കോഴിക്കോട്: ഇ.എം.എസ് മുതൽ ഉമ്മൺചാണ്ടി മന്ത്രിസഭ വരെയുള്ള തെരഞ്ഞെടുപ്പ് ചരിത്രങ്ങൾ ഇനി വിരൽ തുമ്പിലറിയാം. തെരഞ്ഞെടുപ്പ് വാർത്തകൾ മുതൽ പഴയകാല തെരഞ്ഞെടുപ്പ് ചരിത്രം വരെ ഉൾകൊള്ളുന്ന ആദ്യത്തെ സമ്പൂർണ മൊബൈൽ ആപ്ലികേഷന് രൂപം നൽകി മലയാളി യുവാക്കൾ. ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തക്കുന്ന ബുൾഫിഞ്ച് സോഫ്റ്റ് വെയർ കമ്പനിയിലെ മലയാളി യുവാക്കളാണ് നൂതന സംവിധാനവുമായി രംഗത്തെത്തിയിട്ടുള്ളത്.

പെരിന്തൽമണ്ണ സ്വദേശികളായ ആസിഫ്, സംഗീത, ശ്രീജിത്, രാഹുൽ, പട്ടാമ്പി സ്വദേശി സുഹൈൽ, ജോസഫ് മുവാറ്റുപുഴ, നിജേഷ് വൈക്കം എന്നിവരാണ് ആപ്ലിക്കേഷന്റെ രൂപകൽപനക്കു പിന്നിൽ. തെരഞ്ഞെടുപ്പിനെ കുറിച്ച് എന്താണോ അറിയേണ്ടത് അതെല്ലാം ഈ ആപ്ലികേഷനിലുണ്ട്. ഒന്നര മാസത്തെ പ്രയത്‌നത്തിനൊടുവിലാണ് ഇത്തരത്തിലുള്ള ഒരു ആപ്ലികേഷന് രൂപം നൽകാൻ ഇവർക്ക് സാധിച്ചത്. ബുൾഫിഞ്ച് കമ്പനിയിലെ ഇരുപതോളം ജീവനക്കാരുടെ പിന്തുണയും സഹായവും ലഭിച്ചതോടെയാണ് അഭിമാന നേട്ടത്തിൽ കയ്യൊപ്പ് ചാർത്താൻ ഈ യുവാക്കൾക്ക് സാധിച്ചത്.

ഇലക്ഷൻ നൗ എന്ന പേരിലാണ് ആപ്ലികേഷനുള്ളത്. കേരള നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഏതു സംശയത്തിനും ആശ്രയിക്കാവുന്ന ആദ്യത്തെ മെബൈൽ ആപ്ലിക്കേഷനാണിത്. തെരഞ്ഞെടുപ്പിനെക്കുറിച്ച് എന്താണറിയേണ്ടത്, അതെല്ലാം ഇനി നിങ്ങളുടെ വിരൽത്തുമ്പിൽ എന്നാണ് ഇവരുടെ വാഗ്ദാനം. വിധി എഴുതും മുമ്പേ വിരൽത്തുമ്പിലറിയൂ..എന്ന ക്യൂപ്ഷനോടുകൂടിയാണ് ആപ്പിന്റെ പ്രവർത്തനം. തെരഞ്ഞടുപ്പ് വാർത്തകൾ, പഴയകാല ചരിത്രം, ഇ.എം.എസ്. മുതൽ ഉമ്മൻ ചാണ്ടി മന്ത്രിസഭ വരെയുള്ള കാലത്തെ തെരഞ്ഞെടുപ്പുകൾ, മണ്ഡലങ്ങളുടെയും സ്ഥാനാർത്ഥികളുടെയും തെരഞ്ഞെടുപ്പ് ചരിത്രം, വോട്ടർ പട്ടികയിൽ പേര് ഉണ്ടോ എന്ന് പരിശോധിക്കാനും ബൂത്ത് കണ്ടെത്താനും പുതിയ വോട്ടർ ഐ.ഡിക്ക് അപേക്ഷിക്കാനുമുള്ള സംവിധാനം. കക്ഷി, പാർട്ടി, മണ്ഡലങ്ങൾ തിരിച്ചുള്ള തത്സമയ റിസൾട്ടുകൾ എല്ലാം ആപ്പിലൂടെ അറിയാനാവും.

