തേവരെ പുറത്തിറങ്ങിയതിൽവെച്ചേറ്റവും വിലപിടിച്ച മോഡലായിട്ടും ഐഫോൺ എക്‌സ്എസ് ആദ്യദിനം തന്നെ കൈപ്പറ്റാൻ ആരാധകർ ലോകമെമ്പാടും ആപ്പിൾ സ്റ്റോറുകൾക്കുമുന്നിൽ കാത്തുനിന്നത് മണിക്കൂറുകൾ. ലണ്ടനിലെയും സിംഗപ്പുരിലെയും ഷാങ്ഹഹായിയിലെയും സിഡ്‌നിയിലെയും ദുബായിലെയും ബെർലിനിലെയുമൊക്കെ സ്റ്റോറുകൾക്കുമുന്നിൽ നീണ്ട ക്യൂ കാണാമായിരുന്നു. അതിൽ പലരും മണിക്കൂറുകൾക്ക് മുന്നെവന്ന് ഇടംപിടിച്ചവരാണ്.

ഐഫോൺ എക്‌സ്എസ്, ഐഫോൺ എക്‌സ്എസ് മാക്‌സ്, ആപ്പിൾ വാച്ച് സീരീസ് 4 എന്നിവയാണ് ആപ്പിൾ ഇന്നലെ പുറത്തിറക്കിയ പുതിയ ഉത്പന്നങ്ങൾ..എക്‌സ്്എസും എക്‌സ്എസ് മാക്‌സും ആപ്പിളിന്റെ ഏറ്റവും വേഗത്തിൽ വിൽക്കപ്പെടുന്ന മോഡലുകളായി മാറുമെന്നാണ് വിപണിയിൽനിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 95,000 രൂപയാണ് എക്‌സ്എസ് ഫോണിന്റെ വില. എക്‌സ്എസ് മാക്‌സിന് 1,04,000 രൂപയോളം വരും.

ഇന്നേവരെ ഇറക്കിയിട്ടുള്ളതിൽവെച്ചേറ്റവും വിലപിടിച്ച ഐഫോണും ഇക്കുറി ആപ്പിൾ രംഗത്തിറക്കിയിട്ടുണ്ട്. എക്‌സ്എസ് മാക്‌സിന്റെ 512ജിബി ഫോണിന് 1,40,000 രൂപയിലധികമാണ് വില. ഗ്രേ, ഗോൾഡ് നിറങ്ങളിലിറങ്ങിയ ഈ മോഡൽ വിപണിയിലിറങ്ങി അരമണിക്കൂറിനകം വിറ്റുതീർന്നു. അമേരിക്കയിലും യുകെയിലും മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് ഇന്നുമുതൽ അയച്ചുതുടങ്ങുമെന്നും ആപ്പിൾവൃത്തങ്ങൾ ്‌റിയിച്ചു. സെപ്റ്റംബർ 28-ന് കൂടുതൽ നഗരങ്ങളിലേക്ക് ഫോൺ എത്തും.

ലണ്ടനിലെ റീജന്റ് സ്‌റ്റോറിലുള്ള ആപ്പിളിന്റെ പ്രധാന സ്റ്റോറിന് മുന്നിൽ വെള്ളിയാഴ്ച രാവിലെതന്നെ നൂറിലേറെപ്പേർ ക്യൂവിലുണ്ടായിരുന്നു. രാവിലെ എട്ടുമണിക്ക് സ്റ്റോർ തുറക്കുന്നതിന് മുന്നെ ഇവരിലേറെപ്പേരും ഇടംപിടിച്ചിരുന്നു. കൂടുതൽപേരും മുൻകൂട്ടി ബുക്ക് ചെയ്തവരായിരുന്നു. ബുക്ക് ചെയ്യാത്ത കുറേപ്പേർ വ്യാഴാഴ്ച വൈകിട്ടുതന്നെ സ്റ്റോറിന് മുന്നിലെത്തി തണുത്ത കാലാവസ്ഥ വകവെക്കാതെ ഭാഗ്യപരീക്ഷണത്തിനായി പിറ്റേന്ന് രാവിലെ വരെ കാത്തുനിന്നു.

ഈ മാസമാദ്യമാണ് പുതിയ ഫോണുകൾ ആപ്പിൾ ചീഫ് എക്‌സിക്യുട്ടീവ് ടിം കുക്ക് പുറത്തിറക്കിയത്. അന്നുമുതൽ പുതിയ മോഡലുകളെ ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു ടെക് ആരാധകർ. രണ്ട് മോഡലുകളുടെയും വിലക്കൂടുതലിനെ കളിയാക്കി പലതരം പ്രചാരണങ്ങളും സോഷ്യൽ മീഡിയയിൽ നടന്നിരുന്നുവെങ്കിലും ഐഫോൺ ആരാധകരെ അതൊന്നും ബാധിച്ചിട്ടില്ലെന്നാണ് ഇന്നലത്തെ കാത്തിരിപ്പ് സൂചിപ്പിക്കുന്നത്. പുതിയ മോഡലുകൾക്ക് എക്‌സ്എസ്സ് എന്നതിന് പകരം 'എക്‌സെസ് (കൂടുതൽ)' എന്ന് പേരിടണമെന്നായിരുന്നു സോഷ്യൽ മീഡിയയിലെ പരിഹാസം.