരുക്കുകയെന്നാണ് വിലയിരുത്തൽ. വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇതുവരെ പ്രതികരിക്കാത്തതടക്കം മുൻനിർത്തിയാകും പ്രതിപക്ഷത്തിന്റെ ആക്രമണം. ഇതെല്ലാം മനസ്സിലാക്കിയാണ് അനുപമ കേസിൽ പൊലീസും അടിയന്തര നടപടികളുമായി പോയത്. സഭയിൽ കാര്യങ്ങൾ വിശദീകരിക്കാനുള്ള ഇടപെടലുകളാണ് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി അടക്കമുള്ളവർ നടത്തിയത്. അനുപമയെ മന്ത്രി നേരിട്ട് വിളിച്ചതും സഭയിലെ ചർച്ചകളിൽ പിടിച്ചു നിൽക്കാനാണ്.
ഈ വിഷയം പ്രതിപക്ഷം അടിയന്തര പ്രമേയമായി അവതരിപ്പിക്കുമെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തിൽ അമ്മയുടെ നടപടികളിൽ എന്തു തീരുമാനം എടുത്തുവെന്ന് വിശദീകരിക്കേണ്ടിയും വരും. വെറുതെ സർക്കാരിന് കൈമലർത്താൻ കഴിയില്ല. ഈ സാഹചര്യത്തിലാണ് സർക്കാർ അടിയന്തര ഇടപെടൽ നടത്തിയത്. ഇവ ഉയർത്തിയാകും സഭയിൽ ഈ വിഷയത്തിൽ സർക്കാർ ഇനി പ്രതിരോധം തീർക്കുക.
കുട്ടിയുടെ അമ്മ ജീവിച്ചിരിപ്പുണ്ടെന്നും ദത്തെടുക്കൽ നടപടികള് സംബന്ധിച്ച് പൊലീസും സർക്കാരും അന്വേഷണം നടത്തുന്നുണ്ടെന്നും കഴിഞ്ഞ ദിവസം സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യങ്ങളിൽ തീരുമാനമാകുന്നത് വരെ ദത്തിൽ തീർപ്പുകൽപ്പിക്കരുതെന്ന ആവശ്യമാണ് കോടതി ഇന്ന് പരിഗണിക്കുക. സർക്കാരിന്റെ ഹർജി കോടതി അംഗീകരിക്കുകയാണെങ്കിൽ കുട്ടിയെ ദത്തെടുത്തവരിൽ നിന്ന് തിരിച്ചുകൊണ്ടുവരാനുള്ള നടപടി സ്വീകരിക്കും. പിന്നീടാകും ഡിഎൻഎ പരിശോധന അടക്കമുള്ള നടപടികൾ. അമ്മയ്‌ക്കൊപ്പം സിപിഎം നിലയുറപ്പിക്കുന്നതും ഇതുകൊണ്ടാണ്.
അതേ സമയം അനുപമ അറിയാതെ കുഞ്ഞിനെ ദത്തുകൊടുത്ത സംഭവത്തിൽ ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാനെ വനിത- ശിശുവികസന ഡയറക്ടർ വിളിച്ചുവരുത്തി ഇന്നലെ മൊഴിയെടുത്തിരുന്നു. എല്ലാം നിയമപരമായാണ് ചെയ്‌തെന്നായിരുന്നു ഷിജു ഖാന്റെ പ്രതികരണം. ശിശുക്ഷേ സമിതി ഏറ്റുവാങ്ങിയ ആൺകുഞ്ഞിനെ പെൺകുഞ്ഞായി രേഖപ്പെടുത്തിയതും, സറണ്ടർ ചട്ടം ലംഘിച്ചതും അമ്മപരാതി നൽകിയിട്ടും കുട്ടിയെ ദത്ത് നൽകിയതും അടക്കം ഷിജുഖാന്റെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര വീഴ്ചകളാണെന്നാണ് വിലയിരുത്തൽ. ഇതെല്ലാം സർക്കാരിന് തലവേദനയാകും.
