ന്യൂഡൽഹി: അതെ വാർത്ത ശരിയാണ്. ആപ്പിളിന്റെ പുതിയ ഹോംപോഡ് സ്പീക്കർ വിപണിയിലെത്തുന്നു.കഴിഞ്ഞ വർഷാവസാനം എത്തേണ്ട ഹോംപോഡാണ് അൽപം വൈകി എത്തുന്നത്. യുഎസ്, യുകെ, ആസ്ട്രേലിയ എന്നിവിടങ്ങളിൽ ഹോം പോഡിന്റെ പ്രീ ബുക്കിങ്ങ് ജനുവരി 26 മുതൽ ആരംഭിക്കും. ഫെബ്രുവരി ഒൻപതു മുതൽ വിൽപനയ്ക്കെത്തും.

യുഎസിൽ 349 ഡോളറാണ് വില. വെള്ള, ഗ്രേ കളറുകളിൽ ലഭ്യമാകുന്ന ഹോം പോഡ് ആപ്പിൾ.com ആപ്പിൾ സ്റ്റോറുകൾ, അംഗീകൃത ആപ്പിൾ വിൽപ്പനക്കാർ എന്നിവരിൽ നിന്നും വാങ്ങാവുന്നതാണ്. ആപ്പിളിനെ വിപണിയിൽ കാത്തിരിക്കുന്നത് കടുത്ത മൽസരവുമായി ആമസോണിന്റെ എക്കോ സീരീസ്, ഗൂഗിളിന്റെ ഹോംമിനി സ്പീക്കറുകളാണ്.രണ്ട് ഉൽപ്പന്നങ്ങൾക്കും ആപ്പിൾ ഹോംപോഡിനേക്കാൾ കുറഞ്ഞ വിലയായതുകൊണ്ട് നല്ല മൽസരം തന്നെയാവും നേരിടേണ്ടി വരുന്നത്. മാന്ത്രികമായി നൂതനസംഗീതാനുഭവമാകും ആപ്പിൾ ഹോം പോഡ് പകരുകയെന്നാണ് അവകാശവാദം. ലളിത-സുന്ദരമായ രൂപകൽപന, ആധുനിക സാങ്കേതിക വിദ്യ എല്ലാം ഒത്തിണങ്ങിയ പുതിയ അനുഭവമാകുമെന്ന് ഉറപ്പ്.

7 ഇഞ്ച് നീളം, 5.6 ഇഞ്ച് വീതി, 2.5 കിലോ തൂക്കം, കസ്റ്റം ആംബ്ലിഫയർ, ഓട്ടോമാറ്റിക് കറക്ഷൻ, ഓഡിയോ ലെവൽ ഡയനാമിക് പ്രോസസ്സിങ്ങ് എനന്ിവയ്ക്കായി ഇന്റേർണൽ ലോ ഫ്രീക്വൻസി കാലിബ്രേഷൻ മൈക്രോ ഫോൺ, തുടങ്ങിയവയാണ് ആപ്പിൾ ഹോം പോഡിന്റെ പ്രത്യേകതകൾ. ഹോം പോഡ് ഐഫോണിനൊപ്പം സ്പീക്കർ ഫോണായും ഉപയോഗിക്കാവുന്നതാണ്. ഈ വർഷം തന്നെ ആപ്പിൾ ഹോം പോഡിൽ സൗജന്യ സോഫ്റ്റ്‌വെയർ അപഡേറ്റും ലഭ്യമാക്കുമെന്ന് ആപ്പിൾ അറിയിച്ചു.