- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഒരു കണ്ണിന്റെ കാഴ്ച പൂർണ്ണമായും നഷ്ടമായി; രണ്ടാമത്തെ കണ്ണിന്റെ കാഴ്ചയും പോകുമെന്ന അഭിഭാഷക വാദം സത്യമെന്ന് തിരിച്ചറിഞ്ഞ് സുപ്രീംകോടതി; പ്രശ്നക്കാരിയാക്കി പുറത്തിറങ്ങാതിരിക്കാൻ ആവുന്നത് ശ്രമിച്ച് സർക്കാരും; നല്ലനടപ്പിൽ ജയിൽ അധികാരികളുടെ ഉറച്ച നിലപാടും നിർണ്ണായകമായി; അനുശാന്തി പരോളിൽ ഇറങ്ങുമ്പോൾ
തിരുവനന്തപുരം: ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസ് പ്രതി അനു ശാന്തിക്ക് ഒടുവിൽ ജയിൽ മോചനം! പരോളിലാണ് പുറത്തിറങ്ങൽ. പരോൾ അനുവദിക്കാതിരിക്കാനുള്ള സർക്കാർ നീക്കങ്ങളെ സുപ്രീംകോടതി വരെ നീണ്ട നിയമപോരാട്ടത്തിലൂടെയാണ് അനുശാന്തി തോൽപ്പിച്ചത്. സുപ്രീംകോടതി അഭിഭാഷകൻ വികെ ബിജുവിന്റെ നിയമ പോരാട്ടമാണ് ഫലം കാണുന്നത്.
അനുശാന്തിക്ക് സുപ്രീം കോടതി രണ്ട് മാസത്തെ പരോളാണ് അനുവദിച്ചു. നേത്രരോഗത്തിന് ചികിത്സ തേടാനാണ് അനുശാന്തിക്ക് പരോൾ അനുവദിച്ചിരിക്കുന്നത്. കാഴ്ച നഷ്ടപ്പെടുന്ന മയോപ്യ എന്ന രോഗാവസ്ഥയാണ് അനുശാന്തിക്ക്. ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടുവെന്നും ചികിത്സ കിട്ടിയില്ലെങ്കിൽ രണ്ടാമത്തെ കണ്ണിന്റെ കാഴ്ചയും നഷ്ടമാകുമെന്നുമാണ് അനുശാന്തിയുടെ അഭിഭാഷകൻ വികെ ബിജു കോടതിയെ അറിയിച്ചത്. സംസ്ഥാന സർക്കാരിന്റെ എതിർപ്പ് അവഗണിച്ചാണ് സുപ്രീം കോടതി അനുശാന്തിക്ക് പരോൾ നൽകിയത്. ആറ്റിങ്ങലിലെ സംഭവം നടന്ന മേഖലയിലേക്ക് പോകരുതെന്ന് ഉപാധി വച്ചാണ് ജസ്റ്റിസ് എസ് കെ കൗൾ അധ്യക്ഷനായ ബെഞ്ച് അനുശാന്തിക്ക് പരോൾ നൽകിയത്.
സംസ്ഥാന സർക്കാരിന്റെ എതിർപ്പ് അവഗണിച്ചാണ് അനുശാന്തിക്ക് സുപ്രീം കോടതി പരോൾ അനുവദിച്ചത്. മൂന്നര വയസ്സുള്ള സ്വന്തം മകളെയും, ഭർതൃമാതാവിനെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അനുശാന്തിയെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സ്റ്റാന്റിങ് കോൺസൽ സി കെ ശശി വാദിച്ചു. ഗുരുതരമായ ക്രൂരകൃത്യമാണ് നടത്തിയത്. ജയിലിൽ ചികത്സ നൽകുന്നുണ്ട്. അതിനാൽ പരോൾ അനുവദിക്കരുത് എന്നും സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു.
