സിനിമയുടെ പ്രചരണാർത്ഥം സമൂഹ മാധ്യമത്തിലൂടെ സന്ദേശങ്ങൾ പ്രചരിപ്പിക്കുക എന്നത് ഇപ്പോൾ താരങ്ങളുടെ പതിവാണ്. ഇതിനിടയ്ക്ക് പോസിറ്റീവായും നെഗറ്റീവായും കമന്റുകൾ തേടിയെത്താറുമുണ്ട്. പലരും നെഗറ്റീവിന് പ്രതികരിക്കാറുമില്ല. എന്നാൽ ഇത്തരത്തിൽ കമന്റിടുന്നവർക്ക് ഓർമ്മപ്പെടുത്തലാണ് അനുശ്രീയുടെ ഫേസ്‌ബുക്ക് കമന്റ്. അനുശ്രീയുടെ പുതിയ ചിത്രമായ ഓട്ടർഷ കണ്ട് കാശുപോയെന്ന് പറഞ്ഞ ആരാധകന് ഉരുളയ്ക്കുപ്പേരി പോലെയാണ് അനുശ്രീ മറുപടി പറഞ്ഞത്. സിനിമ കണ്ട് കാശു പോയി എന്നറിയിച്ച ആരാധകനോട് അക്കൗണ്ട് നമ്പർ അയച്ചു തരൂ പണം തരാമെന്നാണ് താരം ഉത്തരം നൽകിയത്.

ഓട്ടർഷയുടെ സിനിമയുടെ പ്രചരണാർഥം ഇന്നലെ രാത്രി ലൈവിലെത്തിയതായിരുന്നു താരം. അതിനിടയിലാണ് ആഷിഖ് അലി എന്ന പ്രേക്ഷകന്റെ കമന്റ് വന്നത്. 'കുണ്ടിലും കുഴിയിലും വീണ് മനം മടുപ്പിച്ച് കൊല്ലുന്ന ഓട്ടർഷ. മുന്നൂറ് രൂപ സ്വാഹ..'എന്നായിരുന്നു ആഷിഖ് അലിയുടെ കമന്റ്. ഇത് കണ്ട താരം പ്രതികരിച്ചതിങ്ങനെ. ആഷിഖ് അലിക്ക് എന്തുകൊണ്ടാണ് മുന്നൂറ് രൂപ പോയതെന്ന് എനിക്ക് മനസിലാകുന്നില്ല. എന്റെ ഒഫീഷ്യൽ പേജിലേക്ക് ആഷിഖ് അലിയുടെ നമ്പറും അക്കൗണ്ട് ഡീറ്റെയ്ൽസും മെസേജ് ചെയ്യൂ.

 

രണ്ടു ദിവസത്തിനകം മുന്നൂറ് രൂപ ഞാൻ ട്രാൻസ്ഫർചെയ്തു തരാം. ഇതിന് ജിഎസ്ടി വരുമോ എന്നറിയില്ല. പെട്ടെന്ന് ആ അക്കൗണ്ട് ഡീറ്റൽയിൽസ് അയച്ചു തരൂ. ഇപ്പോൾ തന്നെ 300 രൂപ ഇട്ടുതരാം. ആരുടേയും നഷ്ടക്കച്ചോടത്തിനൊന്നും നമുക്ക് ഒട്ടർഷയുടെ കൂടെ നിക്കണ്ട. അത്ര വിഷമമാണ് ആ 300 രൂപ പോയതെന്നുണ്ടെങ്കിൽ അല്ലെങ്കിൽ അങ്ങനെ ആഷിഖിന് ഫീൽ ചെയ്‌തെങ്കിൽ എനിക്ക് മെസെജ് ചെയ്യേട്ടോ.- എന്നായിരുന്നു അനുശ്രീയുടെ മറുപടി.

പ്രിയ നായികയോട് ചോദ്യങ്ങളുമായി നിരവധി പേർ എത്തിയിരുന്നു. ഇനിയും തേപ്പ് വേഷങ്ങൾ കിട്ടിയാൽ ചെയ്യുമോ എന്നൊരു പ്രേക്ഷകൻ ചോദിച്ചപ്പോൾ, ഇത്രയും വർഷങ്ങൾക്കു ശേഷവും നിങ്ങൾ മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലെ സൗമ്യ എന്ന കഥാപാത്രത്തെ ഓർക്കുന്നെങ്കിൽ, അത് നല്ലൊരു കഥാപാത്രം ആയതുകൊണ്ടാണെന്ന് അനുശ്രീ പറയുന്നു. അതിനാൽ നല്ല തിരക്കഥയാണെങ്കിൽ അത്തരം വേഷങ്ങൾ ചെയ്യാൻ ഇനിയും ഒരു മടിയുമില്ലെന്നും അനുശ്രീ പറഞ്ഞു.