രാവണനായി അഭിനയിക്കാൻ വളരെ ആഗ്രഹമുണ്ടെന്നും അതിനുള്ള കോൺഫിഡൻസ് തനിക്ക് ഉണ്ടെന്നും അപ്പാനി ശരത്ത്. കോണ്ടസ റിലീസായതോടെ മോളിവുഡിന് കിട്ടുന്നത് അപ്പാനി ശരത്ത് എന്ന ഹീറോയെയും ആതിര പട്ടേൽ എന്ന ഹീറോയിനെയുമാണ്. അങ്കമാലി ഡയറീസിലൂടെ മിന്നുന്ന പ്രകടനം കാഴ്ചവച്ച അപ്പാനി ശരത്ത് ആദ്യമായി നായകനാകുന്ന കോണ്ടസ സ്റ്റിൽ ഫോട്ടോഗ്രാഫർ സുദിപ് ഇ.എസ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. സി.പി ക്രിയേറ്റീവ് വർക്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ സുബാഷ് സി.പിയാണ് കോണ്ടസ നിർമ്മിച്ചിരിക്കുന്നത്. ലാൽജോസിന്റെ വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിൽ തന്റെ അഭിനയ മികവ് ശരത്ത് കാഴ്ചവച്ചു. ഏറെ ആരാധകരുള്ള അപ്പാനി ശരത്ത് നായകനാകുന്ന സിനിമ കോണ്ടസ റിലീസായിരിക്കുകയാണ്. അതുകൊണ്ടുതന്നെ നായകനായി എത്തുന്ന കോണ്ടസ ഏറെ പ്രതീക്ഷയോടെതന്നെയാണ് മോളിവുഡും കാണുന്നത്. അങ്കമാലി ഡയറീസ്, ആട് ടൂ എന്നീ സിനിമകളിൽ അനിയത്തിയുടെ വേഷം അതിമനോഹരമായി അഭിനയിച്ച ആതിര പട്ടേലാണ് നായിക. രാവണനായി അഭിനയിക്കാൻ ആഗ്രഹമുണ്ടെന്നും അതിനുള്ള ആത്മവിശ്വാസമുണ്ടെന്നും അപ്പാനിശരത്ത് പറയുന്നു. അപ്പാനി ശരത്ത് മറുനാടനോട് സംസാരിക്കുന്നു.

നാടകാഭിനയം
പത്താംക്ലാസുവരെ അരുവിക്കര ഗവ. സ്‌കൂളിലാണ് പഠിച്ചത്. എല്ലാവർക്കും അറിയാം ഞാൻ കുട്ടിക്കാലം മുതൽ നാടകംചെയ്യുന്ന ആളാണെന്ന്. ജൂണിൽ സ്‌കൂൾ തുറക്കുമ്പോൾ നാടകവും പഠിപ്പിച്ചു തുടങ്ങും. കലാപ്രവത്തനങ്ങൾക്കു നാട്ടിലും സ്‌കൂളിലും വലിയ പ്രോത്സാഹനമായിരുന്നു. സ്‌കൂളിൽ ഞാൻ ചെറിയ നാടങ്ങളും സ്‌കിറ്റുകളുമാണ് ചെയ്തിട്ടുള്ളത്. എന്നാൽ സ്‌കൂളിനുപുറത്ത് കുറേ നാടകങ്ങിൽ അഭിനയിച്ചു. അന്ന് ഒഴിവുദിവസങ്ങളിൽ നാടകം കളിക്കാൻ പോകും. ചിലദിവസങ്ങളിൽ ക്ലാസിനും പോകാറില്ല നാടകം കളിക്കും. അതെ നാടകം ജീവിതത്തിന്റെ ഭാഗമായിരുന്നു.

കവടിയാർ ഹയർസെക്കൻഡറി സ്‌കൂളിലാണ് പഠിച്ചത്. അവിടെ കലയ്ക്കു അത്ര പ്രോത്സാഹനമുണ്ടായിരുന്നില്ല. അവിടെ ഒരു പരിമിതിയുണ്ടല്ലോ ഹയർസെക്കൻഡറി സ്‌കൂൾ അല്ലേ. നമ്മൾ തന്നെ ക്രിയേറ്റ് ചെയ്യുന്നു അഭിനയിക്കുന്നു. സ്‌കൂൾ പഠനത്തിനുശേഷമാണ് ഞാൻ നാടകത്തിൽ കൂടുതൽ സജീവമാകുന്നത്. നാടകം അന്നും ജീവിതത്തിന്റെ ഭാഗം തന്നെയായിരുന്നു.

