വർഷം ഐ ഫോണിന്റെ മൂന്നു പുതിയ മോഡലുകൾ കൂടി വിപണിയിലെത്താൻ സാധ്യത. സെപ്റ്റംബറിൽ പുറത്തിറങ്ങുമെന്ന് പറയപ്പെടുന്ന ആപ്പിൾ ഐ ഫോണിന്റെ നാലിഞ്ച് സ്‌ക്രീൻ ഉള്ള 6 സി ആണ് ഇതിൽ ഏറെ കൗതുകമെന്നാണ് റിപ്പോർട്ട്. ഐഫോൺ 6 എസ്, 6 എസ് പ്ലസ് എന്നിവയാണ് ഈ വർഷം പുതുതായി ഇറക്കാൻ ആദ്യം കമ്പനി തയ്യാറെടുത്തതെങ്കിലും 6 സി കൂടി ഉൾപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നുവെന്ന് ഡിജി ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

പുതിയ മോഡലുകളുമായാണ് ഐ ഫോൺ എത്തുന്നതെങ്കിലും 8 എംപി ക്യാമറ തന്നെയായിരിക്കും ഇവയിലുണ്ടാകുകയെന്നും വിലയിരുത്തുന്നുണ്ട്. മറ്റു മോഡലുകളിൽ നിന്ന് ഏറെ വ്യത്യസ്തമല്ലെങ്കിലും ടച്ച് ഐഡി സെൻസറുകൾ, എൻഎഫ്‌സി സപ്പോർട്ട് എന്നിവ പുതിയ മോഡലുകൾക്ക് ഉണ്ടാകുമെന്നാണ് കരുതുന്നത്. ആപ്പിൾ വാച്ച്, മാക്‌ബുക്ക് പോർട്ടബിൾ കമ്പ്യൂട്ടർ തുടങ്ങിയവയിൽ നിലവിൽ ഉപയോഗിക്കുന്ന സംവിധാനങ്ങളും പുതിയ മോഡലുകളിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. സ്‌ക്രീനിൽ നാം ചെലുത്തുന്ന മർദം എത്രയെന്ന് പോലും തിരിച്ചറിയാൻ സാധിക്കുന്ന സംവിധാനങ്ങൾ പുതിയ ഐഫോണിൽ ഉണ്ടായിരിക്കും. പ്രധാനമായും ഈ ടച്ച് ടെക്‌നോളജിയാണ് പുതിയ മോഡലുകളിൽ ആപ്പിൽ ഉപയോഗിക്കുന്നതെന്ന് വാൾ സ്ട്രീറ്റ് ജേർണൽ വെളിപ്പെടുത്തുന്നു.

മേയിലായിരിക്കും പുതിയ മോഡലുകളുടെ ഉത്പാദനം ആരംഭിക്കുക. ഐ ഫോൺ 6 എസ്, 6 എസ് പ്ലസ് എന്നീ മോഡലുകൾ സെപ്റ്റംബറിൽ പുറത്തിറങ്ങുമെന്നു തന്നെയാണ് കരുതുന്നത്. ഇവയിൽ ഉപയോഗിക്കപ്പെടുന്ന സാങ്കേതിക വിദ്യകൾ ആദ്യം പുതിയ മാക്‌ബുക്കിലായിരിക്കും ഉപയോക്താക്കൾക്ക് കാണാൻ സാധിക്കുക. ഫോഴ്‌സ് ടച്ച് ട്രാക്ക് പാഡ് സംവിധാനം ഉപയോഗിച്ച് സ്‌ക്രീനിൽ പ്രയോഗിക്കുന്ന മർദത്തിന് വ്യത്യാസം വരുത്താനും സാധിക്കുമെന്നാണ് പറയുന്നത്.