- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കെഎം മാണി മകനെ ഇറക്കിയതിന്റെ പേരിൽ കലാപം ഉണ്ടാക്കിയ ജോസഫ് മകനെ നേതാവാക്കുന്നത് അമേരിക്കയിൽ നിന്നെത്തിച്ച് പരിശീലനം നൽകി; തനിക്ക് മാത്രം സീറ്റ് പോരെന്ന് പറഞ്ഞ് പിസി ജോർജ് നടക്കുന്നത് മകന്റെ ഭാവി നോക്കി; ആദർശമൊക്കെ മൂലയ്ക്കിരുത്തി ജോസഫും ജോർജും
കോട്ടയം: ജോസ് കെ മാണിയെ നേതാവാക്കുന്നതിനോടായിരുന്നു പിജെ ജോസഫിന് എതിർപ്പ്. മക്കൾ രാഷ്ട്രീയത്തെ എതിർത്ത് പിജെ ജോസഫ് കെ എം മാണി ഗ്രുപ്പിൽ പിളർപ്പുണ്ടാക്കി. ജോസ് കെ മാണിയെ നേതാവായി അംഗീകരിക്കില്ലെന്ന് പറഞ്ഞു. പിസി ജോർജും മക്കൾ രാഷ്ട്രീയത്തെ അതിശക്തമായി എതിർത്ത കേരളാ കോൺഗ്രസ് നേതാവാണ്.
കേരളാ കോൺഗ്രസിൽ ജോസ് കെ മാണിക്കെതിരെ പ്രതികരിക്കുന്ന നേതാവ്. കേരളാ കോൺഗ്രസിനെ വീട്ടിനുള്ളിൽ കെട്ടാനുള്ള മാണിയുടെ നീക്കത്തെ എതിർത്ത പിസി. പക്ഷേ ഇതെല്ലാം പഴയ കഥയാണ്. കുടുംബത്തെ രാഷ്ട്രീയത്തിൽ നിന്ന് അകറ്റുമെന്ന് വീമ്പു പറഞ്ഞ് കൈയടി നേടി പിജെ ജോസഫ് എല്ലാം മറക്കുന്നു. മകനെ എംഎൽഎയാക്കാനാണ് നീക്കം. പിസി ജോർജും മകനെ നിയമസഭയിൽ എത്തിക്കാനുള്ള കരുനീക്കത്തിലാണ്.
പി.ജെ. ജോസഫ് എംഎൽഎയുടെ മകൻ അപു ജോൺ ജോസഫ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് സൂചന. ഇക്കാര്യം യുഡിഎഫ് നേതാക്കളോട് ജോസഫ് ഉന്നയിച്ചതായാണ് വിവരം. കോഴിക്കോട് ജില്ലയിൽ നിന്നാണ് അപു മത്സരിക്കാനൊരുങ്ങുന്നത്. നിലവിൽ കേരള കോൺഗ്രസ് മത്സരിക്കുന്ന പേരാമ്പ്ര സീറ്റ് മുസ്ലിം ലീഗിനു നൽകി പകരം ലീഗിന്റെ കൈവശമുള്ള തിരുവമ്പാടിയിൽ അപുവിനെ സ്ഥാനാർത്ഥിയാക്കാനാണ് ജോസഫ് വിഭാഗത്തിന്റെ നീക്കം. രാഷ്ട്രീയത്തിൽ നിന്ന് അകലം പാലിച്ചു നിന്ന വ്യക്തിയാണ് അപ്പു. പഠിത്തവും ജോലിയുമെല്ലാമായി പ്രൊഫഷണലാകാനായിരുന്നു ആഗ്രഹം. എന്നാൽ അവസാനം അതൊക്കെ വേണ്ടെന്ന് വച്ച് രാഷ്ട്രീയത്തിൽ എത്തുന്നു. അമേരിക്കയിൽ നിന്നെത്തിച്ച് പ്രത്യേക പരിശീലനം കൊടുത്താണ് മത്സരത്തിന് മകനെ പിജെ സജ്ജമാക്കുന്നത്.
