ന്യൂഡൽഹി: പാക് ജയിലിൽനിന്നും മോചിതനായി ഇന്ത്യയിലെത്തിയ ഹാമിദ് നിഹാൽ അൻസാരി വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ സന്ദർശിച്ചു. അമ്മയ്ക്കും കുടുംബാംഗങ്ങൾക്കും ഒപ്പമാണ് അൻസാരി വിദേശകാര്യ മന്ത്രിയെ കാണാനെത്തിയത്. പാക്കിസ്ഥാനിലെ ജയിലിൽ ആറു വർഷമായി തടവിലായിരുന്നു അൻസാരി.

'എന്റെ ഭാരതം ശ്രേഷ്ഠം, എന്റെ മേഡം(സുഷമാ സ്വരാജ്) ഗംഭീരം. മാഡമാണ്(സുഷമാ സ്വരാജ്) എല്ലാം ചെയ്തത്'- പാക്കിസ്ഥാനിലെ ജയിലിൽനിന്ന് മോചിതനായി ഇന്ത്യയിലെത്തിയ ഹമീദ് നിഹാൽ അൻസാരിയുടെ അമ്മ ഫൗസിയയുടെ വാക്കുകളാണിത്. ബുധനാഴ്ച, വിദേശകാര്യമന്ത്രി സുഷമാ സ്വരാജുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയാണ് ഫൗസിയ ഇങ്ങനെ പറഞ്ഞത്.

കൂടിക്കാഴ്ചയുടെ വീഡിയോ വാർത്താ ഏജൻസിയായ എ എൻ ഐ പുറത്തുവിട്ടു. ഫൗസിയ സുഷമയ്ക്കു നന്ദിപറയുന്നതും ആശ്ലേഷിക്കുന്നതും വീഡിയോയിൽ കാണാം.ചാരവൃത്തി ആരോപിച്ച് പാക്കിസ്ഥാനിൽ അറസ്റ്റിലായ ഹമീദ് ആറുവർഷങ്ങൾക്കു ശേഷമാണ് ഇന്ത്യയിലെത്തിയത്. ചൊവ്വാഴ്ചയാണ് വാഗ-അത്താരി അതിർത്തി കടന്ന് ഹമീദ് ഇന്ത്യയിലെത്തിയത്. സോഫ്റ്റ് വെയർ എൻജിനീയറായിരുന്ന ഹമീദ് 2012ലാണ് പാക്കിസ്ഥാനിൽ അറസ്റ്റിലാകുന്നത്.

തുടർന്ന് 2015 ഡിസംബർ 15ന് ഹമീദ് കുറ്റക്കാരനാണെന്ന് സൈനിക കോടതി കണ്ടെത്തുകയും പെഷവാർ സെൻട്രൽ ജയിലിലേക്ക് അയക്കുകയും ചെയ്തു. ഹമീദ് ഇന്ത്യൻ ചാരനാണെന്നും അനധികൃതമായി പാക്കിസ്ഥാനിലേക്ക് കടന്നതാണെന്നുമായിരുന്നു പാക്കിസ്ഥാന്റെ വാദം. എന്നാൽ ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും അൻസാരി വിട്ടയച്ചിരുന്നില്ല.

തന്നെ മോചിപ്പിക്കാൻ ആവശ്യമായ നടപടിക്രമങ്ങൾ സ്വീകരിച്ച സുഷമാസ്വരാജിനും വിദേശകാര്യമന്ത്രാലയത്തിനും ഹമീദ് നന്ദി അറിയിച്ചു. 'വീട്ടിലേക്ക് സ്വാഗതം മകനേ' എന്നായിരുന്നു ഹമീദിനെ സ്വാഗതം ചെയ്തുകൊണ്ടുള്ള ട്വീറ്റിൽ വിദേശകാര്യവക്താവ് രാവിഷ് കുമാർ കുറിച്ചത്. മുംബൈ സ്വദേശിയാണ് ഹമീദ്.