ലണ്ടൻ: സ്മാർട്‌ഫോൺ വിപണിയിലെ വിശ്വസ്ത ബ്രാന്റായ ആപ്പിളിന്റെ ഐ ഫോണിനെതിരേ ഈയിടെയായി കേട്ടുകൊണ്ടിരിക്കുന്ന പരാതികൾക്ക് അവസാനമാകുന്നില്ല. ദീർഘ നേരം പോക്കറ്റിലിട്ടാൽ വളയുന്ന ഐ ഫോൺ സിക്‌സ്, ആപ്പിളിന്റെ വില തട്ടിപ്പ്, നിലത്തു വീണാൽ വിരിഞ്ഞ് പൊട്ടുന്ന സ്‌ക്രീൻ... ഈ പട്ടികയിലേക്ക് ഇതാ ഒന്നു കൂടി. ഐ ഫോണിലെ ഓപറേറ്റിങ് സിസ്റ്റമായ ഐഒഎസിന്റെ ഇന്നലെ അവതരിപ്പിച്ച ഏറ്റവും പുതിയ അപ്‌ഡേറ്റിൽ വൈറസ് കടന്നു കൂടിയതായി പരാതികൾ ഉയർന്നു കഴിഞ്ഞു. പുതിയ അപ്‌ഡേറ്റ് ഐ ഫോൺ സിക്‌സിലും സിക്‌സ് പ്ലസിലും പ്രശ്‌നങ്ങളുണ്ടാക്കുന്നതായാണ് പരാതി. ഇത് സിഗ്നലിനെ ഇല്ലാതാക്കുകയും ഡാറ്റാ സർവീസിനെ ബാധിക്കുകയും ചെയ്യുന്നതോടൊപ്പം ടച്ച് ഐഡിക്കും പ്രശ്‌നമുണ്ടാക്കുന്നു. ഈ പരാതി ഉയർന്നതോടെ പുതിയ അപ്‌ഡേറ്റ് ആപ്പ്ൾ പിൻവലിച്ചിരിക്കുകയാണിപ്പോൾ. അവതരിപ്പിച്ച് ഒരാഴ്ചക്കിടെ പുതിയ ഐ ഫോണിന് ഉണ്ടാകുന്ന സുപ്രധാനമായ രണ്ടാമത്തെ പ്രശ്‌നമാണിത്.

നേരത്തെ ഐ ഫോൺ ഫോർ അവതരിപ്പിച്ചപ്പോഴുണ്ടായതിനേക്കാൾ വലിയ പ്രശ്‌നങ്ങളാണ് ആപ്പ്‌ളിനു നേരിടേണ്ടി വരുന്നത്. ഫോൺ വളയുന്നതിനെ കുറിച്ചുള്ള പരാതികളോട് കമ്പനി പ്രതികരിച്ചിട്ടില്ലെങ്കിലും പുതിയ അപ്‌ഡേറ്റിൽ പ്രശ്‌നമുണ്ടായതോടെ കമ്പനി ഉടൻ തന്നെ അത് പിൻവലിച്ചിരിക്കുകയാണ്. ഇന്നലെ അവതരിപ്പിച്ച് ഏതാനും മിനിറ്റുകൾക്കുള്ളിൽ തന്നെ പരാതികളും ഉയർന്നു കഴിഞ്ഞിരുന്നു. ഈ പ്രശ്‌നം ഏറ്റവും പുതിയ മോഡലുകൾക്ക് മാത്രമെ കാണപ്പെട്ടിട്ടുള്ളൂ. ഐ ഫോൺ ഫൈവിനനോ ഫൈവ് സിക്കോ ഈ പ്രശ്‌നമില്ല. യുഎസ്, ബ്രിട്ടൻ, കാനഡ എന്നിവിടങ്ങിലെ ആപ്പ്ൾ ഉപഭോക്താക്കളാണ് ഈ പരാതി ഉന്നയിച്ചിരിക്കുന്നതെന്ന് മാക്‌റൂമേഴ്‌സ് ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു.

ഐട്യൂൺസ് സ്റ്റോറിൽ നടത്തിയ ചെറിയ മാറ്റങ്ങളോടെയാണ് ഐഒഎസ് 8.0.1 അപ്‌ഡേറ്റ് അവതരിപ്പിച്ചത്. ഈ അപ്‌ഡേറ്റില്ലാതെ പുതിയ ഐ ഫോൺ പൂർണമായും പ്രയോജനപ്പെടുത്താനാവില്ലായിരുന്നു. പ്രശ്‌നം കണ്ടതിനെ തുടർന്ന് ഉപഭോക്താക്കളോട് ഐ ട്യൂണുമായി കണക്ട് ചെയ്ത് പഴയ പതിപ്പ് റിസ്റ്റോർ ചെയ്യാൻ ഉപദേശിച്ചിരിക്കുകയാണ് കമ്പനി. പ്രശ്‌നം കമ്പനി പരിശോധിച്ചു വരികയാണ്. അതിനിടെ രോഷാകുലരായ ഉപഭോക്താക്കൾ ട്വിറ്ററിൽ കലിപ്പ് തീർക്കുന്നുമുണ്ട്.

നേരത്തെ ഐ ഫോൺ ഫോർ അവതരിപ്പിച്ചപ്പോൾ ആന്റിനയുമായി ബന്ധപ്പെട്ട പരാതികൾ ഉയർന്നപ്പോൾ അത് കമ്പനിയുടെ പ്രശ്‌നമല്ലെന്നു പറഞ്ഞ് ഉപഭോക്താക്കളെ കുറ്റപ്പെടുത്തിയിരുന്നു. പിന്നീട് ക്ഷമാപണം നടത്തിയ കമ്പനി മുൻ നിലപാട് മാറ്റി. അവധിയാഘോഷത്തിലായിരുന്ന അന്നത്തെ കമ്പനി മേധാവി സ്റ്റീവ് ജോബ്‌സ് അവധിക്കാലം വെട്ടിച്ചുരുക്കി തിരിച്ചെത്തി പ്രശ്‌നം നേരിടുന്ന എല്ലാ ഐ ഫോൺ ഫോർ ഉപഭോക്താക്കൾക്കും സൗജന്യമായി പുതിയ കെയ്‌സുകൾ മാറ്റി നൽകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരിന്നു.