പ്പിൾ കമ്പനിക്കിത് കഷ്ടകാലമാണെന്നാണ് തോന്നുന്നത്. കഴിഞ്ഞയാഴ്ച ലോഞ്ച് ചെയ്ത പുതിയ ഐഫോണുകളായ ഐഫോൺ 6, ഐഫോൺ 6 പ്ലസ് എന്നിവയുമായി ബന്ധപ്പെട്ടാണ് ആപ്പിളിന് തലവേദനകൾ തുടരെത്തുടരെ ഉണ്ടാകുന്നത്. പ്രസ്തുത ഐഫോണുകളുടെ നിർമ്മാണച്ചെലവിനേക്കാൾ എത്രയോ ഇരട്ടി വിലയിട്ട് വൻലാഭമീടാക്കുന്നുവെന്നതിന്റെ പേരിൽ കമ്പനിക്കെതിരേ ഉയർന്ന ആരോപണങ്ങളുടെ ചൂടാറുന്നതിന് മുമ്പെയുണ്ടായ പുതിയ പ്രശ്‌നമാണ് ആപ്പിളിനെതിരെ തിരിയാൻ ഉപയോക്താക്കളെ േ്രപരിപ്പിച്ചിരിക്കുന്നത്. ഇത്തവണ ഐഒഎസ് 8.0.1 എന്ന ഓപ്പറേറ്റിങ് സിസ്റ്റമാണ് ആപ്പിളിന് ശനിദശയായിത്തീർന്നിരിക്കുന്നത്.

പ്രസ്തുത ഓപ്പറേറ്റിങ് സിസ്റ്റം ഐ ഫോൺ 6 മോഡലുകളിൽ അപ്‌ഡേറ്റ് ചെയ്യാൻ ശ്രമിച്ചതോടെയാണ് പ്രശ്‌നങ്ങൾക്ക് തുടക്കമായത്. യൂസർമാർക്ക് തങ്ങളുടെ ഫിംഗർ പ്രിന്റ് ഉപയോഗിച്ച് ലോഗ് ഓൺ ചെയ്യാൻ സഹായിക്കുന്ന ഓപ്പറേറ്റിങ് സിസ്റ്റമായിരുന്നു അത്. എന്നാൽ ഇത് അപ്‌ഡേറ്റ് ചെയ്തതോടെ ഫോണുകളിൽ ടെലിഫോൺ സിഗ്‌നലുകളും ഡാറ്റാ നെറ്റ് വർക്കും ലഭിക്കാതാവുകയാണ് ചെയ്തത്. അതായത് ഉപയോക്താക്കൾക്ക് ഇൻകമിങ് , ഔട്ട്‌ഗോയിങ് കാളുകൾ ചെയ്യാനും മെസേജുകൾ അയക്കാൻ സാധിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥ സംജാതമായെന്ന് ചുരുക്കം. ഇതിനെത്തുടർന്ന് ഉപയോക്താക്കൾ ആപ്പിൾ ഐഫോണുകളോട് മുഖം തിരിച്ചതിനെ തുടർന്ന് ആപ്പിളിന്റെ വിപണി മൂല്യം രണ്ട് ദിവസം കൊണ്ട് ഇടിഞ്ഞത് ഒന്നേകാൽ ലക്ഷം കോടി രൂപ ഇടിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞയാഴ്ച ഐഫോൺ 6, ഐഫോൺ 6 പ്ലസ് എന്നിവ ലോഞ്ച് ചെയ്തതിനെത്തുടർന്നുണ്ടായ വൻകുതിപ്പിനെത്തുടർന്ന് കമ്പനിയുണ്ടാക്കിയ ലാഭത്തിനും ഇതോടെ ഇടിവ് സംഭവിച്ചിരിക്കുന്നു.