കുടുംബത്തിന്റെ സപ്പോർട്ട്
സിനിമ സ്വപ്നം കാണാൺ പോലും പറ്റാത്ത കുടുംബത്തിലാണ് ഞാൻ ജനിച്ചത്. എന്നാൽ സിനിമയോടുള്ള ഇഷ്ടം കുട്ടിക്കാലം തൊട്ടു ഉണ്ടായിരുന്നു. ജീവിതത്തിന്റെ സാഹചര്യം അനുസരിച്ച് തിയറ്ററിൽ പോയി സിനിമ കാണുന്നത് കുറവായിരുന്നു. വർഷത്തിൽ ഓണത്തിനു സിനിമ കാണാൻ പോകാറുള്ളൂ. സ്‌കൂളിലെ സിനിമാപ്രദർശനം ഒരു കൗതുകമായിരുന്നു. കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ, കലാപാനി ഈ സിനിമകളെല്ലം സ്‌കൂളിൽ പഠിക്കുമ്പോൾ കണ്ടിട്ടുള്ളതാണ്. സിനിമ ആസ്വദിച്ച് കാണുന്ന പ്രകൃതമാണ് എന്റേത്. ചെറുപ്പത്തിൽ സെക്കൻഡ് ഷോയ്ക്ക് അമ്മാമ്മയുടെ കൂടെ ഞാൻ സിനിമകൾ കാണാൻ പോകാറുണ്ട്. ഞാൻ ചില സിനിമകൾ കണ്ട് അതുപോലെ അഭിനയിച്ചിരുന്നുവെന്ന് അമ്മ പറഞ്ഞ് കേട്ടിട്ടുണ്ട്. അന്ന് അങ്ങനെയെല്ലാം ചെയ്യുന്നത് ഇഷ്ടമാണ്. സിനിമയിൽ അഭനയിക്കാനുള്ള ആഗ്രഹമല്ല. അങ്ങനെ ചെയ്യുന്നതുകൊള്ളാമല്ലോ. അതൊക്കെയാണ് സന്തോഷം.

എട്ടാംക്ലാസിലെത്തിയപ്പോഴാണ് സിനിമയിൽ അഭിനയിക്കാനും നടനായി അറിയപ്പെടാനുമെല്ലാം ആഗ്രഹംവരുന്നത്. അമ്മാമ്മയാണ് എന്റെ കലാപ്രവർത്തനങ്ങളുടെ ഫുൾ സപ്പോർട്ട്. അമ്മാമ്മയ്ക്കു കൈനോട്ടവും ജ്യോത്സ്യവുമൊക്കെയാണ് പണി. അതേസമയം അമ്മാമ്മയ്ക്കു കലാപ്രവർത്തനങ്ങളോട് വളരെ താത്പര്യമുണ്ടായിരുന്നു. അത് എനിക്ക് മാത്രമേ അറിയുമായിരുന്നുള്ളൂ. അമ്മയ്ക്കുപോലും അറിയില്ലായിരുന്നു. സിനിമയ്ക്ക് എന്നെ ഏറ്റവുംകൂടുതൽ കൊണ്ടുപോയതും അമ്മാമ്മയാണ്. കലയിൽ എന്നെ സപ്പോർട്ടു ചെയ്തതും സിനിമ കാണാനും ഒഡീഷന് പോകാനുമുള്ള പണം തരുന്നതും അമ്മാമ്മ തന്നെയാണ്. അച്ഛനും അമ്മയും കാശില്ലെന്ന് പറയും. അപ്പോൾ അമ്മാമ്മ ഒളിപ്പിച്ചുവച്ച പൈസ എടുത്തുതരും. അങ്കമാലി ഡയറീസിന്റെ സ്‌ക്രിപ്റ്റ് റീഡിംഗിനുതൊട്ടു മുൻപാണ് എനിക്ക് സിനിമയിൽ സെലക്ഷൻ കിട്ടുന്നത്. അമ്മാമ്മയോടും അച്ഛനോടും അമ്മയോടും പറയുന്നു. അവർക്കൊക്കെ വ്ലിയ സന്തോഷമാകുന്നു. അമ്മാമ്മയോട് ഞാൻ പറഞ്ഞു. അമ്മാമ്മയുടെ കാലിൽതൊട്ടു അനുഗ്രഹം വാങ്ങിയിരുന്നു. അങ്കമാലി ഡയറീസ് ഷൂട്ടിന്റെ തലേദിവസമാണ് അമ്മാമ്മ മരിക്കുന്നത്.

