മലപ്പുറം: മലപ്പുറവും കേരളവും ദേശീയ രാഷ്ട്രീയത്തിനൊപ്പം നിൽക്കണമെന്ന് മലപ്പുറം പാർലമെന്റ് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി എ പി അബ്ദുള്ളക്കുട്ടി. മലപ്പുറം മാറുമെന്നാണ്​ പ്രതീക്ഷയെന്നും കേരളത്തിലും ബിജെപി അധികാരത്തിൽ വരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നരേന്ദ്ര മോദിയുടെ പിന്തുണയോടെ മലപ്പുറം നഗരത്തെ സ്​മാർട്ട്​ സിറ്റിയാക്കുമെന്നും അബ്ദുള്ളക്കുട്ടി അവകാശപ്പെട്ടു. ​

മലപ്പുറത്തെ മഹാ ഭൂരിപക്ഷംപേരും നല്ലവരാണെന്നും തീവ്രവാദികൾ ചെറിയ ന്യൂനപക്ഷം മാത്രമാണെന്നും അബ്​ദുല്ലക്കുട്ടി പറഞ്ഞു. ''മലപ്പുറത്തെ രണ്ട്​ ഉപതെരഞ്ഞെടുപ്പുകളുടെയും ചെലവ്​ കുഞ്ഞാലിക്കുട്ടിയുടെ വീട്ടിൽ നിന്നും ഈടാക്കണം. ഈ തെരഞ്ഞെടുപ്പിൽ മലപ്പുറവും കേരളവും ദേശീയ രാഷ്​ട്രീയത്തിനൊപ്പം നിൽക്കണം. കേരളത്തിലെ എട്ട്​ ലക്ഷം ഹെക്​ടർ കൃഷി ഒന്നര ലക്ഷം ഹെക്​ടർ കൃഷിയായി കുറഞ്ഞു. ഇന്ത്യയിൽ ഏറ്റവും തൊഴിലില്ലായ്​മ വർധിച്ചിരിക്കുന്ന സംസ്ഥാനമാണ്​ കേരളം. എൽ.ഡി.എഫും യു.ഡി.എഫും ജനങ്ങളുടെ രാഷ്​ട്രീയ മനസ്സും വികസനവും മുരിടിപ്പിച്ചിരിക്കുകയാണ്​. കേരളത്തിലും ബിജെപി അധികാരത്തിൽ വരും.''

''മലപ്പുറം മാറുമെന്നാണ്​ പ്രതീക്ഷ. കേരളത്തിലെ പെട്രോൾവില വർധനവിന്​ ഉത്തരവാദി പിണറായിയും തോമസ്​ ഐസക്കുമാണ്​. പെട്രോൾ വില ജി.എസ്​.ടിയിൽ ഉൾപ്പെടുത്താൻ പറഞ്ഞപ്പോൾ കേരളം എതിർത്തിരുന്നു. ഞാൻ മാഹിയിൽ നിന്നും ഡീസൽ അടിച്ചതുകൊണ്ടുതന്നെ അഞ്ചുരൂപ കുറവാണ്​. പെട്രോൾ വിലയെക്കുറിച്ച്​ കോൺഗ്രസ്​ ​പണ്ട്​ ചെയ്​തതുപോലെ ആഗോള പ്രതിഭാസമെന്ന്​ പറഞ്ഞ്​ കൈയൊഴുന്നില്ല. നരേന്ദ്ര മോദിയുടെ ഭരണം മുന്നേറു​േമ്പാൾ പെട്രോൾ മാഫിയയെ നിലക്ക്​ നിർത്തും'' -അബ്​ദുല്ലക്കുട്ടി പറഞ്ഞു.

എ പി അബ്​ദുള്ളക്കുട്ടി കേരള രാഷ്ട്രീയത്തിൽ എന്നും അത്ഭുതമാണ്. സിപിഎമ്മിൽ നിന്നും കോൺ​ഗ്രസിലൂടെ ബിജെപിയിലെത്തിയ, ദേശീയ മുസ്ലിം എന്ന് സ്വയം വിളിക്കുന്ന ഈ രാഷ്ട്രീയ നേതാവിന്റെ വളർച്ച എന്നും പ്രവചനാതീതമായിരുന്നു. രാജ്യത്തെ ഭരണകക്ഷിയായ ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്റ് പദവിയിലേക്ക് ഉയരുമ്പോഴും അദ്ദേഹത്തിന് ലഭിക്കുന്നത് പ്രവർത്തന മികവിനെക്കാൾ നിലപാടുകൾക്കുള്ള അം​ഗീകാരമാണ്. സ്വന്തം നിലപാടുകൾ നിൽക്കുന്ന സ്ഥലത്തിന്റെ കാലാവസ്ഥ നോക്കി തുറന്ന് പറയാതിരിക്കുന്ന ആളല്ല എ പി അബ്​ദുള്ളക്കുട്ടി. ഒരിക്കൽ സിപിഎമ്മിന്റെ സ്വന്തം അത്ഭുതക്കുട്ടിയായിരുന്ന ഈ നേതാവ് ഇപ്പോൾ ബിജെപിക്കും അത്ഭുതക്കുട്ടി ആകുകയാണ്.

