സ്താദ് ഹോട്ടൽ' പുറത്തിറങ്ങി അഞ്ച് വർഷത്തിന് ശേഷം അൻവർ റഷീദ് ചിത്രം അണിയറയിൽ ഒരുങ്ങുന്നു. ഫഹദ് ഫാസിലെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന് ട്രാൻസ് എന്നാണ് പേര് നല്കിയിരിക്കുന്നത്.സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും പുറത്തിറങ്ങി.

ഫഹദ് നായകനാവുമ്പോൾ ഒപ്പം സൗബിൻ ഷാഹിർ, വിനായകൻ, ശ്രീനാഥ് ഭാസി, ചെമ്പൻ വിനോദ് ജോസ് എന്നിവർക്കൊപ്പം സംവിധായകൻ അൽഫോൻസ് പുത്രനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.അമൽ നീരദ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ ഓസ്‌കർ ജേതാവ് റസൂൽ പൂക്കുട്ടിയാണ്.

വിൻസെന്റ് വടക്കന്റേതാണ് രചന. ജാക്ക്സൺ വിജയൻ സംഗീതം. പ്രവീൺ പ്രഭാകർ എഡിറ്റിങ്. അജയൻ ചാലിശ്ശേരി കലാസംവിധാനം. അൻവർ റഷീദ് എന്റർടെയ്ന്മെന്റിന്റെ ബാനറിൽ സംവിധായകൻ തന്നെ നിർമ്മാണവും നിർവ്വഹിക്കുന്ന ചിത്രം വിതരണം ചെയ്യുന്നത് എ ആൻഡ് എ റിലീസാണ്. അൻവർ റഷീദും അമൽ നീരദും ചേർന്നുനടത്തുന്ന വിതരണക്കമ്പനിയാണ് എ ആൻഡ് എ.

'ഉസ്താദ് ഹോട്ടലി'ന് ശേഷം അൻവർ റഷീദ് ഫുൾലെങ്ത് സിനിമകളൊന്നും സംവിധാനം ചെയ്തില്ലെങ്കിലും ഒരു ഹ്രസ്വചിത്രം ഒരുക്കിയിരുന്നു. 2013ൽ പുറത്തിറങ്ങിയ സിനിമാസമുച്ചയമായ 'അഞ്ച് സുന്ദരികളി'ലെ 'ആമി' എന്ന ഹ്രസ്വചിത്രമാണ് അദ്ദേഹം സംവിധാനം ചെയ്തത്. പിന്നീട് 'അൻവർ റഷീദ് എന്റർടെയ്ന്മെന്റി'ന്റെ ബാനറിൽ രണ്ട് വമ്പൻ വിജയ ചിത്രങ്ങളുടെ നിർമ്മാതാവുമായി അദ്ദേഹം. അഞ്ജലി മേനോന്റെ 'ബാംഗ്ലൂർ ഡെയ്‌സും' അൽഫോൻസ് പുത്രന്റെ 'പ്രേമ'വും.