നാലു വർഷത്തെ പ്രണയത്തിനൊടുവിൽ അനുഷ്‌ക വിരാടിന് സ്വന്തം. ബോളിവുഡിന്റെ പ്രിയനടിയും കാമുകിയുമായ അനുഷ്‌ക ശർമയെ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലി താലിചാർത്തിയത് ഇറ്റലിയിലെ മിലാനിലെ കടലോര സുഖവാസ കേന്ദ്രമായ ടസ്‌കനിൽ. ഇവിടെ ബോർഗോ ഫിനോച്ചിയോ റിസോർട്ടിലായിരുന്നു വിവാഹം. സാക്ഷിയായി ഇരുവരുടെയും അടുത്ത ബന്ധുക്കൾ മാത്രം.

നാലു വർഷത്തെ പ്രണയം ഒരു ബോളിവുഡ് സിനിമപോലെ സംഭവബഹുലമായിരുന്നു. ജീവിതത്തോടും കളിയോടുമുള്ള സത്യസന്ധത പ്രണയത്തിലും കാണിച്ച കോഹ്‌ലി ഒന്നും മറച്ചുവച്ചില്ല. ക്രിക്കറ്റ് യാത്രകളിലും പൊതുവേദികളിലും അവർ ഒരുമിച്ചു പ്രത്യക്ഷപ്പെട്ടു. വിവാഹ അഭ്യൂഹങ്ങൾക്കു വിരാമമിട്ട് കോഹ്‌ലി രാത്രി ഒൻപതു മണിക്ക് വിവാഹചിത്രം ട്വീറ്റ് ചെയ്തു. '' എല്ലാവർക്കും നന്ദി. ഇനിയീ പ്രണയയാത്രയിൽ ഞങ്ങളൊന്നിച്ച് '' പിങ്ക് നിറമുള്ള തലപ്പാവണിഞ്ഞ കോഹ്‌ലിയെ വിടർന്ന റോസാപ്പൂക്കൾ കോർത്ത വരണമാല്യമണിയിക്കാനൊരുങ്ങുന്ന അനുഷ്‌കയുടെ ചിത്രം മിനിറ്റുകൾക്കുള്ളിൽ വൈറലായി.

2013 ൽ ഒരു ഷാംപൂവിന്റെ പരസ്യചിത്രത്തിൽ ഒന്നിച്ചഭിനയിക്കുമ്പോൾ മൊട്ടിട്ട ക്രിക്കറ്റ്‌ബോളിവുഡ് പ്രണയകഥയാണ് മിലാനിൽ വിവാഹത്തിൽ പൂത്തുലയുന്നത്. അനൂഷ്‌കയുടെ കുടുംബഗുരു മഹാരാജ് അനന്ത് ബാബയും ചടങ്ങിനായി ഇറ്റലിയിൽ എത്തിയിരുന്നു.കോഹ്ലിയുടെ ബാല്യകാല പരിശീലകൻ രാജ്കുമാർശർമ ചടങ്ങിൽ പങ്കെടുത്തതായാണ് അറിയുന്നത്.ബോളിവുഡിൽ നിന്ന് ഷാരൂഖ് ഖാനും സൽമാൻ ഖാനും ആമിർഖാനും ക്രിക്കറ്റ് രംഗത്ത് നിന്ന് സച്ചിൻ തെണ്ടുൽക്കർക്കും യുവരാജ് സിങ്ങിനും മാത്രമായിരുന്നു ക്ഷണം.

പഞ്ചാബി ശൈലിയിൽ അലങ്കരിച്ച റിസോർട്ടിൽ, ഭാംഗ്ര നൃത്തമുണ്ടായിരുന്നു. ഈ മാസം 8 ന് അനൂഷ്‌ക മാതാപിതാക്കൾക്കും, സഹോദരനുമൊപ്പം ഇറ്റലിക്ക് വിമാനം കയറിയതോടടെ തന്നെ വിവാഹവാർത്തകൾ പരന്നിരുന്നു. ഈ മാസം 12 നാണ് താരവിവാഹമൈന്നാണ് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നത്.

ഇന്ത്യൻ ടീ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനായി യാത്ര തിരിക്കും മുമ്പ് ഈ മാസം 26 ന് മുംബൈയിൽ ബന്ധുക്കൾക്കും, സുഹൃത്തുക്കൾക്കുമായി വൻവിരുന്ന് ഒരുക്കിയിട്ടുണ്ടെന്നാണ് അറിയുന്നത്.