ന്യൂഡൽഹി: ലോകത്തെ വിവിധ ഉത്പന്നങ്ങളുടെ നിർമ്മാണ ഹബ്ബായി ഇന്ത്യയെ മാറ്റിത്തീർക്കാനുള്ള സ്വപ്നസാക്ഷാത്കാരത്തിലേക്ക് രാജ്യം ചുവടുവയ്ക്കുന്നു. ആപ്പിളിന്റെ മുൻനിര മൊബൈൽ ഐഫോൺ 13 രാജ്യത്ത് നിർമ്മിക്കും. നിർമ്മാണ പങ്കാളിയായ ഫോക്സ്‌കോണിന്റെ ചെന്നൈയ്ക്ക് സമീപമുള്ള പ്ലാന്റിൽ ഐഫോൺ 13 ന്റെ നിർമ്മാണം ആരംഭിച്ചു.

ലോകത്തിലെ രണ്ടാമത്തെ വലിയ സ്മാർട്ട്ഫോൺ വിപണിയിൽ ആപ്പിളിന്റെ സാന്നിധ്യം ശക്തിപ്പെടുത്താൻ ഇത് സഹായിക്കുമെന്ന് കമ്പനിയുടെ ഇന്ത്യൻ വക്താവ് പറഞ്ഞു.ആപ്പിൾ ഇന്ത്യയിലെ നിർമ്മാണ പങ്കാളികളായ ഫോക്സ്‌കോൺ, വിസ്ട്രോൺ എന്നിവയിലൂടെ ഐഫോൺ 13 പ്രാദേശികമായി കൂടുതൽ വിൽക്കുന്ന എല്ലാ മോഡലുകളും നിർമ്മിക്കും. കൂടാതെ മൂന്നാമത്തെ പങ്കാളിയായ പെഗാട്രോണും ഈ മാസം പ്രവർത്തനം ആരംഭിച്ചേക്കും.

അഞ്ചുവർഷം മുമ്പ് 2017ൽ ഐഫോൺ എസ്ഇ ഉപയോഗിച്ച് ആപ്പിൾ ഇന്ത്യയിൽ ഐഫോണുകൾ നിർമ്മിക്കാൻ തുടങ്ങിയിരുന്നു. നിലവിൽ ഐഫോൺ 11, ഐഫോൺ 12, ഇപ്പോൾ ഐഫോൺ 13 എന്നിവയും പ്രാദേശികമായി നിർമ്മിക്കുന്നു.

2021 സെപ്റ്റംബർ 24-ന് ലോഞ്ച് ചെയ്യുന്നതിനും ഏറ്റവും പുതിയ ഐഫോൺ മോഡലിന്റെ ഉൽപ്പാദനത്തിനും ഇടയിലുള്ള സമയപരിധി എട്ടു മാസത്തിൽ നിന്ന് ആറ്, ഏഴ് മാസമായി കുറയ്ക്കാൻ പ്രാദേശിക നിർമ്മാണം ആപ്പിളിനെ സഹായിച്ചിട്ടുണ്ട്.