- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാബുവിന്റെ രാജി ഒഴിവാക്കാൻ വളഞ്ഞ വഴിയേ നീങ്ങിയ സർക്കാറിന് ഹൈക്കോടതിയിൽ നിന്നും കരണത്തടി; ബാബുവിനെതിരായ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന വിജിലൻസ് കോടതി ഉത്തരവിന് സ്റ്റേ ഇല്ല; റിട്ട് ഹർജി സമർപ്പിച്ച് ബാബു; വിശ്വസ്തനെ രക്ഷിക്കാനുള്ള ഉമ്മൻ ചാണ്ടിയുടെ നീക്കം കോടതി പൊളിച്ചു
കൊച്ചി: എക്‌സൈസ് മന്ത്രി കെ ബാബുവിന്റെ രാജി ഒഴിവാക്കാൻ വേണ്ടി വളഞ്ഞ വഴിയേ നീങ്ങിയ സംസ്ഥാന സർക്കാറിന് ഹൈക്കോടതിയുടെ തിരിച്ചടി. ബാബുവിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന തൃശ്ശൂർ വിജിലൻസ് കോടതിയുടെ ഉത്തരവ് സ്‌റ്റേ ചെയ്യാൻ സാധിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഉത്തരവ് സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോ

കൊച്ചി: എക്‌സൈസ് മന്ത്രി കെ ബാബുവിന്റെ രാജി ഒഴിവാക്കാൻ വേണ്ടി വളഞ്ഞ വഴിയേ നീങ്ങിയ സംസ്ഥാന സർക്കാറിന് ഹൈക്കോടതിയുടെ തിരിച്ചടി. ബാബുവിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന തൃശ്ശൂർ വിജിലൻസ് കോടതിയുടെ ഉത്തരവ് സ്‌റ്റേ ചെയ്യാൻ സാധിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഉത്തരവ് സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. സർക്കാർ നേരായ മാർഗ്ഗത്തിലല്ല ഹൈക്കോടതിയിൽ അപ്പീൽ നൽകിയതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി സർക്കാർ ആവശ്യം നിരാകരിച്ചത്. പ്രത്യക്ഷത്തിൽ വിജിലൻസ് ഉത്തരവിൽ യാതൊരു അപാകതയും ഇല്ലെന്നും ഹർജി അനവസരത്തിലാണെന്നും കോടതി പറഞ്ഞു. കേസിൽ കക്ഷികൾക്ക് കോടതിയിൽ ഹർജി നൽകാവുന്നതാണെന്നും ഹൈക്കോടതി ചീഫ് ജസ്റ്റിസ് അടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. അതിനിടെ കേസിൽ ഹൈക്കോടതി കെ ബാബു റിട്ട് ഹർജിയും ഫയൽ ചെയ്തു.
വിജിലൻസ് കോടതി ഉത്തരവിടാൻ ആവശ്യമായ സാഹചര്യത്തിന് ഇടയാക്കിയത് പൊതു പ്രവർത്തകൻ ജോർജ്ജ് വട്ടകുളം നൽകിയ ഹർജിയിന്മേലാണ്. അതുകൊണ്ട് തന്നെ ഹർജിക്കാരനാണ് ഹൈക്കോടതിയെ സമീപിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി. ഹൈക്കോടതിയിൽ നിലവിലുള്ള കേസിന്റെ വിധി വരുന്നതു വരെ വിജിലൻസ് കോടതി കാത്തിരിക്കുന്നതായിരുന്നു ഔചിത്യമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഉത്തരവിൽ നിയമപരമായി അപാകതയില്ലെന്നും ജുഡീഷ്യൽ മര്യാദയുടെ ലംഘനമുണ്ടായോ എന്നാണ് പരിശോധിച്ചതെന്നും ഹൈക്കോടതി പറഞ്ഞു.
ഇതോടെ എക്‌സൈസ് മന്ത്രിസ്ഥാനം രാജിവച്ചതായി കാണിച്ച് മുഖ്യമന്ത്രിക്ക് കത്തു നൽകിയ കെ ബാബുവിനെ രക്ഷിക്കാൻ ഉമ്മൻ ചാണ്ടി നടത്തിയ തീവ്രശ്രമം കോടതി തന്നെ പൊളിച്ചു. രാജിക്കത്ത് ഗവർണറുടെ അടുത്ത് എത്താത്ത സാഹചര്യത്തിലായിരുന്നു ബാബുവിനെ എങ്ങനെയും നിലനിർത്തുകയെന്ന ലക്ഷ്യത്തോടെ സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. വളരെ നാടകീയ നീക്കങ്ങൾക്ക് ഒടുവിലാണ് സർക്കാർ വിജിലൻസ് കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ ഇന്ന് അപ്പീൽ നൽകിയതും പ്രതികൂലമായി വിധിയുണ്ടായതും. ആഭ്യന്തര വകുപ്പ് പോലും അറിയാതെയായിരുന്നും ഹൈക്കോടതിയിലെ സർക്കാർ നീക്കങ്ങൾ.