1957 മുതലുള്ള കേരള നിയമസഭയുടെ ചരിത്രം ഈ ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നതാണ് ഏറെ പ്രത്യേകത. ആപ്പ് ഡൗൺലോഡ് ചെയ്യുന്ന ആർക്കും ഈ വിവരങ്ങൾ ലഭ്യമാണ്. രജിസ്റ്റർ ചെയ്തവർക്ക് സ്വന്തം പോളിംങ് ബൂത്തിനെക്കുറിച്ചുള്ള വിവരങ്ങളും ആപ്പിലൂടെ ലഭിക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റ് വഴി മാത്രമായയിരുന്നു ഈ സൗകര്യം ഇതുവരെ ലഭ്യമായിരുന്നത്. ഇനി ലോകത്തിന്റെ ഏതു കോണിൽ നിന്നും കേരളത്തിന്റെ തെരഞ്ഞെടുപ്പിനെ തൊട്ടറിയാനാകും. വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ തെരഞ്ഞെടുപ്പ് പ്രക്രിയ കൂടുതൽ സജീവമാക്കുകയാണ് ഇലക്ഷൻ നൗ ആപ്പിലൂടെ ചെയ്യുന്നത്.

വോട്ടിംങ് ജനപങ്കാളിത്തം ഉറപ്പു വരുത്തുന്നതിനായുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രയത്‌നങ്ങൾക്കു സഹായകരമാവുകകൂടിയാണ് ഈ ആപ്പ്. യുവാക്കളിൽ കൂടുതൽ തെരഞ്ഞെടുപ്പ് അവബോധമുണ്ടാക്കാൻ സഹായകരമാകുമെന്നാണ് ഉപജ്ഞാതാക്കളുടെ കണക്കുകൂട്ടൽ. വിദേശ മലയാളികൾക്കും ഏറെ പ്രയോജനം നൽകുന്ന സംവിധാനമാണ് ഇതിൽ ഒരുക്കിയിട്ടുള്ളത്. സംസ്ഥാനത്തെ രാഷ്ട്രീയ അന്തരീക്ഷം അണുവിട വിടാതെ പിന്തുടരുന്ന പ്രവാസികൾക്ക് തെരഞ്ഞെടുപ്പിന്റെ തൽസമയ വിവരങ്ങൾ മൊബൈൽ ആപ്പിലൂടെ ലഭ്യമാകും.

ഇലക്ഷൻ നൗ ലഭിക്കാൻ https://goo.gl/I9XuKU എന്ന ലിങ്കിലാണ് ക്ലിക്ക് ചെയ്യേണ്ടത്. പ്ലേ സേ്റ്റാറിൽ പോയി Election Now എന്ന് സെർച്ച് ചെയ്തും ഈ ആപ്പ് ഡൗൺലോഡ് ചെയ്യാം. വോട്ടർമാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്തി electionnow@bullfin.ch എന്ന മെയിലിലേക്ക് അയക്കാവുന്നതാണ്. തെരഞ്ഞെടുപ്പിനെക്കുറിച്ച് അറിയാൻ പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന വിവരങ്ങളെ ഒരു കുടക്കീഴിലേക്ക് എങ്ങനെ ഒരുമിപ്പിക്കാം എന്നതായിരുന്നു ഇതിനു പിന്നിലെ ആശയം. പിന്നീട് ആശയം പരസ്പരം പങ്കുവച്ച യുവാക്കൾ ഈ ഉദ്യമം സാക്ഷാലൽകരിക്കുകയായിരുന്നു.

പുതിയ സ്ഥാനാർത്ഥികൾക്ക് അവരുടെ പ്രകടന പത്രികയും സത്യവാങ്മൂലവും കാര്യപരിപാടികളും മറ്റുവിവരങ്ങളും ജനങ്ങളെ അറിയിക്കാനും ലൈവ് ആയി ജനങ്ങളോട് സംവദിക്കാനും ഈ ആപ്പിലൂടെ സാധിക്കുമെന്നും തെരഞ്ഞടുപ്പിന്റെ തത്സമയഫലമറിയാനുള്ള സംവിധാനവും ആപ്പിലൊരുക്കിയിട്ടുണ്ടെന്നും ഇലക്ഷൻ നൗ ഉപജ്ഞാതാക്കൾ മറുനാടൻ മലയാളിയോടു വ്യക്തമാക്കി.