മുംബൈ: ബോളിവുഡിലെ ഏറ്റവും വലിയ നിർമ്മാണ കമ്പനികളിലൊന്നായ യഷ് രാജ് ഫിലിംസിന്റെ സിനിമകൾ തുടർച്ചയായി പരാജയപ്പെടുന്നതിന് കാരണം നേതൃത്വസ്ഥാനത്ത് ഇരിക്കുന്ന ആദിത്യ ചോപ്രയാണെന്ന് സംവിധായകൻ അനുരാഗ് കശ്യപ്. പുതിയ ചിത്രമായ 'ദൊബാര'യുടെ പ്രചരണവുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബോളിവുഡ് സിനിമകൾ സമീപകാലത്ത് തുടർച്ചയായി പരാജയപ്പെടുന്നതിന്റെ പിന്നിലെ കാരണം സൂചിപ്പിക്കുകയായിരുന്നു അദ്ദേഹം. യഷ് രാജ് ഫിലിംസിന്റെ സിനിമകൾ തുടർച്ചയായി പരാജയപ്പെടുന്നതിന് കാരണം ആദിത്യ ചോപ്രയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തലപ്പത്തുള്ള ഒരാൾ ഗുഹയിലാണ് ഇരിക്കുന്നത്. പുറത്ത് എന്താണ് നടക്കുന്നതെന്ന് അയാൾ അറിയുന്നില്ല. അവിടെ ഇരുന്ന് ആളുകൾ എങ്ങനെ സിനിമ ചെയ്യണം എന്തു പറയണമെന്ന് അവർ തീരുമാനിക്കുന്നു. സ്വന്തം കുഴി തോണ്ടുന്നു. ആദിത്യ ചോപ്ര ഒരു കൂട്ടം ആളുകളെ ജോലിക്കെടുത്തിട്ടുണ്ടെങ്കിൽ അവർ മുന്നോട്ട് കൊണ്ടുവരികയാണ് വേണ്ടത്. അല്ലാതെ ഭരിക്കുകയല്ല ചെയ്യേണ്ടത്. അതാണ് അദ്ദേഹം ചെയ്യുന്ന തെറ്റ്- അനുരാഗ് കശ്യപ് പറഞ്ഞു.

സിനിമ നിയന്ത്രിക്കുന്നത് രണ്ടാം തലമുറയിൽപ്പെട്ടവരാലാണ്. ഒട്ടും പക്വതയില്ലാത്ത ഉത്തരവാദിത്തമില്ലാത്തവരാണവർ. യഷ് രാജ് ഫിലിംസിന് അതു തന്നെയാണ് സംഭവിക്കുന്നത്. ഒരു കഥയെടുക്കുന്നു അതിൽ നിന്ന് പൈരേറ്റ്സ് ഓഫ് ദ കരീബിയൻ ഉണ്ടാക്കാൻ ശ്രമിക്കുന്നു. എന്നാൽ അത് തഗ്സ് ഓഫ് ഹിന്ദുസ്ഥാൻ ആയി പുറത്തുവരുന്നു. മാഡ് മാക്സിൽ നിന്ന് ഷംഷേരയുണ്ടാകുന്നു. ഷംഷേര മൂന്ന് നാല് കൊല്ലം മുൻപ് റിലീസ് ചെയ്തുവെങ്കിൽ ചിലപ്പോൾ വിജയമാകുമായിരുന്നു. ഇന്ന് ആളുകൾ ഒടിടിയിൽ മറ്റു സിനിമകൾ കാണുന്നുണ്ട്.

അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന ദൊബാര എന്ന ചിത്രത്തിന്റെ പ്രത്യേക പ്രദർശനം കഴിഞ്ഞ ദിവസം നടത്തിയിരുന്നു. മാധ്യമപ്രവർത്തകർക്കായി പ്രത്യേക ഷോ ഒരുക്കിയിരുന്നു. ഈ മാസം 19നാണ് ദൊബാര തിയേറ്ററുകളിലെത്തുന്നത്. തപ്സി പന്നു, പവൈൽ ഗുലാട്ടി എന്നിവരാണ് പ്രധാനവേഷങ്ങളിൽ എത്തുന്നത്. നാല് വർഷങ്ങൾക്ക് ശേഷം ഒരു അനുരാഗ് കശ്യപ് ചിത്രം തീയേറ്ററുകളിലേക്ക് എത്തുകയായിരുന്നു. 2018ൽ പുറത്തിറങ്ങിയ സ്പാനിഷ് ചിത്രം മിറാഷിന്റെ റീമേക്ക് ആണ് ദൊബാര. മിസ്റ്ററി ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രത്തിന്റെ അഡാപ്റ്റഡ് സ്‌ക്രീൻപ്ലേ നിഹിത് ഭാവെയാണ്. ബാലാജി മോഷൻ പിക്‌ചേഴ്‌സിന്റെ ബാനറിൽ ശോഭ കപൂറും ഏക്ത കപൂറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ഛായാഗ്രഹണം: സിൽവെസ്റ്റർ ഫൊൻസെക, എഡിറ്റിങ്: ആർതി ബജാജ്, പ്രൊഡക്ഷൻ ഡിസൈനിങ്: ഉർവി അഷർ, ഷിപ്ര റവാൽ, ആക്ഷൻ ഡയറക്ടർ: അമൃത് പാൽ സിങ്, വസ്ത്രാലങ്കാരം: പ്രശാന്ത് സാവന്ത്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: അമിത് എ നായിക്, പശ്ചാത്തല സംഗീതം: ഷോർ പൊലീസ്, സൗണ്ട് ഡിസൈനർ: ധിമ്മൻ കർമാകർ, സംഗീതം: ഷോർ പൊലീസ്, ഗൗരവ് ചാറ്റർജി, സ്റ്റിൽസ്: തേജീന്ദർ സിങ്. ഓഗസ്റ്റ് 19ന് ചിത്രം തിയേറ്ററുകളിലെത്തും. 2018ൽ പുറത്തിറങ്ങിയ മന്മർസിയാൻ ആണ് അനുരാഗിന്റെ സംവിധാനത്തിൽ അവസാനമായി തിയറ്ററുകളിലെത്തിയ ചിത്രം.