എന്നാൽ കഴിഞ്ഞ എട്ട് വർഷമായി അനുശാന്തിക്ക് പരോൾ ലഭിക്കുന്നില്ല എന്ന് അഭിഭാഷകൻ വി കെ ബിജു സുപ്രീംകോടതിയിൽ വ്യക്താക്കി. ഒരു കണ്ണിന്റെ കാഴ്ച്ച പൂർണമായും നഷ്ടപ്പെട്ടു. ഇനിയും വൈകിയാൽ രണ്ടാമത്തെ കണ്ണിന്റെ കാഴ്ചയും നഷ്ടമാകും. പരോൾ അനുവദിച്ച് നാട്ടിലെത്തിയാൽ ക്രമസമാധാന വിഷയങ്ങൾ ഉണ്ടാകും എന്ന സർക്കാർ വാദം തെറ്റാണെന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. വിവരാവകാശ രേഖകളിലൂടെ സർക്കാർ വാദങ്ങൾ പൊളിക്കുകയായിരുന്നു അഡ്വ ബിജു ചെയ്തത്.
അനുശാന്തിക്ക് പരോൾ കിട്ടാതിരിക്കാൻ ആവുന്നതെല്ലാം സർക്കാർ ചെയ്തിരുന്നു. അനുശാന്തിയുടെ സ്വഭാവം മോശമാണെന്ന് വരുത്താനും ശ്രമിച്ചു. എന്നാൽ ജയിലിലെ നല്ല കുട്ടിയാണ് അനുശാന്തിയെന്ന് ജയിൽ വാർഡൻ അടക്കം രേഖപ്പെടുത്തിയത് നിർണ്ണായകമായി. പൊലീസിൽ നിന്നും അനുശാന്തി പുറത്തു വന്നാൽ ക്രമസമാധാന പ്രശ്നമുണ്ടാകുമെന്ന റിപ്പോർട്ട് സംഘടിപ്പിക്കാനും ശ്രമം നടന്നു. എന്നാൽ ഇതെല്ലാം സുപ്രീംകോടതിയിൽ നിലനിന്നില്ല. അങ്ങനെയാണ് മാനുഷിക പരിഗണനകളിലൂടെ അനുശാന്തിക്ക് പരോൾ കിട്ടിയത്.
കഴിഞ്ഞ ദിവസമാണ് അനുശാന്തി ജയിൽ മോചിതയായത്. അനുശാന്തിയുടെ അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്. അതും മാസങ്ങൾക്കുള്ളിൽ പരിഗണനയ്ക്ക് വരും. ഈ സാഹചര്യത്തിൽ അനുശാന്തിക്ക് സുപ്രീംകോടതി അനുവദിച്ച പരോൾ ഏറെ നിർണ്ണായകമാകുകയും ചെയ്യും. 2014 ഏപ്രിലിലാണ് കുപ്രസിദ്ധമായ ആറ്റിങ്ങൽ ഇരട്ടക്കൊലപാതകം നടക്കുന്നത്. നാല് വയസുള്ള സ്വന്തം കുഞ്ഞ് സ്വാസ്തികയെയും ഭർത്താവിന്റെ അമ്മ ഓമനയേയും കാമുകനൊപ്പം ചേർന്ന് അനുശാന്തി കൊലപ്പെടുത്തിയെന്നതാണ് കേസ്. ടെക്നോപാർക്കിലെ സഹപ്രവർത്തകനും കാമുകനുമായ നിനോ മാത്യുവും അനുശാന്തിയും ചേർന്നാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. അനുശാന്തിയുടെ ഭർത്താവ് ലിജീഷ് കൊലപാതക ശ്രമത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു.
