മിൽവാക്കി: ഓഗസ്റ്റ് 17 തിങ്കളാഴ്ച മുതൽ ആരംഭിച്ച ഡെമോക്രാറ്റിക് പാർട്ടി നാഷണൽ കൺവൻഷന്റെ രണ്ടാം ദിനമായ ചൊവ്വാഴ്ച സമ്മേളനത്തിൽ പങ്കെടുത്ത എല്ലാവരേയും ഞെട്ടിപ്പിച്ചു ന്യൂയോർക്കിൽ നിന്നുള്ള യുഎസ് കോൺഗ്രസ് പ്രതിനിധി അലക്സാൻഡ്രിയ ഒക്കേഷ്യ കോർട്ടിസ്, വെർമോണ്ട് സെനറ്റർ ബർണി സാന്റേഴ്സിനെ അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിയാക്കണമെന്ന് നിർദേശിച്ചു. ഒരു മിനിട്ടാണ് എഒസിക്ക് അനുവദിച്ചിരുന്നത്. മുൻ കൂട്ടി റെക്കാർഡ് ചെയ്ത വിഡിയൊ പ്രസംഗം 96 സെക്കൻഡ് നീണ്ടുനിന്നു. പ്രസംഗത്തിലുടനീളം ജോ ബൈഡന്റെ പേര് പരാമർശിക്കുന്നതിനു പോലും അക്കേഷ്യ തുനിഞ്ഞില്ല എന്നതു പ്രതിനിധികളെ അമ്പരപ്പിച്ചു. തിരഞ്ഞെടുപ്പ് പ്രചരണത്തിലുടനീളം ബെർണി സാന്റേഴ്സിന്റെ നയങ്ങളെ അക്കേഷ്യ ശക്തമായി പിന്തുണച്ചു

ആരോഗ്യസംരക്ഷണം, തൊഴിലില്ലായ്മ, കൂട്ടമായി കുടിയൊഴിപ്പിക്കൽ തുടങ്ങിയ നീറുന്ന പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന ലക്ഷക്കണക്കിനു അമേരിക്കൻ ജനതയുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ബെർണി സാന്റേഴ്സിനാകുമെന്ന് അക്കേഷ്യ പറഞ്ഞു. 21ാം നൂറ്റാണ്ടിൽ അമേരിക്കയെ ഔന്ന്യത്വത്തിലേക്ക് നയിക്കുന്നതിനും സാമൂഹ്യ സാമ്പത്തിക അടിത്തറ കെട്ടി പടുക്കുന്നതിനും നാം ഒരുമിച്ചു പ്രവർത്തിക്കണമെന്നും അക്കേഷ്യ അഭ്യർത്ഥിച്ചു.

29ാം വയസ്സിൽ ഡെമോക്രാറ്റിക് പ്രൈമറിയിൽ പത്തുതവണ ന്യുയോർക്ക് 14ാം കൺഗ്രഷണൽ ഡിസ്ട്രിക്റ്റിൽ നിന്നും തുടർച്ചയായി ജയിച്ചു വന്നിരുന്ന ഡെമോക്രാറ്റിക് കോക്കസ് ചെയർ ജൊ ക്രോലിയെ പരാജയപ്പെടുത്തിയാണ് സ്ഥാനാർത്ഥിത്വം നേടിയത്.2018 നടന്ന മിഡ്ടേം തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥി ആന്റണി പപ്പാസിനെ പരാജയപ്പെടുത്തി യുഎസ് കോൺഗ്രസിൽ അംഗമായപ്പോൾ യുഎസ് കോൺഗ്രസിലെ ആദ്യ പ്രായം കുറഞ്ഞ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് ഓഫ് അമേരിക്കാ വനിതാ പ്രതിനിധി എന്ന ബഹുമതി കൂടി ഇവർക്ക് ലഭിച്ചിരുന്നു.