രു ഗ്ലാസ് ആപ്പിൾ ജ്യൂസിൽ ഒരു ഡയറി മിൽക് ബാറിൽ അടങ്ങിയിരിക്കുന്ന അത്ര അളവിൽ പഞ്ചസാര അടങ്ങിയിട്ടുണ്ടാകുമെന്ന് നമ്മിൽ പലർക്കും ഒരു ധാരണയുമില്ല എന്നാണ് പുതിയ ഒരു സർവേ വെളിപ്പെടുത്തുന്നത്. ഒറ്റ ഗ്ലാസ് ആപ്പ്ൾ ജ്യൂസിൽ ഏഴ് സ്പൂൺ പഞ്ചസാരയാണുള്ളത്. ഇത് ലോകാരോഗ്യ സംഘടന നിഷ്‌കർഷിക്കുന്ന അളവിലും വളരെ കൂടുതലാണ്. മുതിർന്നവർക്ക് ഒരു ദിവസം ആറ് സ്പൂൺ പഞ്ചസാരയാണ് പരിധിയിട്ടിരിക്കുന്നത്. ഇത് പാലിലും മറ്റുമടങ്ങിയ സ്വാഭാവിക പഞ്ചസാരയ്ക്കു പുറമെയാണ്. അതേപോലെ തന്നെ കൊഴുപ്പില്ലാത്ത തൈര് എന്ന പേരിൽ വിപണനം ചെയ്യുന്ന തൈരിൽ അഞ്ച് സ്പൂൺ പഞ്ചസാരയാണ് ഉള്ളത്. മൂന്ന് സ്‌കൂപ് ഐസ്‌ക്രീമിലെ പഞ്ചസാരയോളം വരുമിത്.

ആരോഗ്യ ദായകമെന്ന പേരിൽ ദൈനംദിനം ഉപയോഗിക്കുന്ന ഭക്ഷണ പഥാർത്ഥങ്ങളിലെ പഞ്ചാരയുടെ അളവ് തിട്ടപ്പെടുത്താനായി നടത്തിയ ഒരു സർവേയിലാണ് ഇക്കാര്യങ്ങൾ വെളിപ്പെട്ടത്. 2000 അമ്മമാർക്കിടയിൽ നടത്തിയ സർവേയിൽ 90 ശതമാനം പേർക്കും തങ്ങൾ കുട്ടികൾക്ക് നൽകുന്ന ആപ്പ്ൾ ജ്യൂസിലേയും തൈരിലേയും പഞ്ചസാരയുടെ അളവിനെ കുറിച്ച് ഒരു ധാരണയും ഇല്ല. 46 ശതമാനം അമ്മമാരുടേയും ആശങ്ക കുട്ടികൾ പഞ്ചസാരയ്ക്ക് അടിമപ്പെടുമോ എന്നാണ്. തങ്ങളുടെ മക്കൾ സന്തുലിതമായ ഭക്ഷണ രീതി പിന്തുടരുന്നില്ലെന്ന് അഞ്ചിലൊന്നു അമ്മമാരും സമ്മതിച്ചു. നൽകുന്ന ഭക്ഷണത്തിലെ പോഷക ഗുണങ്ങൾ എപ്പോഴും നോക്കാറില്ലെന്ന് 60 ശതമാനം അമ്മമാരും തുറന്ന് പറഞ്ഞു.

കുട്ടികൾക്ക് നൽകുന്ന ഭക്ഷണത്തിൽ കുടിയ അളവിലുള്ള പഞ്ചസാര ആരോഗ്യത്തിന് ഹാനികരമാണ്. ടൈപ് റ്റു ഡയബെറ്റിസ്, ഹൃദ്രോഗങ്ങൾ എന്നിവ വേഗത്തിൽ പിടിപെടും. പല്ലുകൾ വേഗത്തിൽ നശിക്കാും ഇടവരുത്തും. ഇങ്ങനെയൊക്കെയാണെങ്കിലും 40 ശതമാനം അമ്മമാരും പറഞ്ഞത് ദിവസം ഒരിക്കലെങ്കിലും കുട്ടികൾക്ക് ചോക്ലേറ്റൊ മധുര പാനീയങ്ങളോ മിഠായികളോ നൽകാറുണ്ടെന്നാണ്. പുകയില പോലെ തന്നെ അപകടകാരിയാണ് പഞ്ചസാരയെന്ന് ഡോക്ടർമാർ മുന്നറിയിപ്പു നൽകുന്നുണ്ട്. ഏറ്റവും കൂടിയത് ആറ് ടീസ്പൂൺ പഞ്ചസാരയെ ഒരു ദിവസം അകത്താക്കാവൂ എന്നാണ് ഡോക്ടർമാർ പറയുന്നത്. പൊണ്ണത്തടി, ഹൃദ്രോഗങ്ങൾ, മറ്റു ഗുരുതര രോഗങ്ങൾ എന്നിവ തടയാൻ ഇതാവശ്യമാണെന്നും ഡോക്ടർമാർ പറയുന്നു.