കണ്ണൂർ: കേരളത്തിലെ ബിജെപി തകർക്കാൻ രണ്ടും കൽപ്പിച്ച് രണ്ടാം പിണറായി സർക്കാർ. കൊടകരയിലെ കുഴൽപ്പണ കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ അടക്കം പ്രതിക്കൂട്ടിൽ നിർത്തുന്ന പിണറായി പൊലീസിന്റെ അടുത്ത നോട്ടം ബിജെപി ദേശീയ വൈസ് പ്രസിഡന്റെ എപി അബ്ദുള്ളകുട്ടിയാണ്. അഴിമതിയുമായി ബന്ധപ്പെട്ട് അബ്ദുള്ളകുട്ടിയുടെ വീട്ടിൽ വിജിലൻസ് ഇന്ന് റെയ്ഡ് നടത്തി. അപ്രതീക്ഷിതമായിരുന്നു വിജിലൻസ് നീക്കം.

അബ്ദുള്ളക്കുട്ടിയുടെ കണ്ണൂർ പള്ളിക്കുന്നിലെ വീട്ടിലാണ് റെയ്ഡ. കണ്ണൂർ കോട്ടയിൽ ലൈറ്റ് ആൻഡ് സൗണ്ട് ഷോ സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട അഴിമതി കേസിലാണ് റെയ്ഡ്. ഇതിന്റെ വിശദാംശങ്ങൾ തേടിയാണ് പരിശോധന. ഒരു കോടി രൂപയിലധികം സംസ്ഥാന ഖജനാവിൽനിന്ന് ചെലവാക്കിയെന്നും പണം ദുർവ്യയം നടത്തിയെന്നുമാണ് ആരോപണം. ഡിവൈഎസ്‌പി ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തിലാണ് റെയ്ഡ്. 2016ൽ കണ്ണൂർ എംഎൽഎ ആയിരുന്ന കാലത്തായിരുന്നു പദ്ധതി നടപ്പാക്കിയത്. കോട്ട നവീകരിക്കുന്നതിന്റെ ഭാഗമായി ഡിടിപിസിയുമായി ചേർന്ന് വലിയ പദ്ധതി ആയിരുന്നു വിഭാവനം ചെയ്തിരുന്നത്.

യുഡിഎഫ് സർക്കാർ അധികാരമൊഴിയുന്നതിന് ദിവസങ്ങൾക്ക് മുമ്പ് തിരക്കുപിടിച്ചായിരുന്നു പദ്ധതി കൊണ്ടുവന്നത്. പദ്ധതിക്കായി ഉപകരണങ്ങളും മറ്റും വാങ്ങുന്നതിന് ഒരു കോടി രൂപ ചെലവഴിച്ചിരുന്നു. എന്നാൽ 2018-ൽ കണ്ണൂർ കോട്ടയിൽ ഒരു ദിവസത്തെ ലൈറ്റ് ആൻഡ് സൗണ്ട് ഷോ നടത്തിയതൊഴിച്ചാൽ മറ്റൊന്നും ചെയ്തിരുന്നില്ല. ഈ ഇനത്തിൽ വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് പരാതി. കഴിഞ്ഞ ദിവസങ്ങളിൽ കണ്ണൂർ ഡിടിപിസിയിൽ വിജിലൻസ് പരിശോധന നടത്തുകയും ഇതുമായി ബന്ധപ്പെട്ട് ഫയൽ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. അതിന്റെ തുടർച്ചയായാണ് ഈ റെയ്ഡ് നടന്നത്.

കണ്ണൂരിന് പെരുമയേറ്റിയ നിർമ്മിതിയാണ് സെന്റ് ആഞ്ചലോസ് കോട്ട. വിദേശികളും മഞ്ചേശ്വരം തൊട്ട് പാറശാലവരെയുള്ള സഞ്ചാരികളും എത്തുന്നയിടം. സഞ്ചാരികളുടെ പറുദീസയായിരുന്ന ഈ കോട്ടയിൽ നടത്തിയ 'ലൈറ്റ് ആൻഡ് സൗണ്ട് ഷോ' തട്ടിപ്പാണെന്ന് സിപിഎം ആരോപിച്ചിരുന്നു. അന്ന് കണ്ണൂരിലെ എംഎൽഎയായിരുന്നു അബ്ദുള്ളകുട്ടി. നാലു കോടിയാണ് ചെലവിട്ടത്. 56 മിനിറ്റ് നീളുന്ന പ്രദർശനത്തിൽ കോട്ടയുടെ അഞ്ച് നൂറ്റാണ്ട് നീളുന്ന ചരിത്രവും കണ്ണൂരിന്റെ ചരിത്രവും പ്രദർശിപ്പിക്കാനായിരുന്നു പദ്ധതി. ഇതിൽ വമ്പൻ അഴിമതി ആരോപിച്ചാണ് വിജിലൻസ് റെയ്ഡ്.

