ഡബ്ലിൻ: രാജ്യത്ത് പുതുതായി നിലവിൽ വന്ന പാസ്‌പോർട്ട് കാർഡിന് ഫോട്ടോ എടുക്കുന്നതിനുള്ള പാസ്‌പോർട്ട് ആപ്ലിക്കേഷനിൽ സെൽഫി ഫോട്ടോ എടുത്ത് മടുത്തുവെന്ന് പരക്കെ പരാതി. അയർലണ്ടുകാർക്ക് യൂറോപ്യൻ യൂണിയനിൽ എവിടേയും യാത്ര ചെയ്യാൻ കൂടുതൽ സൗകര്യമൊരുക്കിക്കൊണ്ടാണ് പാസ്‌പോർട്ട് കാർഡിന് രൂപം കൊടുത്തിട്ടുള്ളത്. അഞ്ചു വർഷത്തെ കാലാവധിയിൽ നൽകുന്ന ഈ പാസ്‌പോർട്ട് കാർഡ് ഐറീഷ് പൗരത്വമുള്ള ആർക്കും പാസ്‌പോർട്ട് കൂടാതെ യൂറോപ്യൻ യൂണിയനിലും സ്വിറ്റ്‌സർലണ്ടിലും യഥേഷ്ടം സഞ്ചരിക്കാം എന്ന പ്രത്യേകതയുമുണ്ട്.

മൊബൈൽ ഫോണിൽ ലഭ്യമാകുന്ന ആപ്ലിക്കേഷൻ വഴി സ്വയം ഫോട്ടോയെടുത്ത് പാസ്‌പോർട്ട് കാർഡിന് അപേക്ഷിക്കുകയും ചെയ്യാം എന്നാണ് മറ്റൊരു മെച്ചമായി പറഞ്ഞിരുന്നത്. എന്നാൽ ഫോൺ വഴി സെൽഫി ഫോട്ടോ എടുത്ത് അപേക്ഷിക്കുന്നവരോട് ഫോട്ടോ കാർഡിലേക്ക് അനുയോജ്യമാകുന്നില്ല എന്ന നിർദ്ദേശമാണ് ലഭിക്കുന്നത്. ചിലർ ഇങ്ങനെ എഴുപതിലധികം തവണ സെൽഫിയെടുത്ത് കുഴങ്ങുന്നുണ്ട്.

വഴി ഫോട്ടോയെടുത്ത് അപേക്ഷിക്കുന്നവർക്ക് ഏറെ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്നാണ് പരക്കെയുള്ള പരാതി. ഫോട്ടോയ്ക്കുള്ള നിർദിഷ്ട നിർദ്ദേശങ്ങൾക്കനുസൃതമായി ഫോട്ടോ എടുക്കാൻ സാധിക്കുന്നില്ല എന്നതാണ് പ്രധാന പ്രശ്‌നം. നിലവിലുള്ള പാസ്‌പോർട്ട് ബുക്കിന് അനുസരിച്ചുള്ള വിവരങ്ങൾ സമർപ്പിച്ച്  ഒരു സെൽഫി ഫോട്ടോയും നൽകിയാൽ പാസ്‌പോർട്ട് കാർഡിന് അർഹരാകും. പിന്നീട്  ഫീസായി 35 യൂറോ ക്രെഡിറ്റ് കാർഡ് വഴി അടയ്ക്കുകയും വേണം.

സെൽഫി ഫോട്ടോയെടുത്ത് അപേക്ഷാ ഫീസും സഹിതം അപേക്ഷിച്ചവരോട് പാസ്‌പോർട്ട് ഓഫീസിൽ നിന്ന് തങ്ങളുടെ അപേക്ഷ നിരസിച്ചുവെന്ന അറിയിപ്പ് ലഭിച്ചിട്ടുണ്ടെന്നും ചിലർ പരാതിപ്പെടുന്നു. ഫോട്ടോയെടുത്തതിൽ വന്ന പിഴവു മൂലമാണ് അപേക്ഷ റദ്ദാക്കിയതെന്ന് ഇവർ പറയുന്നു. പാസ്‌പോർട്ട് ഓഫീസ് നിർദ്ദേശിക്കുന്ന അളവുകൾക്കനുസരിച്ചു വേണം സെൽഫി ഫോട്ടോയെടുക്കാൻ. എന്നാൽ ഇതിൽ മിക്കവർക്കും പിഴവ് പറ്റുന്നതാണ് പ്രശ്‌നങ്ങൾക്കു കാരണമെന്നും വിലയിരുത്തുന്നു.