കൊല്ലം: സഖാക്കൾ വിചാരിച്ചാൽ ജോലി ഉറപ്പ്. അരോഗ്യ വകുപ്പിൽ ഇങ്ങനെ നിരവധി പേർക്ക് ജോലി കിട്ടി. കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയിലെ (കെഎച്ച്ആർഡബ്ല്യുഎസ്) 180 തസ്തികകളിലെ സ്ഥിരപ്പെടുത്തൽ അങ്ങനെ വിവാദമാകുകയാണ്. മന്ത്രിസഭയിൽ വയ്ക്കാതെ 'പിൻവാതിലിലൂടെ' തരപ്പെടുത്തിയതായി സിഐടിയു യൂണിയൻ നേതാവിന്റെ വാട്‌സാപ് സന്ദേശമാണ് ഇത് ചർച്ചയാക്കുന്നത്. സർക്കാർ പോലും പുറത്തു പറയാത്ത തീരുമാനം യൂണിയൻ നേതാവ് ജീവനക്കാരെ അറിയിച്ചതോടെയാണ് സന്ദേശം വിവാദമായത്.

ഹൈക്കോടതി നിർദേശത്തെ തുടർന്നും വിവാദങ്ങളെ തുടർന്നും എല്ലാ സ്ഥിരപ്പെടുത്തലുകളും തൽക്കാലം നിർത്തിവച്ചതായാണ് സർക്കാർ നിലപാട്. കേരള ബാങ്ക്, കെഎംഎസ്സിഎൽ എന്നിവയിലേക്കുൾപ്പെടെ രണ്ടായിരത്തോളം പേരെ സ്ഥിരപ്പെടുത്താനുള്ള നീക്കം മരവിപ്പിച്ചിരുന്നു. എന്നാൽ ഇതെല്ലാം കള്ളത്തരമായിരുന്നുവെന്ന ചർച്ചയാണ് യൂണിയൻ നേതാവിന്റെ ഫോൺ സംഭാഷണം ചർച്ചയാക്കുന്നത്.

സ്ഥിരപ്പെടുത്തൽ തൽക്കാലം നിർത്തി വച്ചതായാണ് സർക്കാർ അറിയിപ്പെങ്കിലും മുഖ്യമന്ത്രിയുടെ അനുമതിയോടെ ഗവേർണിങ് ബോഡി തസ്തികകൾ അംഗീകരിച്ചുവെന്നാണ് സന്ദേശത്തിലെ അവകാശ വാദം. യൂണിയന്റെ സമയോചിത ഇടപെടലുകൾ ഫലം കണ്ടു എന്നും എംപ്‌ളോയീസ് ഫെഡറേഷൻ (സിഐടിയു) കൊല്ലം ജില്ലാ സെക്രട്ടറി ബ്രിജി കുഞ്ഞുമോനാണ് സഹപ്രവർത്തകരുടെ ഗ്രൂപ്പിൽ സന്ദേശം നൽകിയത്. ഇതോടെ പ്രതിക്കൂട്ടിലാകുന്നത് സർക്കാരാണ്.

ഇതു വിവാദമായതിനെ തുടർന്ന് സന്ദേശം സംസ്ഥാന തലത്തിൽ ചർച്ചയാക്കരുതെന്നും സംസ്ഥാന നേതൃത്വം കൂടുതൽ വിവരം പിന്നാലെ അറിയിക്കുമെന്നും കുഞ്ഞുമോൻ വീണ്ടും അറിയിച്ചു. കഴിഞ്ഞ 17ന് നടന്ന മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി കുറിപ്പ് എഴുതിയതു വരെ ചൂണ്ടിക്കാട്ടിയാണ് യൂണിയൻ നേതാവിന്റെ സന്ദേശം.

'വിവാദങ്ങൾ ഉയർന്നതിനാൽ സ്ഥിരപ്പെടുത്തൽ നടപടികൾ മുഴുവൻ നിർത്തി വയ്ക്കാനായിരുന്നു മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. എന്നാൽ സ്വന്തം ഫണ്ട് കൊണ്ടാണ് സ്ഥാപനം പ്രവർത്തിക്കുന്നതെന്ന് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും യൂണിയൻ ബോധ്യപ്പെടുത്തി. തുടർന്ന് സ്ഥിരപ്പെടുത്തൽ ക്യാബിനറ്റിൽ വയ്‌ക്കേണ്ട എന്നും സൊസൈറ്റി ഗവേർണിങ് ബോഡിയിൽ വച്ച് ആരോഗ്യ മന്ത്രിക്ക് ഉചിതമായ തീരുമാനം എടുക്കാമെന്നും എഴുതി മുഖ്യമന്ത്രി ഫയലിൽ ഒപ്പിട്ടു. ഇടതു യൂണിയന്റെ അടിപതറാത്ത നിലപാടുകളാണ് ഈ നേട്ടത്തിന് പിന്നിൽ' കുഞ്ഞുമോൻ സന്ദേശത്തിൽ പറയുന്നു.

