ത്തറിൽ തൊഴിൽ വിസയുള്ള പ്രവാസികൾക്ക് കുടുംബാംഗങ്ങൾക്ക് വിസയെടുക്കാൻ വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം ഓർമപ്പെടുത്തി. ഉയർന്ന തസ്തികയിലുള്ളവർക്കാണ് ഫാമിലി വിസ അനുവദിക്കുന്നത്. ഈ വിസ ലഭിക്കാൻ ആവശ്യമായ വിദ്യാഭ്യാസ യോഗ്യതയുണ്ടെന്ന് തെളിയിക്കുന്നതിനാണ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധന.

ഫാമിലി വിസ ലഭിക്കാൻ ആവശ്യ ശമ്പളം പ്രതിമാസം പതിനായിരം റിയാലാണ്. ഫാമിലി വിസ നിബന്ധനകളിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് ഓർമപ്പെടുത്തിയാണ് ആഭ്യന്തര മന്ത്രാലയം ഫേസ്‌ബുക്ക് പേജിൽ അറിയിപ്പു പോസ്റ്റ് ചെയ്തത്. നേരത്തെ 4000 റിയാൽ ശമ്പളമുള്ളവർക്ക് ഫാമിലി വിസ ലഭിക്കുമായിരുന്നു. പുതിയ നിയമം അനുസരിച്ച് 6000 രൂപയായി ഈ പരിധി കൂട്ടിയിരിക്കുകയാണ്.

കമ്പനി അനുവദിക്കുന്നുണ്ടെങ്കിൽ ഏഴായിരം പ്രതിമാസ ശമ്പളം ഉണ്ടായിരിക്കണമെന്നാണ് നിബന്ധന. ശമ്പളം കൈപ്പറ്റിയതു തെളിയിക്കുന്നതിന് ആറുമാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റും ഹാജരാക്കണം. രാജ്യത്ത് കാലാവധിയുള്ള റസിഡൻസ് പെർമിറ്റുള്ളവർക്കു മാത്രമേ കുടുംബത്തിന് വിസ അപേക്ഷിക്കാൻ സാധിക്കൂ. അപേക്ഷയോടൊപ്പം ബന്ധപ്പെട്ട അഥോറിറ്റികൾ സാക്ഷ്യപ്പെടുത്തിയ മാരേജ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.

ഖത്തറിൽ വർധിച്ചുവരുന്ന പാർപ്പിടപ്രശ്‌നം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ഇപ്പോൾ ഖത്തറിൽ കുടുംബമായി താമസിക്കുന്നവർക്ക് ഈ നിയമം ബാധകമല്ല. സ്‌പോൺസർ താമസസൗകര്യം ഏർപ്പെടുത്തുകയാണെങ്കിൽ താഴ്ന്ന വരുമാനക്കാർക്കും ഫാമിലി വിസ നൽകുന്ന കാര്യം പരിഗണനയിലാണ്.

ഫാമിലി വിസക്ക് അപേക്ഷിക്കുന്നിർ സർക്കാർ, അർധ സർക്കാർ ജീവനക്കാരാണെങ്കിൽ അവർക്ക് ജോലി ചെയ്യുന്ന സ്ഥാപനം കുടുംബത്തിന് താമസിക്കാനുള്ള സൗകര്യം അനുവദിക്കുകയോ തൊഴിൽ കരാറിൽ ഫാമിലി താമസത്തിനുള്ള പ്രത്യേക അലവൻസ് രേഖപ്പെടുത്തുകയോ ചെയ്തിരിക്കണം. ഇല്ലെങ്കിൽ വിസ അനുമതി ലഭിക്കില്ല. കൂടാതെ ശമ്പളവും തൊഴിൽ തസ്തികയും വ്യക്തമാക്കി ബന്ധപ്പെട്ട വകുപ്പിൽ നിന്നുള്ള ലറ്ററും ഹാജരാക്കിയിരിക്കണം. എന്നാൽ, സർക്കാർ അർധ സർക്കാർ ജീവനക്കാർക്ക് ശമ്പള നിബന്ധന പറയുന്നില്ല. സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ നോട്ടറി ഒപ്പുവച്ച എംപ്ലോയ്മെന്റ് കരാറും ആവശ്യപ്പെടുന്നു.

കുടുംബ വിസയ്ക്ക് അപേക്ഷിക്കാനുള്ള മറ്റു നിബന്ധനകൾ ആഭ്യന്തരമന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുടുംബ വിസയ്ക്ക് അപേക്ഷിക്കുന്നയാൾക്ക് സാധുതയുള്ള താമസ അനുമതി ഉണ്ടായിരിക്കണം- അധികാരികൾ സാക്ഷ്യപ്പെടുത്തിയ വിവാഹ രേഖകൾ, കുടുംബവുമൊത്ത താമസിക്കാനുള്ള സൗകര്യം നൽകുന്നുണ്ടെന്ന തൊഴിൽദാതാവിന്റെ സാക്ഷ്യപത്രം, ജോലിയെയും വേതനത്തെയും കുറിച്ചുള്ള ഔദ്യോഗിക രേഖകൾ എന്നിവയും അപേക്ഷയോടൊപ്പം ഹാജരാക്കണം.

25 വയസ് കഴിഞ്ഞ ആൺമക്കളെ കുടുംബ വിസയുടെ പരിധിയിൽ ഉൾപെടുത്തില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. എന്നാൽ അവിവാഹിതകളായ പെൺമക്കൾക്ക് വിസ അനുവദിക്കും. വിസ ഇഷ്യു ചെയ്യാനായി ഓരോ അംഗത്തിനും 200 റിയാലാണ് ഫീസ്.