- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മന്ത്രിസഭാ യോഗം ഉദ്യോഗാർഥികളുടെ പ്രതീക്ഷ തകർത്തെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ; മുഖ്യമന്ത്രിക്ക് വൈരനിര്യാതന ബുദ്ധിയെന്നും കെപിസിസി. പ്രസിഡന്റ്
തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് വൈരനിര്യാതന ബുദ്ധിയെന്ന് കെപിസിസി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. പിൻവാതിൽ നിയമന വിവാദത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിസഭാ യോഗം ഉദ്യോഗാർഥികളുടെ പ്രതീക്ഷ തകർത്തെന്നും അദ്ദേഹം പറഞ്ഞു. ഡിവൈഎഫ്ഐ. മുന്നോട്ടുവെച്ച ഉപാധി അംഗീകരിക്കാത്തതിലുള്ള വൈരാഗ്യമാണെന്നും മുല്ലപ്പള്ളി ആരോപിച്ചു. പിഎസ്സിക്ക് വിട്ട ഏതെങ്കിലും തസ്തികകളിൽ താല്ക്കാലികരെ സ്ഥിരപ്പെടുത്തിയോ എന്ന് പരിശോധിക്കാനുള്ള തീരുമാനം ഉദ്യോഗാർഥികളെ കബളിപ്പിക്കാനുള്ള വാചാടോപം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സമരം അവസാനിപ്പിക്കാൻ സർക്കാർ മുൻകൈ എടുക്കണമെന്ന ആവശ്യവുമായി എഐവൈഎഫ് രംഗത്തെത്തി. റാങ്ക് ഹോൾഡർമാരുമായി ചർച്ച നടത്തി സർക്കാരിന്റെ ഭാഗം അവരെ ബോധ്യപ്പെടുത്തണം. അതിന് വേണ്ടിയുള്ള അടിയന്തര നടപടികൾ സർക്കാർ സ്വീകരിക്കേണ്ടതുണ്ട്. യുവജനങ്ങൾക്ക് വേണ്ടി സ്വീകരിച്ച നടപടികൾ ബോധ്യപ്പെടുത്തി സമരം അവസാനിപ്പിക്കാൻ മുൻകൈ എടുക്കണമെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡണ്ട് അഡ്വ.ആർ സജീലാലും സെക്രട്ടറി മഹേഷ് കക്കത്തും പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
നേരത്തെ നിയമനങ്ങളുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റിലടക്കം നടക്കുന്ന സമരങ്ങളോട് സർക്കാർ അസഹിഷ്ണുതാ നിലപാട് സ്വീകരിക്കുന്നതിനെ സിപിഐയും വിമർശിച്ചിരുന്നു. മന്ത്രി തോമസ് ഐസക്ക് അടക്കം നടത്തിയ പ്രതികരണങ്ങൾ അനാവശ്യമായിരുന്നായിരുന്നു സിപിഐ സംസ്ഥാന എക്സിക്യുട്ടീവ് യോഗത്തിൽ ഉയർന്ന വിമർശനം. അതേ സമയം തൊഴിലിനായുള്ള സഹന സമരത്തോട് സർക്കാർ മുഖം തിരിച്ചതോടെ ഉദ്യോഗാർത്ഥികൾ സെക്രട്ടറിയേറ്റിന് മുന്നിൽ മുട്ടിലിഴഞ്ഞ് യാചനാ സമരം നടത്തി. ഉദ്യോഗാർത്ഥികൾക്ക് പിന്തുണയുമായി സംസ്ഥാനത്താകെ പ്രതിപക്ഷയുവജന സംഘടനകൾ പ്രതിഷേധിക്കുകയാണ്. കോഴിക്കോട് അടക്കം പലയിടത്തും പൊലീസ് ലാത്തി വീശി.
മറുനാടന് മലയാളി ബ്യൂറോ