ന്യൂഡൽഹി: അൽഫോൻസ് കണ്ണന്താനത്തിന് ഛണ്ഡീഗഡ് അഡ്‌മിനിസ്‌ട്രേറ്ററായി നിയമനം. കേന്ദ്രസർക്കാറാണ് സുപ്രധാനമായ പോസ്റ്റിൽ ബിജെപി ദേശീയ നിർവാഹക സമിതി അംഗവും മുൻ ഐഎഎസ് ഓഫീസർ കൂടിയായ അൽഫോൻസ് കണ്ണന്താനത്തിനെ സുപ്രധാന പോസ്റ്റിൽ നിയമിച്ചത്. കഴിഞ്ഞ 40 വർഷമായി ഛണ്ഡീഗഡിൽ ലെഫ്. ഗവർണറാണ് ഭരണം നടത്തുന്നത്. പഞ്ചാബ് ഗവർണറായിരുന്നു ഈ ചുമതല ഇതുവരെ വഹിച്ചിരുന്നത്. ഈ പദവിയിലാണ് നിയമനം നടത്തിയത്. കേന്ദ്രത്തിൽ മോദി സർക്കാർ അധികാരത്തിൽ വന്ന ശേഷം മലയാളിയായ ഒരു ബിജെപി നേതാവിന് ലഭിക്കുന്ന സുപ്രധാന പദവിയാണ് കേന്ദ്രഭരണപ്രദേശമായ ഛണ്ഡിഗഡിലെ അഡ്‌മിനിസ്‌ട്രേറ്റീവ് പദവി.

കേന്ദ്രസർക്കാർ തന്നെ നിയമിച്ചതായി അറിയിപ്പു ലഭിച്ചെന്നും ഇതിൽ സന്തോഷമുണ്ടെന്നും അൽഫോൻസ് കണ്ണന്താനം മാദ്ധ്യമങ്ങളെ അറിയിച്ചു. ഉടൻ തന്നെ ചുമതലയേൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള അടുപ്പവും ബിജെപിക്കൊപ്പം അടിയുറച്ചു നിന്നതുകൊണ്ടുമാണ് അൽഫോൻസിനെ തേടി സുപ്രധാന പദവി എത്തിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിക്ക് വേണ്ടി ഗുജറാത്തിൽ പ്രചരണം നടത്താൻ അൽഫോൻസ് രംഗത്തുണ്ടായിരുന്നു.

ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ മത്സരിക്കാൻ തീരുമാനിച്ചെങ്കിലും പിന്നീട് അതുണ്ടായില്ല. എങ്കിലും ബിജെപിക്ക് വേണ്ടി സജീവമായി അദ്ദേഹം പ്രചരണ രംഗത്തിറങ്ങി. ക്രൈസ്തവ മേഖലയിൽ ബിജെപിയുടെ വോട്ട് ഉയർത്താൻ അൽഫോൻസിന്റെ ഇടപെടലിന് സാധിച്ചു. ഇങ്ങനെ കേരളത്തിൽ ബിജെപിക്ക് വേരുകൾ വർദ്ധിപ്പിക്കാൻ ഇടയാക്കിയ നേതാവെന്ന നിലയിൽ കൂടിയാണ് അൽഫോൻസ് കണ്ണന്താനത്തിന് പുതിയ പദവി നൽകിയത്.

സിവിൽ സർവ്വീസ് രാജിവച്ച് ഇടതുപക്ഷത്തിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ച അൽഫോൻസ് കണ്ണന്താനം പിന്നീട് ബിജെപിയിൽ ചേരുകയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്വതന്ത്രനായിട്ടായിരുന്നു കാഞ്ഞിരപ്പള്ളിയിൽ നിന്നും അൽഫോൻസ് കണ്ണന്താനം ജയിച്ചത്. പിന്നീട് അദ്ദേഹം പൂഞ്ഞാറിൽ ഇടതുമുന്നണി കണ്ണന്താനത്തിന് സീറ്റ് നൽകിയിരുന്നെങ്കിലും അത് അദ്ദേഹം നിഷേധിക്കുകയായിരുന്നു.