ഹൈക്കോടതിയുടെ പരിഗണനയിൽ കേസ് ഇരിക്കുമ്പോൾ തന്നെ വിജിലൻസ് കേസ് ഉത്തരവിട്ടത് തെറ്റാണെന്നാണ് സർക്കാർ ചൂണ്ടിക്കാട്ടിയത്. കെ ബാബുവിനെതിരായ തൃശൂർ വിജിലൻസ് കോടതി പരാമർശങ്ങൾ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. വിജിലൻസിന്റെ വിധി സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം. ബാർ കോഴയിൽ എക്‌സൈസ് മന്ത്രിയായിരുന്ന ബാബുവിനെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തത് റദ്ദാക്കണമെന്നാണ് ആവശ്യം. തൃശൂർ വിജിലൻസ് കോടതി രാഷ്ട്രീയം കളിക്കുകയാണ്. ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസിലാണ് വിജിലൻസ് കോടതിയുടെ നിരീക്ഷണമെന്നും സർക്കാർ ഹൈക്കോടതിയിൽ വിശദീകരിച്ചു. എന്നാൽ ഈ വാദങ്ങളൊന്നും ഹൈക്കോടതി അംഗീകരിച്ചില്ല.
നേരായ മാർഗ്ഗത്തിലല്ല സർക്കാർ ഹൈക്കോടതിയെ സമീപിച്ചതെന്ന കാര്യം ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. കേസിലെ അപ്പീൽ നേരിട്ട് ജഡ്ജിക്ക് നൽകാൻ അഡ്വക്കേറ്റ് ജനറൽ ശ്രമിച്ചത്. അപ്പോഴാണ് ശരിയായ വഴിയിൽ അപ്പീൽ നൽകാൻ ആവശ്യപ്പെട്ടത്. ഹർജി നേരിട്ട് ജഡ്ജിമാർക്ക് കൈമാറാനുള്ള എജിയുടെ ശ്രമമാണ് വിമർശനത്തിന് ഇടയാക്കിയത്. ഇത് തടയുകയും നേരായ വഴിക്ക് ഹർജി സമർപ്പിക്കുവാനും ഹൈക്കോടതി ആവശ്യപ്പെടുകയായിരുന്നു.
കെ ബാബുവിനെതിരായ ബാർ കോഴക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വി എസ്. സുനിൽ കുമാർ എംഎൽഎ നൽകിയ ഹർജി ഇന്നു രാവിലെ പരിഗണിക്കുന്നതിനിടെ ഈ വിഷയം അഡ്വക്കേറ്റ് ജനറൽ ഡിവിഷൻ ബെഞ്ചിന്റെ മുന്നിൽ ഉന്നയിച്ചുത്. എന്നാൽ ചീഫ് ജസ്റ്റിസ് അശോക് ഭൂഷൺ, ജസ്റ്റിസ് എ.എം. ഷെഫീഖ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിലവിലുള്ള ഹർജിയുടെ ഭാഗമായി ഈ വിഷയം ഉന്നയിക്കാനാവില്ലെന്ന് വ്യക്തമാക്കി എ.ജിയുടെ ആവശ്യം തള്ളുകയായിരുന്നു. കേസ് പരിഗണിക്കണമെങ്കിൽ പുതിയ ഹർജി വേണമെന്നും ആവശ്യപ്പെട്ടു. ഇത് പ്രകാരം പുതിയ ഹർജി പരിഗണിക്കുകയായിരുന്നു.
എന്നാൽ വിഷയം അടിയന്തര പ്രാധാന്യമുള്ളതാണെന്ന അഡ്വക്കേറ്റ് ജനറലിന്റെ അപേക്ഷ കണക്കിലെടുത്ത് ഹർജി സമർപ്പിച്ചാൽ ഇന്നുച്ചയ്ക്ക് പരിഗണിക്കുകയും വിജിലൻസ് കോടതി വിധിയെ ശരിവെക്കുകയും ചെയ്തത്. ബാർ കോഴയുമായി ബന്ധപ്പെട്ട ആരോപണങ്ങളെത്തുടർന്ന് കെ. ബാബു മുഖ്യമന്ത്രിക്ക് രാജിക്കത്ത് നൽകിയെങ്കിലും മുഖ്യമന്ത്രി ഇതുവരെ രാജി സ്വീകരിക്കുന്നുവെന്ന് വ്യക്തമാക്കിയിട്ടില്ല. ഈ സാഹചര്യത്തിൽ വിജിലൻസ് കോടതിയുടെ ഉത്തരവിനെതിരെ ഹൈക്കോടതിയിൽ നിന്ന് സ്റ്റേ സമ്പാദിച്ച് രാജി ഒഴിവാക്കാനാണ് സർക്കാർ ശ്രമിക്കുച്ചത്. ഈ നീക്കത്തിനാണ് ഹൈക്കോടതിയിൽ നിന്നും തിരിച്ചടിയേറ്റത്. ഇതിനിടെ ബാർ കോഴക്കേസിൽ കെ.ബാബുവിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വി എസ്. സുനിൽ കുമാർ എംഎൽഎ നൽകിയ ഹർജി ഫയലിൽ സ്വീകരിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു.