തിരുവമ്പാടിയിൽ അപുവിനെ ഇറക്കിയാൽ കാര്യങ്ങൾ അനുകൂലമാകുമെന്നാണ് കേരള കോൺഗ്രസിന്റെ വിലയിരുത്തൽ. ഇവിടെ ലീഗ് മത്സരിക്കുന്നതിനേക്കാൾ കേരള കോൺഗ്രസ് മത്സരിക്കുന്നതാകും ഗുണം ചെയ്യുകയെന്ന് ജോസഫ് വിഭാഗം പറയുന്നു. അതേസമയം, പേരാമ്പ്രയിൽ ലീഗിനു ജയസാധ്യത കൂടുതലുമാണ്. കഴിഞ്ഞ ദിവസം കോഴിക്കോട്ടെത്തിയ അപു, പാർട്ടിയുടെ യുവജനവിഭാഗം നേതാക്കളുമായി ചർച്ച നടത്തി. എന്നാൽ ഇപ്പോഴും ഈ വാർത്ത പിജെ ജോസഫ് സ്ഥിരീകരിക്കുന്നില്ല. മധ്യ കേരളത്തിൽ സീറ്റ് മോഹിച്ച് കേരളാ കോൺഗ്രസിൽ നേതാക്കളുടെ നിരയാണ്. അതുകൊണ്ടാണ് അപ്പുവിനെ മലബാറിലേക്ക് പിജെ മാറ്റുന്നത്. വെറുമൊരു രാഷ്ട്രീയ എൻട്രിയായി ഇത് മാറാതിരിക്കാനുള്ള കരുതലും എടുക്കും.
പേരാമ്പ്രയ്ക്കു പുറമേ തളിപ്പറമ്പും ആലത്തൂരുമാണ് കേരള കോൺഗ്രസ് മലബാറിൽ മത്സരിക്കുന്ന മറ്റ് 2 മണ്ഡലങ്ങൾ. എന്നാൽ, മകൻ മത്സരിക്കുന്ന കാര്യം പരിഗണനയിൽ ഇല്ലെന്നും പുറത്തുവരുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രമാണെന്നും പി.ജെ. ജോസഫ് പറഞ്ഞു. കേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്റ്റിയറിങ് കമ്മിറ്റി അംഗവും പാർട്ടിയുടെ കീഴിലുള്ള ഗാന്ധിജി സ്റ്റഡി സെന്റർ വൈസ് ചെയർമാനുമാണ് അപു. അപുവിനെ സ്ഥാനാർത്ഥിയാക്കുന്നതിൽ കേരളാ കോൺഗ്രസിൽ എതിർപ്പ ശക്തമാണ്. മുതിർന്ന നേതാക്കൾക്ക് പോലും മത്സരിക്കാൻ സീറ്റില്ലാത്തപ്പോൾ ഈ മക്കൾ രാഷ്ട്രീയം എങ്ങനെ ശരിയാകുമെന്നതാണ് ഉയരുന്ന ചോദ്യം.
പിജെയെ പോലെ പിസി ജോർജും മകനെ എംഎൽഎയാക്കാനുള്ള നീക്കത്തിലാണ്. യുഡിഎഫിൽ എത്താനാണ് ആഗ്രഹം. മത്സരിക്കാൻ ജനപക്ഷത്തിന് രണ്ട് സീറ്റ് വേണമെന്നതാണ് ജോർജിന്റെ ആവശ്യം. പൂഞ്ഞാർ സീറ്റ് മകന് നൽകി മറ്റൊരിടത്ത് മത്സരിക്കാനാണ് പിസിയുടെ നീക്കം. ജോസ് കെ മാണിയെ അതിശക്തമായി എതിർത്ത പിസിയാണ് മകന് വേണ്ടി ചരടുവലികൾ ശ്ക്തമാക്കുന്നത്. പൂഞ്ഞാറിലെ ജില്ലാ ഡിവിഷനിൽ തദ്ദേശത്തിൽ ഷോൺ ജോർജ് വിജയം നേടിയിരുന്നു.
അതുകൊണ്ട് തന്നെ പൂഞ്ഞാറിൽ മകന് വിജയിക്കാൻ കഴിയുമെന്നാണ് ജോർജിന്റെ കണക്കു കൂട്ടൽ. അതായത് കേരളാ കോൺഗ്രസിൽ നിന്ന് രണ്ട് നേതാക്കളുടെ മക്കൾ കൂടി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരത്തിനുണ്ടാകുമെന്നാണ് സൂചനകൾ. ടിഎം ജേക്കബിന്റെ മകൻ അനൂപ് ജേക്കബും ആർ ബാലകൃഷ്ണ പിള്ളയുടെ മകൻ കെബി ഗണേശ് കുമാറും നിലവിൽ എംഎൽഎമാരാണ്.
മറുനാടന് മലയാളി ബ്യൂറോ