വിജയുടെ സർക്കാർ എന്ന ചിത്രം 2006 ൽ എഴുത്തുകാരുടെ യൂണിയനിൽ റെജിസ്റ്റർ ചെയ്ത സെങ്കോൽ എന്ന സിനിമയുടെ കോപ്പിയാണെന്ന ആരോപണവുമായി തിരക്കഥാകൃത്തും എഴുത്തുകാരനുമായ വരുൺ രാജേന്ദ്രൻ രംഗത്ത്.

ദീപാവലി റിലീസിനായി ഒരുങ്ങുന്ന വിജയ് ചിത്രമാണ് സർക്കാർ. സിനിമയുടെ ടീസർ വെള്ളിയാഴ്‌ച്ച റിലീസ് ആയിരുന്നു.മുരുകദാസിനെതിരെ വരുൺ രാജേന്ദ്രൻ തെന്നിന്ത്യൻ ചലച്ചിത്ര എഴുത്തുകാരുടെ സംഘടനയിൽ പരാതി നൽകിയിരിക്കുകയാണ്. നടനും സംവിധായകനുമായ കെ. ഭാഗ്യരാജ് ആണ് സംഘടനയുടെ പ്രസിഡന്റ്. ഭാഗ്യരാജ് ഇരുവരെയും ചർച്ചക്ക് വിളിച്ചിരിക്കുകയാണ്.

മുരുകദാസിനെതിരെ കോപ്പിയടി ആരോപണ ഇതാദ്യമായല്ല. 2004 ൽ പുറത്തിറക്കിയ ഗജനി എന്ന സിനിമക്ക് ക്രിസ്റ്റഫർ നോളന്റെ മെമെന്റോ എന്ന ഹോളിവുഡ് സിനിമയുമായി സാമ്യമുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു.വിജയ് തന്നെ അഭിനയിച്ച മുരുകദാസിന്റെ മറ്റൊരു ചിത്രമായ കത്തിക്കെതിരെ മിഞ്ജുർ ഗോപി എന്ന എഴുത്തുകാരനും രംഗത്ത് വന്നിരുന്നു. കൃത്യമായ തെളിവുകൾ ഇല്ലാത്തതിനാൽ പിന്മാറുകയാണ് ഉണ്ടായത്.