മുംബൈ: ബോളിവുഡ് താരം അനുഷ്‌ക്ക ശർമ്മയുമായി വിവാഹ നിശ്ചയ വാർത്തകൾ നിഷേധിച്ച് വിരാട് കോഹ്ലി. അനുഷ്‌ക്കയുമായി വിവാഹ നിശ്ചയം ഉടനില്ലെന്നും അങ്ങനെയൊന്ന് ഉണ്ടായാൽ തങ്ങൾ മറച്ച് വെക്കില്ലെന്നും ഇന്ത്യൻ ടെസ്റ്റ് നായകൻ വ്യക്തമാക്കി.

ഇക്കാര്യത്തിൽ പ്രചരിക്കുന്ന മാദ്ധ്യമ വാർത്തകളെയും കോഹ്ലി വിമർശിച്ചു. മാദ്ധ്യമങ്ങൾ തെറ്റായ റൂമറുകൾ പരക്കുന്നത് പ്രതിരോധിക്കുന്നില്ലെന്നും പകരം തെറ്റിദ്ധാരണ പരത്തുകയാണെന്നും കോഹ്ലി പറയുന്നു. അതിനാലാണ് തങ്ങൾതന്നെ ഈ കൺഫ്യൂഷന് വിരാമമിടുകയാണെന്നും കോഹ്ലി കൂട്ടിച്ചേർത്തു. ട്വിറ്ററിലൂടെയാണ് ഇന്ത്യൻ നായകന്റെ പ്രതികരണം.

അനുഷ്‌ക്ക ശർമ്മയുമായി കോഹ്ലിയുടെ വിവാഹ നിശ്ചയം പുതുവർഷ ദിനത്തിൽ ഉണ്ടായേക്കുമെന്ന് ചില ഇംഗ്ലീഷ് മാദ്ധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നതിനിടെയാണ് വാർത്ത നിഷേധിച്ച് കോഹ്ലി തന്നെ രംഗത്തെത്തിയത്. വിരാടിന്റേയും അനുഷ്‌കയുടേയും പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റുകളാണ് പുതിയ വാർത്തയ്ക്ക് അടിസ്ഥാനമായത്.

കോഹ്ലി പോസ്റ്റ് ചെയ്തത് ഒരു ഫോട്ടോയും അനുഷ്‌ക ഒരു വിഡിയോയും. ഏതാണ്ട് സമാനമായ പശ്ചാത്തലമുള്ള രണ്ട് പോസ്റ്റിലും ഒറ്റയ്ക്കാണ് ഇരുവരും. എന്നാൽ രണ്ട് പേരുടെ കഴുത്തിലും ദുദ്രാക്ഷ മാലയുണ്ട്. കൂടാതെ ഒരു ഹിന്ദു പുരോഹിതനൊപ്പും ഇരുവരും നിൽക്കുന്ന ചിത്രവും പുറത്തുവന്നു. ഇതോടെയാണ് വിവാഹനിശ്ചയം തീരുമാനമായി എന്ന തരത്തിലുള്ള തരത്തിലുള്ള റിപ്പോർട്ടുകൾ ശക്തമായത്.