സന്ദേശം വിവാദമായപ്പോള്ഡ കൊല്ലം ജില്ലാ കമ്മിറ്റി സഖാക്കളെ ഉദ്ദേശിച്ചു മാത്രമാണ് സന്ദേശം അയച്ചതെന്നും സംസ്ഥാന തലത്തിൽ ഇതു വിവാദമാക്കരുതെന്നും അഭ്യർത്ഥിച്ച് ബ്രിജിമോൻ വീണ്ടും സന്ദേശം അയച്ചു. ഔദ്യോഗിക അറിയിപ്പ് സംഘടനയുടെ സംസ്ഥാന നേതൃത്വം യഥാവിധി അറിയിക്കുമെന്നും ഈ കുറിപ്പിലുണ്ട്.

ബ്രിജിമോന്റെ രണ്ട് സന്ദേശങ്ങൾ:

കെഎച്ച്ആർഡബ്ല്യുഎസ് എംപ്ലോയിസ് ഫെഡറേഷൻ സിഐടിയു കൊല്ലം ജില്ലാ കമ്മിറ്റി

സഖാക്കളേ, ഒരു സന്തോഷ വാർത്ത നിങ്ങളെ അറിയിക്കുന്നു. കെഎച്ച്ആർഡബ്ല്യുഎസിലെ 10 വർഷം സർവീസ് പൂർത്തീകരിച്ച ദിവസ, കരാർ ജീവനക്കാരുടെ സ്ഥിരപ്പെടുത്തൽ എന്ന ചിരകാല സ്വപ്നം യാഥാർഥ്യത്തിലേക്ക്. 17-2-2021ൽ നടന്ന ക്യാബിനറ്റിൽ കെഎച്ച്ആർഡബ്ല്യുഎസ് ഉൾപ്പെടെയുള്ള വേറെയും സ്ഥാപനങ്ങളിലെ സ്ഥിരപ്പെടുത്തൽ സംബന്ധിച്ച ഫയൽ ക്യാബിനറ്റിൽ ചെന്നു.

എന്നാൽ നമുക്ക് എല്ലാവർക്കും അറിയാവുന്നതുപോലെ ചില സങ്കീർണമായ പ്രശ്‌നങ്ങൾ വന്നതുകൊണ്ട് ആ ക്യാബിനറ്റിൽ സ്ഥിരപ്പെടുത്തൽ സംബന്ധിച്ചുള്ള നടപടികൾ മുഴുവനും നിർത്തിവയ്ക്കാൻ മുഖ്യമന്ത്രി നിർദേശിക്കുകയും അതിൻപ്രകാരം തൽക്കാലത്തേക്ക് താൽക്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തൽ നിർത്തിവയ്ക്കുകയും ചെയ്തു.

എന്നാൽ, യൂണിയൻ ആരോഗ്യമന്ത്രിയെയും ധനമന്ത്രിയെയും നിയമ മന്ത്രിയെയും മുഖ്യമന്ത്രിയെയും പാർട്ടിയെയും പാർട്ടി നേതാക്കന്മാരെയും നിരന്തരം കാണുകയും, അവരെ കെഎച്ച്ആർഡബ്ല്യുഎസിലെ കാര്യങ്ങൾ ബോധിപ്പിക്കുകയും ഈ സ്ഥാപനം ഒരു ഓൺ ഫണ്ടിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് എന്നും, ഇവിടെ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ശമ്പളം കൊടുക്കുന്നത് കെഎച്ച്ആർഡബ്ല്യുഎസ് തന്നെയാണ് എന്നും, സർക്കാരിൽ നിന്നും ഒരു രൂപ പോലും ഗ്രാൻഡ് പോലും വാങ്ങുന്നില്ല, ജീവനക്കാരെ സ്ഥിരപ്പെടുത്തുമ്പോൾ ഉണ്ടാകുന്ന അധികബാധ്യത സ്ഥാപനത്തിന് വഹിക്കാൻ സാധിക്കുമെന്നും, കെഎച്ച്ആർഡബ്ല്യുഎസിലെ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതുകൊണ്ട് സർക്കാരിന്റെ ഖജനാവിന് ഒരു രൂപ പോലും നഷ്ടം ഉണ്ടാകില്ല എന്ന വസ്തുത മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരെ ബോധ്യപ്പെടുത്താൻ യൂണിയന് സാധിച്ചു.

