തിരുവനന്തപുരം: പേരൂർക്കട ദത്ത് വിവാദത്തിൽ അനുപമയ്ക്ക് പിന്തുണയുമായി സാമൂഹിക പ്രവർത്തക മേധാ പട്കർ. അനുപമയ്ക്കും കുഞ്ഞിനുമുണ്ടായ ദുരിതങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറയണമെന്ന് മേധാ പട്ക്കർ ആവശ്യപ്പെട്ടു. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണം. അതിന് വേണ്ടി അനുപമ നടത്തുന്ന പോരാട്ടങ്ങൾക്ക് പിന്തുണയും അവർ പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് അനുപമയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു മേധാ പട്കറിന്റെ പ്രതികരണം.

തിരുവനന്തപുരത്തെ വൈഎംസിഎ ഹാളിലാണ് അനുപമയെയും കുഞ്ഞിനെയും കാണാൻ മേധാപട്കർ എത്തിയത്. അനുപമ അനുഭവിക്കേണ്ടി വന്നത് അങ്ങേയറ്റം ക്രൂരതകൾ ആയിരുന്നു. ഒരു കുടുംബവും ഇങ്ങനെ ഒരു പ്രവൃത്തി ചെയ്യുമെന്ന് ആരും കരുതില്ല. എന്നാൽ സർക്കാർ ജൻസികൾ കൃത്യമായി കാര്യങ്ങൾ മനസ്സിലാക്കി അമ്മയ്ക്കും കുഞ്ഞിനുമൊപ്പം നിൽക്കണമായിരുന്നു. അവർ ജനാധിപത്യപരമായാണ് പെരുമാറേണ്ടിയിരുന്നത്. എന്നാൽ ഇവിടെ അത് സംഭവിച്ചില്ല. എങ്കിലും ഒടുവിൽ അനുപമ തന്നെ യുദ്ധം ജയിച്ചതിൽ ആശ്വാസമുണ്ടെന്നും അവർ പറഞ്ഞു.

കുഞ്ഞിനെ അനുപമ അന്വേഷിക്കുന്നതറിഞ്ഞിട്ടും ദത്ത് നടപടികളുമായി മുന്നോട്ട് പോയ വിവരം സാമൂഹ് പ്രവർത്തക ഡോ. ജെ. ദേവിക മേധയെ ധരിപ്പിച്ചു. പൊലീസും ചൈൽഡ് വെൽഫയർ കമ്മിറ്റിയും ശിശുക്ഷേമ സമിതിയും സിപിഎം നേതാക്കളും ചേർന്നാണ് തന്റെ കുഞ്ഞിനെ നാടുകടത്തിയതെന്ന് അനുപമയും വിശദീകരിച്ചു

അനധികൃതമായി മകനെ നാടുകടത്തിയവർക്കെതിരെ ഇപ്പോഴും ഒരു നടപടിയെടുത്തിട്ടില്ല. കുറ്റക്കാരെല്ലാം ഇപ്പോഴും സുരക്ഷിതരാണെന്നും അനുപമ മേധാപട്കറോട് പറഞ്ഞു. സംഭവത്തിൽ മറുപടി പറയേണ്ടത് മുഖ്യമന്ത്രിയാണെന്ന് മേധ പ്രതികരിച്ചു. വനിതാ സംഘടനകൾ നിലപാട് വ്യക്തമാക്കണമെന്നും അവർ ആവശ്യപ്പെട്ടു. അര മണിക്കൂറോളം അനുപമയ്ക്കും കുഞ്ഞിനുമൊപ്പം ചെലവഴിച്ച് അവരുടെ പോരാട്ടങ്ങൾക്ക് പിന്തുണയും പ്രഖ്യാപിച്ചാണ് മേധ പട്കർ മടങ്ങിയത്.

ഡോ. ജെ. ദേവിക, ഡോ. ആസാദ്, സിആർ നീലകണ്ഠൻ, സമരസമിതി പ്രവർത്തകർ തുടങ്ങിയവരും അവിടെ എത്തിച്ചേർന്നിരുന്നു. കുട്ടിയെ നിയമവിരുദ്ധമായി ദത്ത് നൽകാൻ കൂട്ടുനിന്ന ശിശുക്ഷേമ സമിതി, സിഡബ്ല്യൂസി അധികൃതർക്കെതിരെ നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ ദിനമായ ഇന്നലെ മുതൽ അനുപമ ആരംഭിച്ച സമരത്തിന്റെ ഭാഗമായാണ് പിന്തുണയുമായി മേധാ പട്ക്കർ എത്തിയത്.