- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രഷർ തട്ടിപ്പ് കേസ്: പി.വി അൻവർ 50 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ വ്യാജരേഖകൾ ചമച്ച് അന്വേഷണം അട്ടിമറിച്ചെന്ന് പരാതിക്കാരൻ; ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് വ്യാഴാഴ്ച ഹാജരാക്കണമെന്ന് മഞ്ചേരി സി.ജെ.എം കോടതി
മലപ്പുറം: പി.വി അൻവർ എംഎൽഎ പ്രതിയായ ക്രഷർ തട്ടിപ്പ് കേസിൽ അന്വേഷണം അട്ടിമറിക്കാൻ ശ്രമമെന്ന് പരാതിക്കാരൻ. വ്യാജരേഖകൾ ചമച്ച് അന്വേഷണം അട്ടിമറിക്കുകയാണെന്നും കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് പരാതിക്കാരൻ മലപ്പുറം നടുത്തൊടി സ്വദേശി സലീം കോടതിയെ സമീപിച്ചത്.
കർണാടകയിൽ ക്രഷർ ബിസിനസിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് പ്രവാസി എൻജിനീയറുടെ 50 ലക്ഷം രൂപ പി.വി അൻവർ എംഎൽഎ തട്ടിയെടുത്തെന്ന കേസിൽ അന്വേഷണം അട്ടിമറിച്ചുവെന്നാണ് ആരോപണം. കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് വ്യാഴാഴ്ച ഹാജരാക്കാൻ മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എസ്. രശ്മി ഉത്തരവിട്ടു.
ഹൈക്കോടതി ഉത്തരവുപ്രകാരം അന്വേഷണം ആരംഭിച്ച് രണ്ടര വർഷം കഴിഞ്ഞിട്ടും പ്രതിയായ പി.വി അൻവർ എംഎൽഎയെ അറസ്റ്റു ചെയ്യുകയോ ക്രഷർ സംബന്ധമായ രേഖകൾ കണ്ടെടുക്കുകയോ ചെയ്യാതെ കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്നാണ് പരാതിയിൽ പറയുന്നത്.
കർണാടയിലെ ബൽത്തങ്ങാടി താലൂക്കിൽ തണ്ണീർപന്തൽ പഞ്ചായത്തിലെ മാലോടത്ത് കരായ എന്ന സ്ഥലത്ത് കെ.ഇ സ്റ്റോൺസ് ആൻഡ് ക്രഷർ എന്ന സ്ഥാപനം വിലക്കുവാങ്ങിയെന്നും 50 ലക്ഷം നൽകിയാൽ 10 ശതമാനം ഷെയറും മാസം അരലക്ഷം വീതം ലാഭവിഹിതം നൽകാമെന്നും പറഞ്ഞാണ് അൻവർ സലീമിൽ നിന്നും 50 ലക്ഷം തട്ടിയെടുത്തത്.
തട്ടിപ്പു സംബന്ധിച്ച് സലീം അന്നത്തെ സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ അറിയിച്ചെങ്കിലും നടപടി ഉണ്ടാകാതെ വന്നതോടെ മഞ്ചേരി പൊലീസിൽ പരാതി നൽകി.
എന്നാൽ പൊലീസ് എംഎൽഎക്കെതിരെ കേസെടുക്കാൻ തയ്യാറായില്ല. തുടർന്ന് 2017ൽ മഞ്ചേരി ചീഫ് ജുഡീഷ്യൽ മജീസ്‌ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് കോടതി ഉത്തരവിനെ തുടർന്ന് ജാമ്യമില്ലാത്ത ഐ.പി.സി 420 വകുപ്പിൽ വഞ്ചനാക്കുറ്റമാണ് പി.വി അൻവറിനുമേൽ മഞ്ചേരി പൊലീസ് ചുമത്തിയത്. എന്നാൽ തട്ടിപ്പുകേസ് സിവിൽ കേസാക്കി മാറ്റാൻ പൊലീസ് ശ്രമം നടത്തിയെന്നാണ് ആരോപണം.
ഇതോടെ പൊലീസ് കേസ് അട്ടിമറിക്കുകയാണെന്നു കാണിച്ച് സലീം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എംഎൽഎ പ്രതിയായ കേസ് പൊലീസ് അട്ടിമറിക്കാൻ ശ്രമിക്കുന്നത് ഗൗരവത്തിലെടുത്ത ഹൈക്കോടതി 2018 നവംബർ 13 -നു ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു.
സംസ്ഥാന പൊലീസ് മേധാവി 2018 നവംബർ 14 -നു അന്വേഷണത്തിന് ക്രൈം ബ്രാഞ്ച് എഡിജിപി യെ ചുമതലപ്പെടുത്തുകയും മലപ്പുറം ക്രൈംബ്രാഞ്ച് ഡി.വൈ.എസ്‌പി അന്വേഷണം ഏറ്റെടുക്കുകയും ചെയ്തു.
ക്രൈം ബ്രാഞ്ച് അന്വേഷണത്തിനുള്ള ഹൈക്കോടതി വിധി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് പി.വി അൻവർ എംഎൽഎ റിവ്യൂ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളി. ക്രൈം ബ്രാഞ്ച് അന്വേഷണം തുടരാൻ 2018 ഡിസംബർ അഞ്ചിന് വീണ്ടും ഹൈക്കോടതി ഉത്തരവിട്ടു.
എന്നാൽ ഹൈക്കോടതി ഉത്തരവു വന്ന് രണ്ടര വർഷം കഴിഞ്ഞിട്ടും അൻവറിനെം അറസ്റ്റു ചെയ്യാനോ ക്രഷർ സംബന്ധിച്ച രേഖകൾ കസ്റ്റഡിയിലെടുക്കാനോ ക്രൈം ബ്രാഞ്ച് തയ്യാറായില്ല. ദുബായിൽ പെട്രോളിയം എൻജിനീയറായ സലീം ആറു തവണയാണ് നാട്ടിലെത്തി അന്വേഷണസംഘത്തിന് മൊഴി നൽകുകയും തെളിവുകൾ സമർപ്പിക്കുകയും ചെയ്തത്. പ്രതിയായ പി.വി അൻവർ വിദേശത്തായതിനാൽ മൊഴിയെടുക്കാൻ സാധിച്ചില്ലെന്ന് ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്‌പി റിപ്പോർട്ട് നൽകിയും നേരത്തെ വിവാദമായിരുന്നു.
എംഎൽഎയുടെ രാഷ്ട്രീയ സാമ്പത്തിക സ്വാധീനത്തിനു വഴങ്ങി കർണാടയിൽ വ്യാജ രേഖകൾ ചമച്ച് ക്രൈം ബ്രാഞ്ച് കേസന്വേഷണം അട്ടിമറിക്കുന്ന ആശങ്ക ഉയർന്നതോടെയാണ് കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സലീം വീണ്ടും കോടതിയെ സമീപിച്ചത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്