കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയിൽ നടൻ ദിലീപിനെ അറസ്റ്റു ചെയ്തതോടെ സ്വന്തം തടി രക്ഷിക്കുന്നതിനൊപ്പം മുതലാളിയെയു സഹായിക്കാൻ മാനേജർ അപ്പുണ്ണി ഒളിവിൽ പോയിരുന്നു. പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് അപ്പുണ്ണിക്ക് വേണ്ടി തിരച്ചിൽ ഊർജ്ജിതമാക്കിയതോടെ മുൻകൂർ ജാമ്യത്തിനായി അപ്പുണ്ണി എന്ന സുനിൽ രാജ് നീക്കം തുടങ്ങി. അഭിഭാഷകൻ മുഖേനെ അപ്പുണ്ണി ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ സമർപ്പിച്ചു.

നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയിൽ തനിക്ക് ബന്ധമില്ലെന്നും തന്നെയും നാദിർഷായെയും മാപ്പു സാക്ഷിയാക്കാൻ പൊലീസ് ശ്രമിക്കുന്നു' വെന്നുമാണ് അപ്പുണ്ണി ജാമ്യ ഹർജിയിൽ വ്യക്തമാക്കിയിരിക്കുന്നത്. പൊലീസ് മൂന്നാം മുറയ്ക്ക് വിധേയനാക്കുമെന്ന് ഭയപ്പെടുന്നതായും അപ്പുണ്ണി ഹർജിയിൽ വ്യക്തമാക്കുന്നു. വിഷ്ണു വിളിച്ചിരുന്നു. എന്നാൽ, ഗൂഢാലോചനയിൽ തനിക്ക് യാതൊരു ബന്ധവുമില്ലെന്നും അപ്പുണ്ണി പറയുന്നു.

കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് നിർദ്ദേശിച്ച് അപ്പുണ്ണിക്ക് പലതവണ നോട്ടീസ് അയച്ചിരുന്നെങ്കിലും ഹാജരായില്ല. നടിയെ ആക്രമിച്ച കേസിൽ ഇയാളുടെ അറസ്റ്റ് ഒഴിവാക്കാനാവില്ലെന്ന് നേരത്തെ അറിയിച്ച പൊലീസ് പിടികൂടാനായി പ്രത്യേക സംഘത്തിനും രൂപം നൽകിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട പലകാര്യങ്ങളും ഇയാൾക്ക് അറിയാമായിരുന്നെന്നാണ് പൊലീസ് കണ്ടെത്തിയിരുന്നത്. കൃത്യത്തിനുശേഷം പിടിക്കപ്പെടുമെന്നായപ്പോൾ അപ്പുണ്ണിയെ മുന്നിൽ നിർത്തി കേസ് ഒതുക്കാൻ ദീലീപ് ശ്രമിച്ചിരുന്നു. ജയിലിൽ കഴിഞ്ഞിരുന്ന സുനിൽകുമാറിന് ഇടനിലക്കാർ മുഖേന പണം കൈമാറാനും ദിലീപ് നീക്കം നടത്തിയിരുന്നു. ഇതിനെല്ലാം മുന്നിൽ നിന്നത് അപ്പുണ്ണിയാണെന്നാണ് കണ്ടെത്തൽ.

അതേസമയം അപ്പുണ്ണി സംസ്ഥാനത്തിനു പുറത്തേക്ക് കടന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. നടിയെ ഉപദ്രവിച്ച കേസിൽ പൊലീസ് തിരയുന്ന സുനിൽരാജ് (അപ്പുണ്ണി) അറസ്റ്റിലാവും മുൻപു ജാമ്യം നേടാനാണ് ദിലീപ് ശ്രമിക്കുന്നത്. മജിസ്‌ട്രേട്ട് കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ ഹൈക്കോടതിയിലേക്കും സുപ്രീം കോടതിയിലേക്കും നീങ്ങാൻ ഒരുങ്ങുകയാണു പ്രതിഭാഗം. ഇതിനിടെയാണ് പൊലീസ് പിടിയിൽ നിന്നൊഴിവാകാൻ അപ്പുണ്ണി നിയമസംരക്ഷണത്തിനു ശ്രമിക്കുന്നത്.

പൾസർ സുനിക്ക് പണം നൽകി ഒത്തുതീർപ്പിന് ശ്രമിച്ചതും അപ്പുണ്ണിയാണെന്നാണ് വിവരം. പൾസറുമായി അപ്പുണ്ണി കൂടിക്കാഴ്ച നടത്തിയതിനും ഫോൺ സംഭാഷണത്തിനും പൊലീസിന്റെ കൈവശം തെളിവുകളുണ്ട്. അന്വേഷണ സംഘം രണ്ടാമത് ചോദ്യം ചെയ്യാൻ വിളിച്ചിട്ടും ഇയാൾ എത്തിയിരുന്നില്ല. തുടർന്ന് ഏലൂരിലെ വീട്ടിൽ പൊലീസ് എത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. കൂടാതെ അപ്പുണ്ണിയെ നിലവിൽ കിട്ടിക്കൊണ്ടിരുന്ന അഞ്ച് മൊബൈൽ ഫോൺ കണക്ഷനുകളും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.

ഇതിനെ തുടർന്നാണ് അപ്പുണ്ണി ഒളിവിൽ പോയതായി പൊലീസ് അനുമാനിച്ചത്. ഗൂഢാലോചനയിൽ അപ്പുണ്ണിയുടെ പങ്ക് റിമാൻഡ് റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അപ്പുണ്ണിയെ പൊലീസ് ഒരുതവണ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ദിലീപിന്റെ അറസ്റ്റിന് പിന്നാലെയാണ് അപ്പുണ്ണി ഒളിവിൽ പോകുന്നത്. ദിലീപിനെയും അപ്പുണ്ണിയെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാൻ പൊലീസിന് ആലോചനയുണ്ടായിരുന്നു. പൾസർ സുനിയുടെ അഭിഭാഷകൻ പ്രതീഷ് ചാക്കോയുടെ മുൻകൂർ ജാമ്യാപേക്ഷയും ഹൈക്കോടതി ഇന്നാണ് പരിഗണിക്കുന്നത്.