കുവൈറ്റിലെ വിദേശികളുടെ ചികിത്സാഫീസ് വർധിപ്പിക്കുമെന്ന കാര്യം ഉറപ്പായി. ചികിത്സാഫീസ് വർധിപ്പിക്കാനുള്ള നിർദേശത്തിനു പാർലമെന്റിന്റെ നിയമനിയമകാര്യ സമിതി അംഗീകാരം നൽകിയതോടെയാണ് വിദേശികൾക്ക് ഇരുട്ടിടിയായി ചികിത്സാ ഫീസ് വർദ്ധനവും വരുന്നത്.

നിലവിലുള്ള ഇൻഷുറൻസ് നിബന്ധനകളിൽ ഭേദഗതിക്കുള്ള നിർദേശത്തിനും സമിതി അംഗീകാരം ലഭിച്ചു. വിശദാംശങ്ങൾ തയാറാക്കാൻ നിർദേശങ്ങൾ പാർലമെന്റിന്റെ ആരോഗ്യതൊഴിൽ സമിതിക്കു വിടും.

അടുത്തമാസം പകുതിയോടെ വിദേശികൾക്കുള്ള ചികിത്സാഫീസ് വർധന പ്രാബല്യത്തിൽ വരുമെന്ന് ആരോഗ്യമന്ത്രാലയം നേരത്തേ പ്രഖ്യാപിച്ചിരുന്നു. സന്ദർശക വീസയിൽ കുവൈത്തിൽ വരുന്ന വിദേശികൾക്കും ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കണം എന്നതാണു നിർദേശങ്ങളിൽ ഒന്ന്.

വിദേശികൾ നൽകുന്ന പ്രതിവർഷ ആരോഗ്യ ഇൻഷുറൻസ് തുക 50 ദിനാറിൽനിന്നു 130 ആയി വർധിപ്പിക്കുമെന്ന് നേരത്തേ വാർത്തയുണ്ടായിരുന്നു.എന്നാൽ അതു സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം ഒന്നും ഉണ്ടായിട്ടില്ല.