തിരുവനന്തപുരം: തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് എന്നിവിടങ്ങളിലുള്ള സർക്കാർ ഡെന്റൽ കോളേജുകളിലേക്കും സ്വകാര്യ സ്വാശ്രയ ഡന്റൽ കോളേജുകളിലെ ലഭ്യമായ അൻപത് ശതമാനം സീറ്റുകളിലേക്കും 2015 വർഷത്തിലെ വിവിധ എം.ഡി.എസ് കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. പരീക്ഷ 2015 ജനുവരി 11ന് രാവിലെ പത്ത് മണി മുതൽ ഒരുമണി വരെ തിരുവനന്തപുരത്ത് നടത്തും. പ്രവേശന പരീക്ഷയ്ക്ക് ഇരുനൂറ് ചോദ്യങ്ങളും മൂന്ന് മണിക്കൂർ ദൈർഘ്യവുമുള്ള ചോദ്യപേപ്പറാണുള്ളത്. ചോദ്യങ്ങൾ ഒബ്ജക്ടീവ് മാതൃകയിലായിരിക്കും. സർവീസ് വിഭാഗക്കാർ ഉൾപ്പെടെ എല്ലാ അപേക്ഷാർത്ഥികൾക്കും പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ഡിസംബർ 22 ന് വൈകുന്നേരം മൂന്ന് വരെ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. പ്രോസ്‌പെക്ടസ് വെബ്‌സൈറ്റിൽ ലഭിക്കും. അപേക്ഷയുടെ പ്രിന്റൗട്ടും പ്രോസ്‌പെക്ടസ് ക്ലോസ് എട്ട് (ഇ) ൽ പറഞ്ഞിട്ടുള്ള അനുബന്ധ രേഖകളും, ബാങ്ക് ചെലാൻ അഥവാ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം നേരിട്ടോ, അല്ലെങ്കിൽ രജിസ്‌ട്രേഡ് തപാൽ/സ്പീഡ് പോസ്റ്റ് മുഖാന്തരമോ കമ്മീഷണർ ഫോർ എൻട്രൻസ് എക്‌സാമിനേഷൻ, ഹൗസിങ് ബോർഡ് ബിൽഡിങ്, ശാന്തി നഗർ, തിരുവനന്തപുരം 695 001 എന്ന വിലാസത്തിൽ ഡിസംബർ 22 തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് ലഭിക്കണം.