- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കുഞ്ഞാലിക്കുട്ടിയെ ലക്ഷ്യം വെച്ച ജലീലിന്റെ അമ്പ് തറച്ചത് സിപിഎമ്മിന്റെ നെഞ്ചിൽ; സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ മോഹൻദാസിന്റെ ഒമ്പത് ബന്ധുക്കളുടെ പേരിൽ കണ്ടുകെട്ടിയത് കോടിക്കളുടെ നിക്ഷേപം; എആർ നഗർ ബാങ്കിൽ ജലീലിനെ പിണറായി തള്ളുന്നതിന് പിന്നിലെ കഥ
മലപ്പുറം എ.ആർ നഗർ സഹകരണബാങ്കിലെ കള്ളപ്പണങ്ങളുടെ ലിസ്റ്റ് പുറത്തുവരുമ്പോൾ കൂടുതൽ തിരിച്ചടി സിപിഎമ്മിന് തന്നെ. 1021 കോടിയുടെ കള്ളപ്പണ, ബിനാമി ഇടപാടുകളിൽ പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ കെ.ടി ജലീൽ എയ്ത അമ്പ് തറച്ചത് യഥാർഥത്തിൽ സിപിഎം നേതൃത്വത്തിന്റെ നെഞ്ചിലാണ്. ഇതുകൊണ്ടാണ് ഈ വിഷയത്തിൽ ഇടപെടരുതെന്ന് കെടി ജലീലിനോട് സിപിഎം ആവശ്യപ്പെടുന്നത്. ഈ കേസ് ഇഡി തുറന്നാൽ സിപിഎമ്മുകാരും കുടുങ്ങുമെന്നതാണ് വസ്തുത.
ഈ സാഹചര്യത്തിലാണ് കെടി ജലീലിനെ നേരിട്ട് തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിച്ചത്. സഹകരണ വിഷയം ചർച്ചയാക്കിയാൽ അതിൽ കേന്ദ്ര ആഭ്യന്തരമന്ത്രിയും സഹകരണ മന്ത്രിയുമായ അമിത് ഷാ ഇടപെടും. ഈ സാഹചര്യത്തിലാണ് ജലീലിന് സിപിഎം മുന്നറിയിപ്പുകൾ നൽകുന്നത്. കുഞ്ഞാലിക്കുട്ടിയുടെ മകൻ ആഷിഖിന്റെ പേരിലുള്ള മൂന്നു കോടി നിക്ഷേപം കണ്ടെത്തിയപ്പോൾ സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എൻ മോഹൻദാസിന്റെ ഒമ്പത് ബന്ധുക്കളുടെ പേരിൽ കണ്ടുകെട്ടിയത് കോടിക്കണക്കിന് രൂപയുടെ നിക്ഷേപമാണ്. ജലീൽ കുഞ്ഞാലിക്കുട്ടിയുടെ ബിനാമിയെന്ന് വിശേഷിച്ച ബാങ്കിന്റെ മുൻ സെക്രട്ടറിയും നിലവിലെ അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസറുമായ വി.കെ ഹരികുമാർ സിപിഎം ജില്ലാ സെക്രട്ടറിയുടെ മാതൃസഹോദരീപുത്രിയുടെ ഭർത്താവാണ്.
ജില്ലാ സെക്രട്ടറിയുടെ മാതൃസഹോദരീ പുത്രി ഹരികുമാറിന്റെ ഭാര്യകൂടിയായ ബാങ്കിന്റെ അസിസ്റ്റന്റ് സെക്രട്ടറി ഇ.എൻ ചന്ദ്രിക, ഇവരുടെ മക്കളായ ഹേമ, രേഷ്മ, ജില്ലാ സെക്രട്ടറിയുടെ മറ്റ് ബന്ധുക്കളായ ഇ.എൻ ഗോവിന്ദൻ, ബിജുരാജ്, മനു ബാലകൃഷ്ണൻ, ഇ.എൻ ശ്രീനാരായൺ, ഇ.എൻ ജയശ്രീ എന്നിവരുടെ ബാങ്കിലെ 47 അക്കൗണ്ടുകളിലായുള്ള കോടിക്കണക്കിന് രൂപയാണ് ആദായനികുതിവകുപ്പ് കണ്ടുകെട്ടിയത്.
സംസ്ഥാനത്തെ സഹകരണബാങ്കുകളിൽ ഇവരുടെ പേരിലോ, ബിനാമിപേരിലോ ഉള്ള നിക്ഷേപങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ആവശ്യപ്പെട്ട് ആദായനികുതിവകുപ്പ് സഹകരണ രജ്സിട്രാർക്ക് കത്തും നൽകിയിട്ടുണ്ട്.
