ബോളിവുഡ് താരം അനുഷ്‌ക ശർമ്മയുടെയും ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടെയും വിവാഹം കഴിഞ്ഞിട്ട് ദിവസങ്ങളായെങ്കിലും വാർത്തകളിലും സോഷ്യൽ മീഡിയായിലും ഇപ്പോഴും അനുഷ്‌കയും വിരാടും നിറഞ്ഞ് നില്ക്കുകയാണ്.വിവാഹത്തിന്റെയും ആഘോഷത്തിന്റെയും തിരക്കുകളൊക്കെ ഒഴിഞ്ഞ് കോഹ്ലിയും അനുഷ്‌കയും തങ്ങളുടേതായ ലോകത്തിലേക്ക് പ്രവേശിക്കാനൊരുങ്ങുന്നതാണ് പുതിയ വിശേഷം.

ഹണിമൂൺ കറക്കവും കഴിഞ്ഞു മടങ്ങിയെത്തിയ താരദമ്പതികൾക്ക് താമസിക്കാൻ മുബൈയിൽ 34 കോടി വിലവരുന്ന ഒരു ആഡംബര ഫ്ലാറ്റാണ് ഒരുങ്ങുന്നത്. മുംബൈയിലെ വോർളിയിലുള്ള 'ഓംകാർ 1973' എന്ന സമുച്ചയത്തിലെ 35 ആം നിലയിലാണ് ഈ 5 ബിഎച്‌കെ ആഡംബര ഫ്ലാറ്റ് ഉള്ളത്. നാല് പാർക്കിങ് സ്ലോട്ടുകളും ഈ താരദാമ്പതികൾക്കായി നൽകിയിട്ടുണ്ട്. പണി പൂർത്തിയായാലുടൻ ഇവർ അങ്ങോട്ട് താമസം മാറും.പുതുവർഷം പുതിയ വീട്ടിൽ താമസിക്കാനുള്ള പ്ലാനിലാണ് വിരാടും അനുഷ്‌കയും.

അത്യാധുനികമായ ബെസ്‌പോക് മോഡലിലാണ് ഫ്‌ളാറ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഒരു വലിയ മൈതാനം പോലെ തോന്നിക്കുന്ന ഈ ഫ്‌ളാറ്റ് ഉടമയുടെ ഇഷ്ടാനുസരണം മാറ്റം വരുത്താം എന്നതാണ് പ്രത്യേകത.ഓംകാർ '1973' ന്റെ ഭാഗമായ ഈ അപ്പാർട്ട്മെന്റിന് 7,171 ചതുരശ്ര അടി വലിപ്പമുണ്ട്. സമുച്ചയത്തിലെ ഏറ്റവും ആഡംബരപൂർണ്ണമായ സി-ടവറിൽ അറബിക്കടലിനോട് മുഖം നോക്കി നിൽക്കുന്നതാണ് കോഹ്ലിയുടെ സ്വപ്ന ഭവനം.വിരാടിന്റെയും അനുഷ്‌കയുടെയും നിർദ്ദേശപ്രകാരമുള്ള മാറ്റങ്ങളും ഇന്റീരിയർ ജോലികളും പുരോഗമിക്കുകയാണ്.

പക്ഷേ പുതിയ വീട്ടിലേക്ക് പ്രവേശിക്കുമ്പോൾ നവദമ്പതികൾക്ക് കൂട്ടായി മറ്റ് രണ്ടുപേർക്കൂടി കൂട്ടിന് ഉണ്ടാവും.മറ്റാരുമല്ല കോഹ്ലിയുടെ വളർത്തുനായ ബ്രൂണോയും അനുഷ്‌കയുടെ വളർത്തുനായ ഡ്യൂഡുമാണ് അവർക്കൊപ്പം പുതിയ വീട്ടിലുണ്ടാവുക. വലിയ മൃഗ സ്നേഹികളായ ഇരുവരും തങ്ങളുടെ വളർത്തു നായകളൊത്തുള്ള ചിത്രങ്ങളും, വീഡിയോകളും ഇൻസ്റ്റർഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്.

ഡൽഹിയിലെയും മുബൈയിലെയും സത്കാരങ്ങൾക്ക് ശേഷം വിരുഷ്‌ക ദമ്പതി സൗത്ത് ആഫ്രിക്കയിലേക്ക് മധുവിധുവിനായി പറക്കുമെന്നാണ് സൂചന.വിരാടിനും അനുഷ്‌കയ്ക്കും ഒരു പരിചയക്കാരൻ കൂടി അയൽപ്പക്കത്തുണ്ടെന്നാണ് സൂചന. ക്രിക്കറ്റ് താരം യുവരാജ് സിങ് ഇതേ കെട്ടിടത്തിന്റെ 29 ാം നിലയിൽ ഒരു ഫ്ളാറ്റ് സ്വന്തമാക്കിയിട്ടുണ്ട്.