ന്യൂഡൽഹി: അനുഷ്‌കാ ശർമ നായികയായ ഏറ്റവും പുതിയ ബോളിവുഡ് ചിത്രം പരിക്ക് പാക്കിസ്ഥാനിൽ നിരോധനം. മുസ്ലിം മതവികാരത്തെ വ്രണപ്പെടുത്തുന്നതാണ് ഈ സിനിമ എന്നാരോപിച്ചാണ് ഇവർ സിനിമയ്ക്ക് വിലക്ക് ഏർപ്പെടുത്തിയത്.

മന്ത്രവാദം പ്രോത്സാഹിപ്പിക്കുന്ന രംഗങ്ങളും മുസ്ലിം വികാരം വ്രണപ്പെടുത്തുന്ന രംഗങ്ങളും ഉള്ളതായി ചൂണ്ടിക്കാട്ടിയാണ് ചിത്രം നിരോധിച്ചതെന്ന് പാക് മാധ്യമമായ ദ എക്സ്പ്രസ് ട്രിബ്യൂൺ റിപ്പോർട്ട് ചെയ്യുന്നു. ഖുറാൻ വചനങ്ങൾ ചിത്രത്തിൽ ഉപയോഗിച്ചതും നിരോധനത്തിന് കാരണമായതായി ജിയോ ടിവി റിപ്പോർട്ട് ചെയ്തു.

മുസ്ലീങ്ങൾ ഖുറാൻ വചനങ്ങൾ മന്ത്രവാദത്തിന് ഉപയോഗിക്കുന്നവരായി സിനിമയിൽ ചിത്രീകരിക്കുന്നതായി ഇവർ ആരോപിക്കുന്നു. സിനിമയിൽ ഖുറാൻ വചനങ്ങൾ ഹൈന്ദവ മന്ത്രങ്ങളുമായി കൂട്ടിച്ചേർത്തും കാണിക്കുന്നുണ്ട്. മുസ്ലീങ്ങൾ ഖുറാൻ വചനങ്ങൾ മന്ത്രവാദത്തിന് ഉപയോഗിക്കുന്നവരായി ചിത്രീകരിച്ചിരിക്കുന്നു. ഇക്കാരണങ്ങളാലാണ് ചിത്രം നിരോധിച്ചതെന്ന് പാക് സെൻസർ ബോർഡിനോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.

മന്ത്രവാദത്തെ സിനിമ പോസിറ്റീവായി ചിത്രീകരിച്ചിട്ടുണ്ട്. ഇത് ഇസ്ലാം വിരുദ്ധമാണ്. മതവിരുദ്ധമായ കാര്യമാണ് ചിത്രം പ്രോത്സാഹിപ്പിക്കുന്നതെന്നും പാക് സെൻസർ ബോർഡ് വ്യക്തമാക്കി. കഴിഞ്ഞ മാസം ബോളിവുഡ് ചിത്രമായ പാഡ്മാനും പാക്കിസ്ഥാനിൽ നിരോധിച്ചിരുന്നു.