കൊച്ചി: അങ്കമാലി ഡയറീസിലൂടെ ചലച്ചിത്ര ലോകത്തെത്തിയ നടനാണ് അപ്പാനി ശരത്. ഈ സിനിമയിലെ തകർപ്പൻ പ്രകടനത്തിന് ശേഷം ഇപ്പോൾ മാലിക്കിലെ ചെറിയ വേഷത്തിലൂടെയും ശരത് ശ്രദ്ധ നേടി. അതേസമയം സിനിമാ മേഖലയെ ആശങ്കയിലാഴ്‌ത്തിയ ലോക്ഡൗൺ കാലത്തെപ്പറ്റി മനസ്സുതുറക്കുകയാണ് ശരത് ഇപ്പോൾ. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് ശരതിന്റെ തുറന്നുപറച്ചിൽ.

ലോക്ഡൗണിൽ സിനിമ മൊത്തം നിശ്ചലമായ സാഹചര്യത്തിൽ കടുത്ത മാനസിക സമ്മർദ്ദത്തിലൂടെയാണ് താനും കടന്നുപോയതെന്ന് ശരത് പറയുന്നു. 'ഞാനും കടുത്ത മാനസിക സംഘർഷത്തിലൂടെയാണ് കടന്നുപോയത്. ചെയ്തിരുന്ന സിനിമകളെല്ലാം മുടങ്ങിപ്പോയി. എന്തുചെയ്യണമെന്ന് അറിയില്ല. വിഷാദത്തിന്റെ വക്കിലെത്തി എന്നുപറയാം.

അപ്പോഴെല്ലാം എനിക്ക് പൂർണ പിന്തുണയുമായിനിന്നത് രേഷ്മയാണ്. എന്നാൽ, എന്നെത്തേടി ഏതാനും പ്രോജക്ടുകൾ വന്നു. തമിഴിലും നല്ല വേഷങ്ങൾ ലഭിച്ചു. ഇപ്പോഴത്തെ സാഹചര്യത്തിൽ ഷൂട്ടിങ് മുടങ്ങിയെങ്കിലും അതെല്ലാം കൂടുതൽ ഇളവുകൾ വരുന്നതോടെ പുനരാരംഭിക്കും.
എനിക്ക് ടെൻഷനടിക്കാതെ പറ്റില്ലല്ലോ. ഞാൻ സിനിമയിൽ വലിയ സ്ഥാനത്തെത്തിയെന്നൊന്നും കരുതുന്നില്ല. സിനിമയിൽ വരുന്നതിനുമുമ്പ് അനുഭവിച്ചതിനെക്കാൾ നാലിരട്ടി സ്ട്രഗിൾ ഇപ്പോൾ അനുഭവിക്കുന്നുണ്ട്.

ഇനിയും സിനിമകൾ ചെയ്യണം, നല്ലസിനിമയുടെ ഭാഗമാകണം. അതിന് ഞാൻ നന്നായി പെർഫോം ചെയ്യണം. കാരണം, അഭിനയമോഹവുമായി സിനിമയിൽ ദിനംപ്രതി പുതിയ ആളുകൾ വന്നുകൊണ്ടിരിക്കുകയാണ്.

ഏറെ വിഷമകരമാണ് ഇവിടെ പിടിച്ചുനിൽക്കുക എന്നത്. നമ്മളും ആ മത്സരത്തിന്റെ ഭാഗമാണ്. അതുകൊണ്ടുതന്നെ കഠിനാധ്വാനം ചെയ്യുക എന്നതല്ലാതെ മറ്റൊരു വഴിയും നമുക്ക് മുന്നിലില്ല,' ശരത് പറഞ്ഞു.