സിപിഎം എംപിയായും കോൺഗ്രസ് എംഎൽഎയായും വിജയിച്ചിട്ടുള്ള അബ്ദുള്ളക്കുട്ടി ബിജെപിയിലൂടെയാണ് ദേശീയ രാഷ്ട്രീയത്തിലേക്ക് വളർന്നത്. സിപിഎം വിട്ട് കോൺഗ്രസിലെത്തിയ അബ്ദുള്ളക്കുട്ടി, കഴിഞ്ഞ വർഷമാണ് കോൺഗ്രസ് നേതൃത്വവുമായി പിണങ്ങി ബിജെപിയിൽ ചേർന്നത്. എസ്.എഫ്.ഐ. സംസ്ഥാന പ്രസിഡന്റായിരിക്കെ കണ്ണൂരിൽ മത്സരിക്കാൻ വന്നപ്പോഴാണ് അബ്ദുള്ളക്കുട്ടി ‘അദ്ഭുതക്കുട്ടി'യായത്. കണ്ണൂർ മണ്ഡലത്തിൽ അഞ്ചു തിരഞ്ഞെടുപ്പിൽ അജയ്യനായി നിന്ന മുല്ലപ്പള്ളി രാമചന്ദ്രനെതിരെ 1999ൽ എ.പി. അബ്ദുല്ലക്കുട്ടിയെ സിപിഎം സ്ഥാനാർത്ഥിയായി ഇറക്കുമ്പോൾ മൂക്കത്തു വിരൽ വച്ചവരുണ്ട്.

1984 മുതൽ മുല്ലപ്പള്ളി തുടർച്ചയായി ജയിക്കുന്ന മണ്ഡലത്തിൽ അബ്ദുല്ലക്കുട്ടിയെ ഇറക്കുമ്പോൾ സിപിഎമ്മിനും വിജയപ്രതീക്ഷ ഉണ്ടായിരുന്നില്ല. യുവത്വം, ന്യൂനപക്ഷ പ്രാതിനിധ്യം എന്നിവ കണക്കിലെടുത്ത് അദ്ദേഹത്തിനു സീറ്റ് നൽകുകയായിരുന്നു. എന്നാൽ 10247 വോട്ടിന് അട്ടിമറിച്ച് 15 വർഷം നീണ്ട മുല്ലപ്പള്ളിയുടെ പടയോട്ടം അബ്ദുല്ലക്കുട്ടി അവസാനിപ്പിച്ചു. 2004ലും മുല്ലപ്പള്ളിയെ തന്നെ തോൽപ്പിച്ചെങ്കിലും അടുത്ത തിരഞ്ഞെടുപ്പിനു മുൻപായി അബ്ദുല്ലക്കുട്ടി മുല്ലപ്പള്ളിയുടെ കോൺഗ്രസിലെത്തി.

2009 ൽ നരേന്ദ്ര മോദിയുടെ ഗുജറാത്ത് മോഡൽ വികസനത്തെ പുകഴ്‌ത്തിയതോടെ അബ്ദുള്ളക്കുട്ടിയെന്ന അദ്ഭുതക്കുട്ടി സിപിഎമ്മിൽ നിന്നും പുറത്തായി. പുറത്താക്കപ്പെട്ട അബ്ദുള്ളക്കുട്ടി നേരെ പോയത് കോൺഗ്രസിലേക്കും. വികസനത്തിനു ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയെ മാതൃകയാക്കണമെന്ന് അബ്‌ദുല്ലക്കുട്ടി പറ‍ഞ്ഞത് അദ്ദേഹം സിപിഎമ്മിൽ ആയിരുന്നപ്പോഴാണ്. സിപിഎം ജില്ലാ നേതൃത്വത്തിന് അനഭിമതനായ അബ്ദുല്ലക്കുട്ടിയുടെ പേരിൽ അതിനു മുൻപേ രണ്ടുതവണ പാർട്ടി അച്ചടക്ക നടപടി എടുത്തിരുന്നു. സിപിഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ടതിനു കാരണവും മോദീപ്രശംസ തന്നെ.

ലോക്‌സഭയിലേക്ക് സുധാകരൻ തെരഞ്ഞെടുക്കപ്പെട്ട ഒഴിവിൽ കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ അബ്ദുള്ളക്കുട്ടി യു.ഡി.എഫ് സ്ഥാനാർത്ഥിയാകുകയും ചെയ്തു. ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച് നിയമസഭയിൽ എത്തിയ അബ്ദുള്ളക്കുട്ടി 2011-ലെ തെരഞ്ഞെടുപ്പിലും വിജയം ആവർത്തിച്ചു. 2016-ലെ തെരഞ്ഞെടുപ്പിൽ തലശേരിയിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും സിപിഎമ്മിലെ എ.എൻ ഷംസീറിനോട് പരാജയപ്പെട്ടു.

2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനു പിന്നാലെയാണ് മോദിയെ പുകഴ്‌ത്തി അബ്ദുള്ളക്കുട്ടി വീണ്ടും രംഗത്തെത്തിയത്. കോൺഗ്രസ് അച്ചടക്ക നടപടി തുടങ്ങിയതിനു പിന്നാലെ അബ്ദുള്ളക്കുട്ടി ബിജെപിയിൽ ചേർന്ന് സംസ്ഥാന നേതൃത്വത്തിന്റെ ഭാഗമായി. കേരളത്തിലെ നേതാക്കളെ പോലും തഴഞ്ഞാണ് ബിജെപി അബ്ദുള്ളക്കുട്ടിയെ ദേശീയ ഉപാധ്യക്ഷ സ്ഥാനത്തേക്ക് നിയോഗിച്ചത്. ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട അബ്ദള്ളക്കുട്ടി ദേശീയ രാഷ്ട്രീയത്തിൽ മുതൽക്കൂട്ടാകുമെന്ന വിലയിരുത്തലിലാണ് ബിജെപി ദേശീയ നേതൃത്വം.