കോണ്ടസ ആദ്യ നായക സിനിമ
അതെ കോണ്ടസയാണ് നായകനായി വരുന്ന ആദ്യസിനിമ. ഒരു സിനിമയെ മൊത്തം നിയന്ത്രിക്കുന്ന നായകനായ വേഷമാണ്. എന്നാൽ ഞാൻ നായക സ്ഥാനത്താണെന്ന് മാത്രമേയുള്ളൂ. ഇതിലെ എല്ലാവർക്കും നല്ല പ്രാധാന്യമുണ്ട്. എന്റെ കഥാപാത്രത്തേക്കാൾ പ്രാധാന്യമുള്ള വേഷവും കോണ്ടസയിലുണ്ട്.

മുൻപ് അഭിനയിച്ച കഥാപാത്രങ്ങൾ
ലിജോ ജോസ് സാറിന്റെ അങ്കമാലി ഡയറീസിലും ലാൽജോസ് സാറിന്റെ വെളിപാടിന്റെ പുസ്തകത്തിലും വളരെ ശ്രദ്ധിക്കപ്പെടുന്ന വേഷംതന്നെ ആയിരുന്നു. ആവർത്തനവിരസത ഇല്ലാതെ വേഷങ്ങൾ തെരഞ്ഞെടുക്കാൻ ശ്രമിച്ചിട്ടുണ്ട്. അപ്പാനി രവിയിൽനിന്ന് വളരെ വ്യത്യസ്തമായ വേഷമാണ് വെളിപാടിന്റെ പുസ്തകത്തിലെ ഫ്രാങ്ക്ലിൻ. വളരെ സാധാരണ പയ്യന്റെ വേഷമാണ്. ലാലേട്ടനോടൊപ്പം കോമ്പിനേഷൻ സീനുകളുണ്ട്. പാട്ടുസീനുകളിലുണ്ട്. അതുപോലെ പോക്കിരിസൈമണിൽ ഞാൻ അച്ഛനാണ്, ഭർത്താവാണ്. ഇമോഷൻസ് കുറേയുള്ള കഥാപാത്രം ലൗ ടുഡേ ഗണേശ് , ആ വേഷം കുറേപേർ നന്നായതായി പറഞ്ഞു. അതുപോലെ പൈപ്പിൻച്ചോട്ടിലെ പ്രണയത്തിലെ കീടം. എല്ലാ വേഷങ്ങളും ആവർത്തന വിരസതയില്ലാതെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.

അങ്കമാലി ഡയറീസ്, വെളിപാടിന്റെ പുസ്തകം, പോക്കിരി സൈമൺ, പൈപ്പിൻച്ചോട്ടിലെ പ്രണയം ഈ സിനിമകൾക്കുശേഷമാണ് കോണ്ടസ യിൽ അഭിനയിക്കുന്നത്. പിന്നെ തമിഴിൽ റിലീസാകുന്ന അമല, സണ്ടക്കോഴി 2 ഇവയൊക്കെയാണ് ഞാൻ ഇതുവരെ അഭിനയിച്ച സിനിമകൾ. സണ്ടക്കോഴി 1 ൽ ലാലും വിനായകനുമാണ് വില്ലന്മാർ. അതേസമയം സണ്ടക്കോഴി 2 ൽ ഞാനാണ് വില്ലൻ. കുറച്ചുസീനുകളെയുള്ളൂ എങ്കിലും നന്നായി അഭിനയിക്കാനാവുന്ന കഥാപാത്രമാണ്.

സമാന്തര സിനിമയോടുള്ള സമീപനം
എല്ലാത്തരത്തിലുള്ള സിനിമകളും കാണുന്ന ഒരാളാണ് ഞാൻ. പഴയ സിനിമകളും കാണും പുതിയ കോമഡി സിനിമകളും കാണും. പിന്നെ ആളൊരുക്കം പോലുള്ള സിനിമകളോട് വളരെ അധികം താത്പര്യമാണ്. ഇത്തരം സിനിമകളുടെ കഥ കേൾക്കാറുണ്ട്. അമല എന്ന ഒരു സിനിമചെയ്തു. അത് അത്തരം സ്വഭാവമുള്ള സിനിമയാണ്. അത് തമിഴിലാണ് ആദ്യം റിലീസ് ചെയ്യുന്നത്.