യൂണിയന്റെ സമയോചിതമായ ഈ ശക്തമായ ഇടപെടലുകൾ ഫലം കണ്ടതുകൊണ്ട്. കെഎച്ച്ആർഡബ്ല്യുഎസിലെ പത്തുവർഷം കഴിഞ്ഞ ദിവസ കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ സ്ഥിരപ്പെടുത്തൽ കാര്യത്തിൽ ക്യാബിനറ്റിൽ തീരുമാനമെടുക്കേണ്ട എന്നും ആരോഗ്യമന്ത്രിക്ക് ഗവേണിങ് ബോഡിയിൽ സ്ഥിരപ്പെടുത്തൽ സംബന്ധിച്ച വിഷയത്തിൽ ഉചിതമായ തീരുമാനം എടുക്കാം എന്ന് പറഞ്ഞ് എഴുതി മുഖ്യമന്ത്രി ഫയലിൽ ഒപ്പിട്ട് ഹെൽത്ത് സെക്ഷനിൽ കൊടുത്ത വിവരം എല്ലാ സഖാക്കളെയും അറിയിച്ചുകൊള്ളുന്നു.

യൂണിയന്റെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിന്റെയും, അപവാദ പ്രചാരണങ്ങളിൽ അടിപതറാതെ നിശ്ചയദാർഢ്യത്തോടെ ഉള്ള പ്രവർത്തനങ്ങളുടെയും ഫലമാണ് ഈ വിഷയത്തിൽ ഇങ്ങനെ ഒരു തീരുമാനം ഇടതുപക്ഷ സർക്കാരിനെ കൊണ്ട് യൂണിയന് എടുപ്പിക്കാൻ സാധിച്ചത്.

അഭിവാദ്യങ്ങളോടെ

കൊല്ലം ജില്ലാ സെക്രട്ടറി, ബ്രിജി കുഞ്ഞുമോൻ

കെഎച്ച്ആർഡബ്ല്യുഎസ് എംപ്ലോയിസ് ഫെഡറേഷൻ (സിഐടിയു) കൊല്ലം ജില്ലാ കമ്മിറ്റി

സഖാക്കളേ, കെഎച്ച്ആർഡബ്ല്യുഎസിലെ ദിവസ കരാർ ജീവനക്കാരുടെ സ്ഥിരപ്പെടുത്തലുമായി ബന്ധപ്പെട്ട് കെഎച്ച്ആർഡബ്ല്യുഎസ് എംപ്ലോയീസ് ഫെഡറേഷൻ സിഐടിയു നാളിതുവരെ നടത്തി വന്നതായ എല്ലാ പ്രവർത്തനങ്ങളിലും സജീവ പങ്കാളിത്തത്തോടുകൂടി ഇടപെട്ട് നിന്നിരുന്ന കൊല്ലം ജില്ലയുടെ ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ബ്രിജി കുഞ്ഞുമോൻ എന്ന ഞാൻ പ്രസ്തുത വിഷയത്തിന്മേൽ ഉണ്ടായതായ ജനപക്ഷ ഇടതുപക്ഷ സർക്കാരിന്റെ പ്രത്യാശവഹമായ നിലപാടുകൾ ഉണ്ടായതായ വിവരം അറിയിച്ചു.

ഈ വിഷയത്തിന്മേൽ ആശങ്കാപരമായ രീതിയിൽ നിന്നിരുന്ന കെഎച്ച്ആർഡബ്ല്യുഎസ് എംപ്ലോയിസ് ഫെഡറേഷൻ (സിഐടിയു) കൊല്ലം ജില്ലാ കമ്മിറ്റി അംഗങ്ങൾ ആയിട്ടുള്ള തൊഴിലാളികളുടെ സ്ഥിരപ്പെടുത്തൽ വിഷയത്തെ സംബന്ധിക്കുന്നതായ നിലവിലെ സ്ഥിതി സംസ്ഥാന കമ്മറ്റിയിൽ നിന്നും ലഭ്യമായ വിവരം കൊല്ലം ജില്ലാ കമ്മിറ്റി സഖാക്കളെ അറിയിക്കുന്നതിലേക്കായി ജില്ലയിലെ വാട്‌സാപ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത സന്ദേശം യൂണിയന്റെ സംസ്ഥാനതല ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തതായി കാണുന്നു.

പ്രസ്തുത വാട്‌സാപ് സന്ദേശത്തിലെ വാർത്താ തന്തു സംബന്ധിച്ച ഔദ്യോഗികമായ അറിയിപ്പ് സംഘടനയുടെ സംസ്ഥാന നേതൃത്വം യഥാവിധി അറിയിക്കുന്നതായിരിക്കും. ആയതു വരെ ഒരു ജില്ലയിൽ മാത്രമായി പുറപ്പെടുവിച്ച ഈ മെസേജിനെ സംസ്ഥാന തലത്തിൽ ചർച്ച ആക്കരുതെന്ന് അഭ്യർത്ഥിക്കുന്നു.

അഭിവാദ്യങ്ങളോടെ

കൊല്ലം ജില്ലാ സെക്രട്ടറി ബ്രിജി കുഞ്ഞുമോൻ