ന്യൂ ഡൽഹി: എതിരാളികളെ നിലംപരിശാക്കി ഡൽഹിയിൽ ഗംഭീര തിരിച്ചു വരവ് നടത്തിയ ആം ആദ്മി പാർട്ടി ഇന്ന് അധികാരത്തിലെത്തുന്നതോടെ അഴിമതിക്കെതിരായ തങ്ങളുടെ ആവനാഴിയിലെ പഴയ അസ്ത്രങ്ങൾ തന്നെ വീണ്ടും പുറത്തെടുക്കുമെന്ന് സൂചന. മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനും റിലയൻസ് മുതലാളി അനിൽ അംബാനിക്കുമെതിരെയുള്ള അഴിമതി ആരോപണങ്ങളിലെ അന്വേഷണവുമായി മുന്നോട്ടു പോകുമെന്ന് നിയുക്ത ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വ്യക്തമാക്കി. ആപ്പിന്റെ 49 ദിവസം മാത്രം നീണ്ട ആദ്യ സർക്കാരിന്റെ കാലത്ത് രജിസ്റ്റർ ചെയ്ത എല്ലാ കേസകളും തുടരുമെന്ന് പിടിഐക്കു നൽകിയ അഭിമുഖത്തിൽ സിസോദിയ പറഞ്ഞു.

അംബാനിക്കും ദീക്ഷിതിനും മുൻ പെട്രോളിയം മന്ത്രി എം വീരപ്പ മൊയ്‌ലിക്കുമെതിരെ രജിസ്റ്റർ ചെയ്ത കേസുകളിൽ തുടർ നടപടികളുണ്ടാകുമോ എന്ന ചോദ്യത്തിന് 'തീർച്ചയായും അതെ' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ആന്ധ്രപ്രദേശിലെ കൃഷ്ണ ഗോദാവരി തടത്തിൽ നിന്ന് റിലയൻസ് ഖനനം ചെയ്‌തെടുക്കുന്ന പ്രകൃതി വാതകത്തിന്റെ വില നിശ്ചയിക്കുന്നത് സംബന്ധിച്ച് ഗുഢാലോചന നടത്തിയെന്ന ആരോപണത്തെ തുടർന്ന് മൊയ്‌ലിക്കും അദ്ദേഹത്തിന്റെ മുൻഗാമി അന്തരിച്ച മുരളി ദേവ്‌റയ്ക്കും അംബാനിക്കുമെതിരേ മുഖ്യമന്ത്രി കെജ്‌രിവാളാണ് കേസെടുക്കാൻ കഴിഞ്ഞ വർഷം ഉത്തരവിട്ടത്. 2010-ലെ കോമൺവെൽത്ത് ഗെയിംസിനോടനുബന്ധിച്ച് തെരുവു വിളക്കുകൾ വാങ്ങിയതിൽ നടന്ന കോഴ ഇടപാടിലും ആപ്പ് സർക്കാർ അന്വേഷണത്തിന് ഉത്തവിട്ടിരുന്നു. ഈ കേസിലാണ് ദീക്ഷിത് കുരുക്കിലായത്. അന്വേഷണം സ്തംഭിച്ച എല്ലാ കേസുകളും പൊടിതട്ടിയെടുക്കുമെന്നും അവ നീതിയുക്തമായ പര്യവസാനത്തിലെത്തിക്കുമെന്നും സിസോദിയ പറഞ്ഞു.

അധികാരത്തിലെത്തിയാൽ വൈദ്യുതി നിരക്ക് 50 ശതമാനം കുറക്കുമെന്ന വാഗ്ദാനം എന്നു നടപ്പിലാക്കുമെന്ന ചോദ്യത്തിന് 'സാധ്യമാകും വേഗത്തിൽ' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. വൈദ്യുതി രംഗത്ത് വ്യാപക അഴിമതി നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. വൈദ്യുത വിതരണ കമ്പനികളുടെ സാമ്പത്തിക വിവരങ്ങൾ ഇവരുടെ അക്കൗണ്ടുകൾ അന്വേഷിക്കുന്ന സിഎജിക്കു നൽകാൻ സമ്മർദ്ദം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഈ കമ്പനികളുടെ സാമ്പത്തിക നില സിഎജി ഓഡിറ്റ് ചെയ്യണമെന്ന് കഴിഞ്ഞ വർഷം കെജ്‌രിവാൾ സർക്കാരാണ് ഉത്തരവിട്ടത്. സിഎജി അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും വൈദ്യുതി നിരക്കുകൾ പരിഷ്‌കരിക്കുക എന്ന് ആപ്പ് പ്രകടന പത്രികയിൽ പറഞ്ഞിരുന്നു.

പ്രതിമാസം ഒാരോ കുടുംബത്തിനും 20 കിലോ ലീറ്റർ വീതം സൗജന്യ ജലവിതരണം നടത്തുമെന്ന വാഗ്ദാനം ആപ്പ് സർക്കാർ ഉടൻ നടപ്പിലാക്കും. മുൻ സർക്കാർ സൗജന്യ ജലവിതരണം നടപ്പിലാക്കിയിരുന്നെങ്കിലും സർക്കാർ രാജിവച്ചതോടെ അത് നിലയ്ക്കുകയായിരുന്നു. 'ജലം ഒരു പ്രാഥമിക അവകാശമാണെന്നതിനാൽ സർക്കാർ സൗജന്യ ജലവിതരണ പദ്ധതി വീണ്ടു ആരംഭിക്കും,' അദ്ദേഹം വ്യക്തമാക്കി. എല്ലാ മന്ത്രിമാരും സാധാരണ കാറുകളിൽ സഞ്ചരിച്ചായിരിക്കും വിഐപി സംസ്‌കാരത്തെ ആപ്പ് സർക്കാർ പ്രതിരോധിക്കുക എന്നും അ്‌ദ്ദേഹം പറഞ്ഞു. 'മുഖ്യമന്ത്രി പോലും ഔദ്യോഗിക കാറിൽ ബീക്കണോ മണിമുഴക്കമോ ഘടിപ്പിക്കാൻ പോകുന്നില്ല. ആപ്പ് സർക്കാർ ലാളിത്യത്തിന്റെ സർക്കാരായിരിക്കും. മന്ത്രിമാർക്ക് സർക്കാർ വീടുകൾ തന്നെ ലഭിക്കുമെങ്കിലും അതൊരിക്കലും വലിയ ബംഗ്ലാവുകളായിരിക്കില്ല. അവരും സാധാരണ ശമ്പളം വാങ്ങുകയും വലിയ സുരക്ഷാ അകമ്പടികളൊന്നുമില്ലാതെ സഞ്ചരിക്കുകയും ചെയ്യും,' അദ്ദേഹം പറഞ്ഞു.