അതിനിടെ അനുപമയുടെ അച്ഛൻ ജയചന്ദ്രൻ, അമ്മ സ്മിത ഉൾപ്പെടെ ആറു പ്രതികൾ ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യം തേടി. 28ന് പൊലീസിനോട് നിലപാട് അറിയിക്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അനുപമയുടെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ നടപടിക്ക് സിപിഎം തയ്യാറെടുക്കുകയാണ്. വിഷയം പാർട്ടിക്ക് നാണക്കേടുണ്ടാക്കിയെന്ന വിലയിരുത്തലിലാണ് സിപിഎം നടപടിക്ക് ഒരുങ്ങുന്നത്. ശിശു ക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജു ഖാൻ, അനുപമയുടെ അച്ഛൻ ജയചന്ദ്രൻ എന്നിവർക്കെതിരെയാണ് നടപടിക്ക് നീക്കം.
ഷിജു ഖാനെ ശിശു ക്ഷേമ സമിതി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും അനുപമയുടെ അച്ഛൻ പി.എസ് ജയചന്ദ്രനെ പാർട്ടി പേരൂർക്കട എൽ.സി അംഗം എന്നീ സ്ഥാനങ്ങളിൽ നിന്ന് നീക്കാനുമാണ് പാർട്ടി തയ്യാറെടുക്കുന്നത്. കുട്ടിയെ നഷ്ടപ്പെട്ട അനുപമയ്ക്ക് ഒപ്പമാണെന്ന നിലപാടാണ് പാർട്ടി സംസ്ഥാന നേതൃത്വവും ജില്ലാ നേതൃത്വവും സ്വീകരിച്ചിരുന്നത്. എന്നിട്ടും എന്തുകൊണ്ടാണ് പാർട്ടിയുടെ നിയന്ത്രണത്തിലുള്ള കാര്യങ്ങളിൽ നടപടിയില്ലാത്തതെന്ന ചോദ്യം ഉയർന്നിരുന്നു. ശിശുക്ഷേമ സമിതിയുടെ ഭാരവാഹിയെന്ന നിലയിൽ ഡോ. എം ഷിജുഖാൻ ചില വീഴ്ചകൾ വരുത്തിയെന്നാണ് പാർട്ടി നിഗമനം. ഇതേതുടർന്നാണ് നടപടിക്ക് ഒരുങ്ങുന്നത്. ദത്ത് നൽകുന്നതിനുള്ള നടപടിക്രമങ്ങൾ പാലിക്കുന്നതിലും കുട്ടിയുടെ ലിംഗനിർണയം നടത്തുന്നതിലും വീഴ്ച വരുത്തിയെന്നാണ് പാർട്ടിയുടെ നിഗമനം.
അമ്മയുടെ സമ്മതമില്ലാതെ കുട്ടിയെ അവരിൽ നിന്ന് മാറ്റിയതിനാണ് അനുപമയുടെ അച്ഛനെതിരെ നടപടിക്ക് ഒരുങ്ങുന്നത്. ജയചന്ദ്രനെ പേരൂർക്കട ലോക്കൽ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കിയേക്കും. ഈ സമ്മേളനകാലത്ത് ഏരിയാ കമ്മിറ്റിയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കാൻ സാധ്യതയുള്ള നേതാവായിരുന്നു ജയചന്ദ്രൻ. അനുപമ വിഷയം ചർച്ച ചെയ്യണമെന്ന് സിപിഎം ജില്ലാ നേതൃത്വത്തിനുള്ളിൽ ആവശ്യമുണ്ടായിരുന്നു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി. ജയൻബാബുവാണ് ആവശ്യം മുന്നോട്ട് വെച്ചത്. എന്നാൽ വിഷയം ചർച്ച ചെയ്തുവെന്നല്ലാതെ മറ്റ് നടപടികളൊന്നും പാർട്ടി സ്വീകരിച്ചിരുന്നില്ല.
മറുനാടന് മലയാളി ബ്യൂറോ