ആദായനികുതിവകുപ്പ് റെയ്ഡിൽ ബാങ്കിൽ നിക്ഷേപിച്ച 103 കോടി രൂപ കണ്ടുകെട്ടിയപ്പോഴാണ് അതിൽ കുഞ്ഞാലിക്കുട്ടിയുടെ മകൻ ആഷികിന്റെ മൂന്നുകോടിയുംപെട്ടത്. നിക്ഷേപത്തിന്റെ പലിശയായി 1.14കോടി രൂപ ആഷിഖ് കൈപ്പറ്റുകയും ചെയ്തിരുന്നു. ഇൻകം ടാക്സ് നോട്ടീസ് നൽകിയതിനെ തുടർന്ന് 37ലക്ഷം രൂപ പിഴ അടച്ചതോടെ കുഞ്ഞാലിക്കുട്ടിയുടെ മകന് നിക്ഷേപം പിൻവലിക്കാൻ ആദായ നികുതി വകുപ്പ് അനുമതി നൽകിയിട്ടുണ്ട്. അതേ സമയം സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിയുടെ ഒമ്പത് ബന്ധുക്കളുടെ ബിനാമി അക്കൗണ്ടുകൾ കണ്ടുകെട്ടിയിരിക്കുകയാണിപ്പോൾആദായനികുതി വകുപ്പ്.
എ.ആർ നഗർബാങ്കിൽ ബിനാമി അക്കൗണ്ടുകൾ വഴി കോടികളുടെ അഴിമതിയും ക്രമക്കേടും നടത്തിയെന്ന് സഹകരണ വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയ ബാങ്ക് സെക്രട്ടറി വി.കെ ഹരികുമാറിന് വിരമിച്ച ശേഷം സഹകരണ നിയമത്തിനു വിരുദ്ധമായി അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസറായി വഴിവിട്ട് നിയമിച്ചത് മുൻ സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രനാണെന്ന ആരോപണം നിലനിൽക്കുകയാണ്് എസ്.എസ്.എൽ.സിയും ജെ.ഡി.സിയും മാത്രം വിദ്യാഭ്യാസയോഗ്യതയുള്ള ഹരികുമാറിനെയാണ് സംസ്ഥാനത്താദ്യമായി വിദഗ്ദനെന്ന നിലയിൽ അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസറായി നിയമിച്ചതെന്ന ആരോ പണവും സിപിഎം നേതൃത്വത്തെ വെട്ടിലാക്കുന്നുണ്ട്.
സഹകരണ നിയമത്തിൽ പറയാത്തതാണ് അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ തസ്തികയെന്നും ബാങ്കിൽ അഴിമതി നടത്തിയ ഹരികുമാറിനെ നിയമിക്കരുതെന്നും യൂണിറ്റ് ഇൻസ്പെക്ടർ മുതൽ സഹകരണ രജിസ്ടാർ വരെ 26 കുറ്റങ്ങളോളം കണ്ടെത്തിയാണ് ഹരികുമാറിന്റെ അപേക്ഷ അന്നത്തെ സഹകരണ രജിസ്ട്രാർ മിനി ആന്റണി ഐ.എ.എസ് തള്ളിയത്. തുടർന്ന് വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് അപ്പീൽ നൽകിയാണ് ഹരികുമാറിനെ വഴിവിട്ട് അഡ്‌മിനിസ്ട്രേറ്ററായി നിയമിച്ചതെന്നാണ് ആരോപണം.
സഹകരണ രജീസ്ട്രാറുടെ ഉത്തരവുപോലും തള്ളിക്കൊണ്ട് നോട്ടെഴുതിയാണ് ഹരികുമാറിനെ 60,000 രൂപ മാസശമ്പളത്തിൽ സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രൻ അഡ്‌മിനിസ്ട്രേറ്ററായി നിയമിച്ചത്. ഇതിനു പുറമെ അഴിമതിക്കാരനാണെന്ന് സഹകരണ വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയ ഹരികുമാറിനെ ബാങ്കിങ്മേഖല ആധുനീകരിക്കാനുള്ള സംസ്ഥാനതല കമ്മിറ്റി സ്ഥാനവും നൽകി . ഈ വഴിവിട്ട സഹായങ്ങൾക്കുള്ള പ്രത്യുപകാരമായി സിപിഎം സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി അബ്ദൽറഷീദിന്റെ മകൻ അസീമിന് മുസ്ലിം ലീഗ് ഭരിക്കുന്ന വേങ്ങര സഹകരണബാങ്കിൽ ജോലിയും നൽകിയതായും ആരോപണമുണ്ട്.
യൂത്ത്ലീഗ് നേതാക്കൾക്കുവരെ 17ലക്ഷം കോഴവാങ്ങി നൽകിയ തസ്തികയാണ് മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുടെ മകന് സൗജന്യമായി നൽകിയത്. മലപ്പുറത്ത് സഹകരണമേഖലയിലെ സിപിഎം-മുസ്ലിം ലീഗ് അന്തർധാരപുറത്തുവന്നാൽ സിപിഎം വെട്ടിലാകുമെന്ന് കണ്ടാണ് കെ.ടി ജലീലിനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻതന്നെ രംഗത്തെത്തിയതെന്ന ആരോപണവും നിലനിൽക്കുന്നുണ്ട്.
കേരളത്തിലെ സഹകരണ മേഖലയിൽ കേന്ദ്ര അന്വേഷണ ഏജൻസികൾ ഇടപെടുന്നതിലുള്ള അതൃപ്തിയാണെന്ന് പുറത്തുപറയുമ്പോഴും രഹസ്യഇടപാടുകളുടെ ഉള്ളറകൾ പുറത്തുവരാതിരിക്കാനാണെന്ന ആരോപണവുമുണ്ട്.