2014 ഏപ്രിൽ 16നാണ് സംഭവം. ലിജീഷിന്റെ സുഹൃത്താണെന്ന് പറഞ്ഞ് വീട്ടിലെത്തിയ നിനോ മാത്യു ഓമനയെക്കൊണ്ട് മകനെ വീട്ടിലേക്കു വിളിച്ചു വരുത്തിച്ചു. ഓമന ഫോണിൽ സംസാരിച്ചു കഴിഞ്ഞയുടൻ കയ്യിൽ കരുതിയ വടികൊണ്ട് അവരെ അടിച്ചു വീഴ്ത്തി. ഓമനയുടെ കൈയിൽ നിന്നു താഴെ വീണ കുഞ്ഞ് സ്വാസ്തികയെയും നിനോ മാത്യു അടിച്ചു കൊലപ്പെടുത്തി. കവർച്ചയ്ക്ക് വേണ്ടിയുള്ള കൊലപാതകമാണെന്ന് വരുത്താൻ ഓമനയുടെ ശരീരത്തിൽ ഉണ്ടായിരുന്ന സ്വർണ്ണാഭരണങ്ങൾ എടുത്തുമാറ്റി. അമ്മ വിളിച്ചതനുസരിച്ച് എത്തിയ ലിജീഷ് വീട്ടിനകത്തേക്ക് കയറിപ്പോൾ നിനോ കണ്ണിൽ മുളകുപൊടിയെറിഞ്ഞു, അതിന് ശേഷം തലയ്ക്ക് വെട്ടി. തലയിലും കാതിലും വെട്ടേറ്റ ലിജീഷ് പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നു. ഇതോടെ നിനോ മാത്യു സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. കൃത്യം നടത്തിയത് നിനോ മാത്യുവാണെന്നും അനുശാന്തി സഹായിച്ചെന്നും കണ്ടെത്തി.
2014 ജനുവരിയിൽ തന്നെ വീടിന്റെ ചിത്രങ്ങളെല്ലാം അനുശാന്തി ലിജീഷിന് അയച്ചുകൊടുത്തിരുന്നു. കൃത്യം നടത്തിയതിന് ശേഷം രക്ഷപ്പെടേണ്ട വഴിയടക്കം ഇത്തരത്തിൽ ഫോണിലൂടെ അയച്ചുകൊടുത്തിരുന്നു. ഡിജിറ്റിൽ തെളിവുകൾ നിർണ്ണായകമായ കേസിൽ 2016 ഏപ്രിലിലാണ് വിധി വന്നത്. നിനോ മാത്യുവിന് വധ ശിക്ഷ വിധിച്ചു. ആറ്റിങ്ങൽ വനിതാ ജയിലിൽ ഇരട്ട ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വരികെയാണ് അനുശാന്തിക്ക് പരോൾ കിട്ടുന്നത്. അറേബ്യയിലെ എല്ലാ സുഗന്ധലേപനങ്ങൾ കൊണ്ടു കൈ കഴുകിയാലും ഈ കൊടുംക്രൂരതയുടെ പാപം കഴുകിക്കളയാൻ ആവില്ലെന്ന ഷേക്സ്പിയറുടെ വരികൾ ഉദ്ധരിച്ചാണു കോടതി അനുശാന്തിക്ക് ഇരട്ട ജീവപര്യന്തം വിധിച്ചത്.
ജയിലിൽ തീർത്തും ശാന്ത സ്വഭാവമായിരുന്നു അനുശാന്തിയുടേത്. കുഞ്ഞുടുപ്പുകൾ തയ്ക്കുന്നതിലും അവർ ജയിലിൽ വിദഗ്ധയായിരുന്നു. ബാക്കി സമയങ്ങളിൽ അന്തേവാസികൾക്കു കംപ്യൂട്ടർ പരിശീലനവും നൽകി. ഇതെല്ലാം ജയിൽ അധികാരികളുടെ മതിപ്പിനും കാരണമായി. ഇതെല്ലാം പരിഗണിച്ചാണ് സുപ്രീംകോടതി പരോൾ അനുവദിച്ചത്.
മറുനാടന് മലയാളി ബ്യൂറോ