മുംബൈ: പ്രണയത്തിനും പ്രണയപരാജയത്തിനുമൊന്നും തന്റെ ജീവിതത്തിൽ ഒരു പ്രശ്‌നവുമുണ്ടാക്കാനാകില്ലെന്ന് ബോളിവുഡ് താരം അനുഷ്‌ക ശർമ. പുതിയ ചിത്രത്തിനായി ഗുസ്തി പരിശീലിക്കുന്ന ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്താണ് അനുഷ്‌ക ഇതൊന്നും തനിക്കു വലിയ കാര്യമല്ലെന്നു പറയുന്നത്.

'നോ പെയ്ൻ, നോ ഗെയ്ൻ' എന്ന തലക്കെട്ടോടെയാണു ചിത്രം പ്രസിദ്ധീകരിച്ചത്. ക്രിക്കറ്റിലും ബോളിവുഡിലും ഇത്രയേ ഉള്ളൂ കാര്യങ്ങൾ എന്നു വ്യക്തമാക്കുംവിധമാണു അനുഷ്‌കയുടെ ചിത്രങ്ങളും കമന്റും.

ഇന്ത്യൻ ടെസ്റ്റ് നായകൻ വിരാട് കോഹ്‌ലി പിണങ്ങിപ്പോയതിന്റെ സങ്കടത്തിൽ കരഞ്ഞിരിക്കാതെ അനുഷ്‌ക അക്ഷരാർഥത്തിൽ ഗോദയിലേക്ക് ഇറങ്ങിയിരിക്കുകയാണ്. ശരിക്കും ഗുസ്തി പിടിക്കുകയും ചെയ്തു.

സൽമാൻ ഖാൻ നായകനാകാുന്ന പുതിയ ചിത്രമായ സുൽത്താനു വേണ്ടി ഗുസ്തി പരിശീലിക്കാനാണു അനുഷ്‌ക ഗോദയിലെത്തിയത്. പരിശീലന ക്യാമ്പിൽ ട്രെയിനർക്കൊപ്പം ഗുസ്തി പരിശീലിക്കുന്ന ഫോട്ടോയാണ് അനുഷ്‌ക ട്വിറ്ററിലൂടെ പങ്കുവച്ചത്. ഒരു ഗുസ്തി താരത്തിന്റെ കഥ പറയുന്ന സുൽത്താൻ സംവിധാനം ചെയ്യുന്നത് അലി അബ്ബാസ് സഫറാണ്.