അപ്രതീക്ഷിതമായി നേരിട്ട തിരിച്ചടിയെത്തുടർന്ന് ആപ്പിൾ പ്രസ്തുത ഓപ്പറേറ്റിങ് സിസ്റ്റം ഉടനടി പിൻവലിക്കുകയായിരുന്നു. പുതിയ പ്രശ്‌നത്തിനെത്തുടർന്ന് ആപ്പിളിനെതിരെ സോഷ്യൽ മീഡിയകളിൽ വൻ പ്രചാരമാണുണ്ടായത്. കമ്പനിയുടെ ഫോണുകളെ പരിഹസിക്കുന്ന തരത്തിലുള്ള പോസ്റ്ററുകൾ സജീവമായിരുന്നു. ട്വിറ്ററിലാണിത് കൂടുതലായും ഉണ്ടായത്.

ആപ്പിളിന്റെ പഴയ ഐ ഫോണുകൾ, ഐപാഡുകൾ എന്നിവയുമായി ബന്ധപ്പെട്ടും പരാതികൾ ഉയർന്നിരുന്നു. അതായത് ഇവയുടെ ബാറ്ററി നാല് മണിക്കൂറിലധികം നിലനിൽക്കുന്നില്ലെന്നായിരുന്നു ഇവയുമായി ബന്ധപ്പെട്ട് യൂസർമാരുടെ പ്രധാന പരാതി. ഐഫൈ കണക്ഷനുമായി ബന്ധപ്പെട്ടായിരുന്നു മറ്റൊരു പരാതി. ചില ആപ്ലിക്കേഷനുകൾ ഉപയോഗിക്കുമ്പോൾ ഐഫോണുകൾ മന്ദഗതിയിലാകുന്നുവെന്നും ആരോപണങ്ങൾ ഉയരുന്നുണ്ട്. ഇതിന്റെ ഫലമായി ആപ്പിളിന്റെ സപ്പോർട്ടഡ് ഫോറങ്ങളിൽ പരാതികളുടെ പ്രളയമായിരുന്നു. സോഫ്റ്റ് വെയർ ആഡ് ചെയ്തതിനെത്തുടർന്ന് നാല് മാസം മുമ്പ് വാങ്ങിയ ഐപാഡ് മിനി ഒരു പഴയ കമ്പ്യൂട്ടർ പോലെ മന്ദഗതിയിലായെന്നായിരുന്നു ഒരാളുടെ പരാതി. പരാതികളുടെ നടുക്കലടലിൽ അകപ്പെട്ട ആപ്പിൾ, ഐഒഎസ് 8. 0. 1 ലോഞ്ച് ചെയ്ത് ഒരു മണിക്കൂറിനകം പിൻവലിച്ച് മുഖം രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു. ബുധനാഴ്ച രാത്രിയായിരുന്നു സംഭവങ്ങൾ അരങ്ങേറിയത്. മറ്റ് ഐഫോണുകൾ , ഐപാഡുകൾ എന്നിവയേക്കാൾ ഈ പ്രശ്‌നം കൂടുതലായും ബാധിച്ചത് ഐഫോൺ 6നെയും ഐഫോൺ 6 പ്ലസിനെയുമായിരുന്നു. ഈ പ്രശ്‌നം മൂലം യൂസർമാർക്കുണ്ടായ വിഷമത്തിൽ ആപ്പിൾ പശ്ചാത്താപം പ്രകടിപ്പിച്ചിട്ടുണ്ട്. ഐഒഎസ് 8.0.2 ന്റെ പ്രശ്‌നങ്ങൾ പരിഹരിച്ച് ദിവസങ്ങൾക്കകം ഉടൻ പുറത്തിറക്കുമെന്നാണ് കമ്പനി പറയുന്നത്. പഴയ സോഫ്റ്റ് വെയർ എങ്ങനെ റീ ഇൻസ്റ്റാൾ ചെയ്ത് ഫോണുകൾ ഉപയോഗക്ഷമമാക്കാമെന്നുള്ള ഒരു സ്‌റ്റെപ്പ് ബൈ സ്റ്റെപ്പ് ഗൈഡും കമ്പനി യൂസർമാർക്കായി പുറത്തിറക്കിയിട്ടുണ്ട്.