2016 ജനുവരി 30ന് നൽകിയ കരാർ പ്രകാരം ഷോ ഒരുക്കാൻ ആറുമാസം വേണം. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ഉദ്ഘാടന നാടകം ഘോഷമായി നടത്തിയെങ്കിലും തൊട്ടടുത്ത നാൾ പ്രദർശനം നിർത്തി. ഉമ്മൻ ചാണ്ടിയും എ പി അബ്ദുള്ളക്കുട്ടി എംഎൽഎയും കമ്പനിയിൽ സമ്മർദം ചെലുത്തിയാണ് ഉദ്ഘാടനത്തിന് താൽക്കാലിക പ്രദർശനം തട്ടിക്കൂട്ടിയത് എന്നാണ് ആരോപണം. ഉദ്ഘാടനപ്പിറ്റേന്ന് താൽക്കാലിക സജ്ജീകരങ്ങൾ അഴിച്ച് കരാർചുമതലയുള്ള ബംഗളൂരു സിംപോളിൻ ടെക്‌നോളജീസ് മടങ്ങി. ലൈറ്റ് ആൻഡ് സൗണ്ട് ഷോ കാണാൻ കോട്ടയിലെത്തുന്നവർ നിരാശരായി. ഇതാണ് വിജിലൻസ് കേസിന് ആധാരം.

2013 ഫെബ്രുവരിയിൽ കണ്ണൂർ ഡി.ടി.പി.സി. ടൂറിസം വകുപ്പ് മുഖേന സമർപ്പിച്ച പദ്ധതിക്ക് 2013-ലെ ബജറ്റിൽ അന്നത്തെ ധനമന്ത്രി കെ.എം.മാണി 3.5 കോടി അനുവദിച്ചിരുന്നു. കണ്ണൂർ കോട്ടയിൽ പ്രത്യേകം ഒരുക്കിയ ശബ്ദവെളിച്ച സംവിധാനത്തിന്റെ അടിസ്ഥാനത്തിൽ അതിമനോഹരമായ ദൃശ്യവിരുന്ന് ഒരുക്കുകയായിരുന്നു ലക്ഷ്യം. ഹൈദരാബാദിലും ഡൽഹിയിലും മറ്റും കോട്ടകളെ കേന്ദ്രീകരിച്ചുള്ള ഇത്തരം ലൈറ്റ് ആൻഡ് സൗണ്ട് ഷോകൾ ആയിരക്കണക്കിന് സന്ദർശകരെ ആകർഷിക്കുന്നതാണ്. അന്ന് കോൺഗ്രസ് നേതാവായിരുന്ന എ.പി.അബ്ദുള്ളക്കുട്ടി എംഎ‍ൽഎ.യുടെ പ്രത്യേക താത്പര്യപ്രകാരമാണ് പദ്ധതിക്ക് ഫണ്ടനുവദിച്ചത്.

പൊതുമേഖലാ സ്ഥാപനമായ കിറ്റ്കോയും ബാംഗ്ലൂരിലെ കൃപ ടെലികോമും സംയുക്തമായാണ് പദ്ധതി നടപ്പാക്കാൻ ശ്രമിച്ചത്. വിദേശാഗമനവും അടിമത്തവും പിന്നീട് സ്വാതന്ത്ര്യത്തിന്റെ പ്രകാശവുമാണ് 45 മിനുട്ട് ദൈർഘ്യമുള്ള ഷോവിന്റെ ഇതിവൃത്തം എന്നും അറിയിച്ചിരുന്നു. പക്ഷേ അത് യാഥാർത്ഥ്യമായില്ല.