പൃഥ്വിരാജ്, ദുൽഖർ, നിവിൻ
ഇവിടെ എല്ലാവർക്കും നല്ല സപ്പോർട്ടുണ്ട്. കഴിവുള്ളവർക്ക് നല്ല പ്രോത്സാഹനമാണ്. പഴയതിനേക്കാളും. എന്നെ എല്ലാവരും ഇവിടെ സപ്പോർട്ട് ചെയ്തിട്ടുണ്ട്. ഞാൻ അഭിനയിക്കുന്ന സിനിമകൾ കാണാനും പ്രേക്ഷകരുുണ്ട്. കാണാൻ ആളുകളുണ്ട്. എല്ലാ സിനിമകൾക്കും സ്പെയ്സുണ്ട്. പൃഥ്വിരാജ് സാറിനെ നേരിട്ട് കണ്ടിട്ടില്ല. ഞാൻ പല അവാർഡ് പരിപാടികളിലും പോകാറുണ്ട്. ദുൽഖറിനെയും ഫഹദിക്കയേയും കണ്ടിട്ടുണ്ട്. അങ്കമാലി ഡയറീസിലെ അഭിനയം നന്നായിട്ടുണ്ടെന്ന് പറഞ്ഞു. ഇവരെല്ലാവരും ചേട്ടന്മാരെപോലെയാണ്. ഈ സിനിമയിൽ നായകനായി എന്നു കരുതി ഇനിയുള്ള എല്ലാ സിനിമകളിലും നായകനാകൂ എന്ന നിർബന്ധമില്ല. തിളങ്ങിനിൽക്കുന്ന എല്ലാ താരങ്ങൾക്കൊപ്പം അഭിനയിക്കാൻ ആഗ്രഹമുണ്ട്.

പൃഥ്വിരാജ്, ദുൽഖർ, ഫഹദ്, നിവിൻ ഇവർ അഭിനയിക്കുന്ന സിനിമകളിൽ സെക്കൻഡ് ഹീറോ ആയോ നല്ല സപ്പോർട്ടിങ് ക്യാരക്ടർ ആയോ അഭിനയിക്കാൻ ഇഷ്ടമാണ്. നായകനാകുക എന്നുള്ളതല്ല എന്റെ ലക്ഷ്യം അഭിനയിക്കുക എന്നുള്ളതാണ്. അഭിനയം തൊഴിലായി എടുത്തു. രണ്ടുമൂന്നു സിനിമകളിൽ അഭിനയിച്ചുകഴിഞ്ഞപ്പോൾ എന്റെ വൈഫ് ചോദിച്ചു. സിനിമ ഇല്ലാത്ത അവസ്ഥ വന്നാൽ ചേട്ടൻ എന്തുചെയ്യുമെന്ന്? വല്ലാതെ വേദന ഉണ്ടാക്കുന്ന ചോദ്യമായിരുന്നു. കുറേ അനുഭവിച്ചിട്ടുണ്ട്. ദൈവമായി ഇവിടെ എത്തിച്ചു. ഇനി സിനിമയിൽ അവസരം കുറഞ്ഞാൽ അഭിനയമല്ലേ, നാടകമുണ്ടല്ലോ നാടകത്തിൽ അഭിനയിക്കാം. ഞാൻ ഇതുവരെചെയ്യുന്ന എല്ലാപ്രവർത്തനങ്ങളിലും ഒരംശം കലയുണ്ടായിരുന്നു. കലയാണ് എന്നെ ഇവിടെ എത്തിച്ചത്്. എന്തായാലും കല എന്നെ കൈവിടില്ല.

സ്വപ്ന കഥാപാത്രം
നാടകത്തിൽ ഞാൻ ശകുനി, നാരദൻ, ലക്ഷ്മണൻ ആയി അഭിനയിച്ചിട്ടുണ്ട്്. ശകുനി ആയി അഭിനയിച്ചിട്ടുണ്ട്. രാവണനെ ചെയ്യാൻ എനിക്ക് കോൺഫിഡൻസുണ്ട്. രൂപത്തിലല്ലോ കാര്യം. എനിക്ക് ചെയ്യാൻ പറ്റും വരട്ടെ.

ഇനി അടുത്ത സിനിമ.
കോണ്ടസ റിലീസായിരിക്കുകയാണ്. ഫോട്ടോഗ്രാഫറായ സുദീപ് ഇ.എസ് ആണ് സംവിധാനം. അദ്ദേഹത്തിന്റെ ആദ്യ സിനിമയാണ്. സുബാഷ് സി.പിയാണ് നിർമ്മാണം. ആതിര പട്ടേലാണ് നായിക. സിനിൽ സൈനുദ്ധീൻ, ശ്രീജിത്ത് രവി എന്നിവരും അഭിനയിക്കുന്നു. കുറേ കഥകൾ വരുന്നുണ്ട്. ഞാൻ തിരക്കഥകൾ വായിക്കുകയാണ്. നന്നായി തിരക്കഥകൾ കേട്ട് വായിച്ചിട്ടേ തീരുമാനമെടുക്കു. തെറ്റുണ്ടോ എന്ന് എനിക്ക് അറിയില്ല. ശരിയാണെന്നാണ് ഞാൻ കരുതുന്നത്. നല്ല സിനിമകളുടെ ഭാഗാമാകാൻ ആഗ്രഹിക്കുന്നു.