ത്തറിൽ സ്വദേശി വനിതയെ കൊലപ്പെടുത്തിയ കേസിൽ രണ്ടു തമിഴ്‌നാട് സ്വദേശികളുടെ വധശിക്ഷയ്‌ക്കെതിരെ അപ്പീൽ സമർപ്പിക്കും. ഇന്ത്യൻ അഭിഭാഷകനായ സുരേഷ്‌കുമാർ, ദോഹയിലെ സാമൂഹ്യപ്രവർത്തകനും അഭിഭാഷകനുമായ നിസാർ കോച്ചേരി എന്നിവർ ജയിലിലെത്തി പ്രതികളെ കണ്ട ശേഷമാണ് അപ്പീൽ സമർപ്പിക്കുന്ന കാര്യം അറിയിച്ചത്. സുപ്രീകോടതിയിൽ ബുധനാഴ്ചയായിരിക്കും അപ്പീൽ സമർപ്പിക്കുക.

2012ൽ സലാത്തയിലെ വീട്ടിൽ ഒറ്റയ്ക്കു താമസിച്ചിരുന്ന 82കാരിയായ വയോധികയെ കൊലപ്പെടുത്തിയ കേസിലാണു വധശിക്ഷ ലഭിച്ചത്. മൂന്നംഗ സംഘം നടത്തിയ മോഷണത്തിനിടെയാണ് കൊലപാതകം നടന്നതെന്നാണ് കോടതി കണ്ടെത്തിയത്. കേസിൽ തമിഴ്‌നാട് വില്ലുപുരം സ്വദേശി അളഗപ്പ സുബ്രഹ്മണ്യൻ, വിരുതുനഗർ സ്വദേശി ചിന്നദുരൈ പെരുമാൾ എന്നിവർക്കാണ് വധശിക്ഷയും വിധിച്ചത്. വെടിവച്ചു കൊന്നാണ് ഇവിടെ വധശിക്ഷ നടപ്പിക്കുന്നത്. കേസിൽ മൂന്നാം പ്രതിയായ സ്വദേശി ശിവകുമാർ അരസനു ജീവപര്യന്തം തടവുമാണ് വിധിച്ചത്.

മൂവരുടേയും ശിക്ഷ അടുത്തിടെ കോടതി ശരിവച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സൗത്ത് ഏഷ്യൻ ഫിഷർമെൻ ഫ്രറ്റേണിറ്റി ഇടപെട്ട് പ്രതികളെ രക്ഷിക്കാൻ ശ്രമം ആരംഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നാഗർകോവിലിൽ നിന്നുള്ള അഭിഭാഷകൻ സുരേഷ്‌കുമാറും അഡ്വ. നിസാർ കോച്ചേരിയും ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർക്കൊപ്പം പ്രതികളെ സന്ദർശിച്ചത്. അതേസമയം, ജീവപര്യന്തം ലഭിച്ച മൂന്നാം പ്രതിയുടെ ശിക്ഷ വധശിക്ഷയാക്കണമെന്ന് ആവശ്യപ്പെട്ട് വാദിഭാഗവും ഹർജി നൽകിയിട്ടുണ്ട്.