തിരുവനന്തപുരം: ഓർമയില്ലേ..നിവിൻ പോളിയെ തനിക്ക് അറിയില്ലായിരുന്നുവെന്ന് ശാന്തി കൃഷ്ണ പറഞ്ഞത? ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന സിനിമയിൽ അഭിനയിക്കുന്നതിന് മുമ്പായിരുന്നു ചിത്രത്തിലെ നായകനായ നിവിൻ പോളിയെ അറിയാൻ താൻ ഗൂഗിളിൽ തിരയേണ്ടി വന്നെന്ന് നടി ശാന്തി കൃഷ്ണ പറഞ്ഞത്. നിവിൻ പോളി ഫാൻസ് സോഷ്യൽ മീഡിയയിൽ ആക്രമണം അഴിച്ചുവിട്ടതോടെ, ശാന്തികൃഷ്ണ വിശദീകരണവുമായി വരികയും ചെയ്തു.

സിനിമയിൽ നിന്ന് ഒരുപാടു കാലം വിട്ടു നിന്നതുകൊണ്ടും, പുതിയ മലയാള സിനിമകൾ കാണാത്തതുകൊണ്ടുമാണ് നിവിനെക്കുറിച്ചറിയാൻ ഗൂമിളിൽ തിരയേണ്ടി വന്നതെന്നും ശാന്തി കൃഷ്ണ പറഞ്ഞു. സമാനമായ ചോദ്യം അടുത്തിടെ നടന്ന ഒരു അഭിമുഖത്തിലും ഉയർന്നപ്പോഴാണ് മറ്റൊരു കാര്യം കൂടി അവർ വെളിപ്പെടുത്തിയത്.

തന്നെക്കുറിച്ച് അറിയാൻ നടി അപർണ ഗോപിനാഥിന് ഗൂഗിളിൽ തിരയേണ്ടി വന്നു. ഇക്കാര്യം അപർണ തന്നെയാണ് തന്നോട് പറഞ്ഞതെന്നും അവർ വെളിപ്പെടുത്തി. സുവീരൻ സംവിധാനം ചെയ്യുന്ന 'മഴയത്ത്' എന്ന സിനിമയിൽ അഭിനയിക്കാൻ വേണ്ടി ചെന്നപ്പോൾ ആണ് അപർണയെ കാണുന്നത്. അതിനു മുമ്പ് ഇരുവരും പരസ്പരം കണ്ടിരുന്നില്ല.

തന്റെ കൂടെ മാം ആണ് അഭിനയിക്കുന്നത് എന്ന് പറഞ്ഞപ്പോൾ തനിക്ക് സന്തോഷം തോന്നി. പക്ഷെ ഗൂഗിൾ ചെയ്തു നോക്കേണ്ടി വന്നു എന്നായിരുന്നു അപർണയുടെ മറുപടി. പക്ഷെ താൻ അതൊരു മോശം സംഭവമായി കരുതുന്നില്ലെന്നും. ഇതേ കാര്യമാണ് നിവിന്റെ കാര്യത്തിലും സംഭവിച്ചതെന്നും ശാന്തി കൃഷ്ണ ചിരിച്ചുകൊണ്ടു പറഞ്ഞു.